റിയാദ് - ദക്ഷിണ സൗദിയില്‍ അസീര്‍ പ്രവിശ്യയില്‍ അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്നും ഉത്തര സൗദിയില്‍ അല്‍ഹദീഥ അതിര്‍ത്തി പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരവും സുരക്ഷാ വകുപ്പുകള്‍ പിടികൂടി. അസീറില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറ്റക്കാരാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. 44 കിലോ ഹഷീഷും മൂന്നു യന്ത്രത്തോക്കുകളും വെടിയുണ്ടകളും നുഴഞ്ഞുകയറ്റക്കാരുടെ പക്കല്‍ കണ്ടെത്തി. മയക്കുമരുന്ന് കടത്തുകാരെ സുരക്ഷാ സൈനികര്‍ പിടികൂടി. നിയമാനുസൃത നടപടികള്‍ക്ക് തൊണ്ടി സഹിതം ഇവരെ പിന്നീട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിന് കൈമാറി.
അല്‍ഹദീഥ അതിര്‍ത്തി പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച 26,09,202 ലഹരി ഗുളികകള്‍ കസ്റ്റംസ് പിടികൂടി. രണ്ടു ശ്രമങ്ങളിലായാണ് ഇത്രയും മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ചരക്ക് ലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചും ഗ്രാനൈറ്റ് ലോഡിനകത്ത് ഒളിപ്പിച്ചുമാണ് മയക്കുമരുന്ന് ഗുളിക ശേഖരങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. മയക്കുമരുന്ന് ശേഖരം രാജ്യത്തിനകത്ത് സ്വീകരിച്ചവരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി സഹകരിച്ച് പിന്നീട് അറസ്റ്റ് ചെയ്തു. അഞ്ചു പേരാണ് അറസ്റ്റിലായതെന്ന് സൗദി കസ്റ്റംസ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ അലി അല്‍നഈം പറഞ്ഞു.