Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിഗ്നേഷ് വിജയിക്കണം,  ഇന്ത്യൻ ജനാധിപത്യവും

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ പ്രഖ്യാപനം ഇന്ത്യയിലെ ദളിതർക്കു മാത്രമല്ല, മുഴുവൻ ചൂഷിതവിഭാഗങ്ങൾക്കും നൽകുന്ന ആവേശം ചെറുതാവില്ല. കാലത്തിന്റെ വിളി തിരിച്ചറിയാൻ തയ്യാറായ കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും പ്രസ്തുത സീറ്റിൽ മത്സരിക്കാതെ മേവാനിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതും ജനാധിപത്യവിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നു. മേവാനി മത്സരിക്കുന്ന വാദ്ഗാമിൽ മാത്രമല്ല, മുഴുവൻ ഗുജറാത്തിലും അതിശക്തമായ പോരാട്ടമാണ് ബിജെപി നേരിടുന്നത്. മഹാറാലികൾ നടത്തി അതിനെ നേരിടാനുള്ള മോഡിയുടെ ശ്രമം ഇത്തവണ വിജയിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. ബിജെപിയുടെ ഗുജറാത്തിലെ പരാജയം പ്രഖ്യാപിക്കുക ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമായിരിക്കും. 
പത്രികസമർപ്പണത്തിന്റെ അവസാനദിനമായ ഇന്നലെ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിൽ നിന്നും മേവാനി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പട്ടിക ജാതി സംവരണ മണ്ഡലമാണിത്.
നേരത്തെ കോൺഗ്രസിന് പിന്തുണയുമായി മേവാനി രംഗത്തെത്തിയിരുന്നു. ലയന ചർച്ചകൾക്ക് സൂചന നൽകി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ചയും നടത്തിയിരുന്നു. എന്നാൽ കോൺഗ്രസ്, മൂന്നാം സ്ഥാനാർത്ഥി പട്ടികയും പുറത്തുവിട്ടതിന് പിന്നാലെയാണ് സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനവുമായി ജിഗ്നേഷ് രംഗത്തെത്തിയത്.
മേവാനി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎ മണിഭായ് വഗേല മത്സരത്തിൽ നിന്നും പിന്മാറി. കാലത്തിന്റെ വിളിയാണ് മേവാനിയും കോൺഗ്രസ്സും കേട്ടിരിക്കുന്നത്. മേവാനി മാത്രമല്ല ഹാർദിക് പട്ടേൽ, അൽപേഷ് ഠാക്കൂർ തുടങ്ങിയ യുവനേതാക്കളും. 
താക്കൂർ സമുദായത്തിന്റെ ശക്തി കേന്ദ്രമായ രാധൻപൂർ മണ്ഡലത്തിലാകും അടുത്തിടെ കോൺഗ്രസിൽ ചേർന്ന അൽപേഷ് താക്കൂർ മത്സരിക്കുക. ജെ.ഡി(യു) മുൻ എം.എൽ.എ. ഛോട്ടുഭായ് വാസവയുടെ നേതൃത്വത്തിലുള്ളതാണ് ഭാരതീയ ട്രൈബൽ പാർട്ടിയും ഈ സഖ്യത്തിൽ അണിനിരക്കുന്നു. ഇവരെയെല്ലാം യോജിപ്പിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിയും രാഷ്ട്രീയമായ പക്വതയാണ് വെളിവാക്കുന്നത്. സംവരണത്തിന്റെ പേരിൽ ഭാവിയിൽ ഈ സഖ്യത്തിൽ അഭിപ്രായഭിന്നതയുണ്ടാകുമെന്നുറപ്പ്. എന്നാലും ഇനിയും ഫാസിസം വന്നോ ഇല്ലയോ എന്ന ചോദ്യമുയർത്തി, സാമ്പത്തിക നയങ്ങളുടെ പേരിൽ ബിജെപിയേയും കോൺഗ്രസ്സിനേയും ഒരു പോലെ കാണുന്നവർ ഇന്ത്യൻ ജനാധിപത്യത്തിന്റെ കൂടെയല്ല എന്നു തന്നെ പറയേണ്ടിവരും. പ്രത്യേകിച്ച് ഇടതുപക്ഷ കക്ഷികൾ. കാരണം ഇപ്പോഴത്തെ പ്രധാന ചോദ്യം ഇന്ത്യൻ ജനാധിപത്യം അതിജീവിക്കണോ എന്നതു തന്നെയാണ്. 
അതിനിടെ തെരഞ്ഞെടുപ്പു വേളകളിലെല്ലാം പതിവുള്ള തന്ത്രങ്ങളുമായാണ് ബിജെപി മുന്നോട്ടുപോകുന്നത്. മുസ്ലിങ്ങൾ ഭയപ്പെടണമെന്ന സന്ദേശം നൽകുന്ന പുതിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഹിന്ദുത്വ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നത്. മോഡിയുള്ളത് മാത്രമാണ് ആശ്വാസമെന്നു പ്രഖ്യാപിക്കുന്ന വിദ്വേഷം പരത്തുന്ന വീഡിയോ പ്രചരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. ഗോവിന്ദ് പാർമർ തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.
വർഗ്ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കു പുറമെ അഴിമതിയും മോഡിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങൾ സൃഷ്ടിച്ച പ്രശ്‌നങ്ങളും വ്യാപാരസമൂഹത്തിന്റെ പ്രതിസന്ധിയുമെല്ലാം ചർച്ചാ വിഷയമാക്കാൻ കോൺഗ്രസ്സ് ശ്രമിക്കുന്നുണ്ട്.  പാർലമെന്റിന്റെ ശീതകാല സമ്മേളനം ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിയത് റഫേൽ-ജയ്ഷാ വിഷയങ്ങളിലെ സത്യം ജനങ്ങൾ അറിയുമെന്ന ഭയം കൊണ്ടെന്ന് രാഹുൽഗാന്ധി പറയുന്നു. ഫ്രഞ്ച് കമ്പനിയായ റഫേലിലുമായി ഒപ്പുവെച്ച ആദ്യത്തെ കരാറും രണ്ടാമത്തെ കരാറും തമ്മിൽ, വിമാനങ്ങളുടെ വിലയിൽ എന്തുമാറ്റമാണ് ഉള്ളത്? ആദ്യത്തേതിനാണോ രണ്ടാമത്തേതിനാണോ കൂടുതൽ തുക ചെലവഴിക്കുന്നത്? കരാർ ലഭിച്ച കമ്പനി ഏതെങ്കിലും കാലത്ത് വിമാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ?  ഒരു വിദേശ കമ്പനിയുമായി പ്രതിരോധ കരാർ ഒപ്പുവെക്കേണ്ട നടപടി ക്രമങ്ങൾ  പാലിച്ചിട്ടുണ്ടോ? കരാറിന് മുമ്പ് സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് സമിതിയുടെ അനുമതി വാങ്ങിയിട്ടുണ്ടോ? തുടങ്ങിയ തന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹം മോഡിയെ വെല്ലുവിളിക്കുന്നു. തന്നോട് ചോദ്യം ചോദിക്കുന്ന പോലെ മാധ്യമങ്ങളടക്കം ആരും മോഡിയോട് ചോദിക്കാത്തതെന്തെന്നും രാഹുൽ ചോദിക്കുന്നു. 
കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡൽ വികസനം നരേന്ദ്രമോഡി മാർക്കറ്റിങ് മോഡലാണെന്നും ഭരണം 510 വ്യവസായികൾക്ക് മാത്രമായി ചുരുങ്ങിയെന്നും സംസ്ഥാനം കർഷകരുടേതും തൊഴിലാളികളുടേതും ചെറുകിട കച്ചവടക്കാരുടേതും കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ പ്രധാനമായ ഒന്നായി വരുന്ന ഗുജറാത്ത് തെരഞ്ഞെുപ്പ് മാറുകയാണ്.  2019ലെ ലോകസഭാ തെരഞ്ഞെടുപ്പിനെയും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജണ്ടയേയും ഈ തെരഞ്ഞെടുപ്പു ഫലം സ്വാധീനിക്കുമെന്നതിൽ സംശയമില്ല. കോൺഗ്രസ്സിനെ സംബന്ധിച്ചും ഇത് വളരെ പ്രധാനമാണ്. 
ഫലം മോശമായാൽ പാർട്ടിയിലെ വടക്കേ ഇന്ത്യൻ ഹിന്ദു നേതാക്കളിൽ ഒരു നല്ല വിഭാഗം ബി ജെ പിയിൽ പോകുമെന്ന് രാഹുലിനുമറിയാം.  രാഹുലിന്റെ കോൺഗ്രസ്സിലെ സ്ഥാനത്തിനും മെച്ചപ്പെട്ട പ്രകടനം അനിവാര്യമാണ്. 1995 മുതൽ തുടർച്ചയായി അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് ഇവിടെ ബിജെപി ജയിച്ചത്.  എന്നാൽ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സ്ഥിതിഗതികളിൽ വലിയ മാറ്റംവന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഉനാ സംഭവത്തെതുടർന്നുള്ള ദളിത് പ്രക്ഷോഭവും സംവരണം ആവശ്യപ്പെട്ടുള്ള പട്ടേൽ പ്രക്ഷോഭവും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒബിസി വിഭാഗങ്ങൾ കൂട്ടായി നടത്തിയ പ്രക്ഷോഭവും ജിഎസ്ടിയും നോട്ടുനിരോധനവും  മൂലം കനത്ത പ്രതിസന്ധിയിലുള്ള ചെറുകിട വ്യാപാരി  വ്യവസായികളുടെ നിലപാടുമൊക്കെയാണ് ബിജെപിക്ക് ഭീഷണി ഉയർത്തിയിരിക്കുന്നത്. ഡിസംബർ 9, 14 തീയതികളിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ ഒൻപതിന് നടക്കുന്ന ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളിലേക്കും പതിനാലിന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളുടെയും ജനവിധി കുറിക്കപ്പെടും. ഇന്ത്യൻ ജനാധിപത്യചരിത്രത്തിൽ ഗുജറാത്ത് ചരിത്രമെഴുതുമോ എന്ന് ഡിസംബർ 18നറിയാം.
 

Latest News