Sorry, you need to enable JavaScript to visit this website.
Friday , May   07, 2021
Friday , May   07, 2021

മമതയും രാഹുലും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ബി.ജെ.പിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്. ബി.ജെപിക്ക് അത് പ്രാദേശിക രാഷ്ട്രീയ കക്ഷികളെ തൂത്തെറിയാനുള്ള അവസരമാണെങ്കിൽ, കോൺഗ്രസിനത് രാഹുലിന്റെ പ്രസക്തി വിളിച്ചോതാനുള്ള സന്ദർഭമാണ്. മമതയെ ദുർബലയാക്കിയാൽ ഫെഡറലിസത്തിന്റെ മരണ മണിയായിരിക്കും അതെന്ന് ബി.ജെ.പിക്കറിയാം.

സർവാധികാര വിഭൂഷിതരെങ്കിലും ഭാരതീയ ജനതാപാർട്ടിക്ക് കേരളമടക്കം ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകൾ നിർണായകമാണ്. ദേശീയ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിക്കും അതെ. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് നേരിട്ട് അധികാരത്തിലെത്താവുന്നത് കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ്. സഖ്യത്തിന്റ ഭാഗമായി അധികാരം കിട്ടാവുന്ന തമിഴ്‌നാട്, ബംഗാൾ എന്നിവയുമുണ്ട്. ഇതിൽ പുതുച്ചേരിയും അസമും ബി.ജെ.പിക്കൊപ്പം നിൽക്കുമെന്നാണ് പ്രാഥമിക സൂചന. തമിഴ്‌നാട്ടിലും ബംഗാളിലും കനത്ത പോരാട്ടം തന്നെ നടക്കും. കോൺഗ്രസിന് ഉയർത്തിക്കാണിക്കാവുന്ന ഒരേയൊരു സംസ്ഥാനമായി അതിനാൽ കേരളം മാറുകയാണ്. ഇവിടെ വിജയിച്ചില്ലെങ്കിൽ കോൺഗ്രസ് മുക്ത ഭാരതത്തിന് ദക്ഷിണേന്ത്യ ആദ്യമായി സാക്ഷ്യം വഹിക്കും.


നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലിൽ ദേശീയ രാഷ്ട്രീയത്തെ തന്നെ നിർണായകമായി സ്വാധീനിക്കാവുന്ന രണ്ട് രാഷ്ട്രീയ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞിരിക്കുന്നു. അതിലൊന്ന്, പശ്ചിമ ബംഗാളിന്റെ കാര്യത്തിൽ ബി.ജെ.പി കാട്ടുന്ന അമിത താൽപര്യവും പരിശ്രമവുമാണ്. രണ്ടാമത്തേത്, കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തു വരികയും പാർട്ടി നെടുകെ പിളരാനുള്ള സാധ്യതയിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യുന്നുവെന്നതാണ്. 
പശ്ചിമ ബംഗാളാണ് ബി.ജെ.പി കണ്ണുവെച്ചിരിക്കുന്ന സംസ്ഥാനം. ഇത്തവണ അവിടെ ജീവൻമരണ പോരാട്ടമാണ്. ഏറ്റവുമവസാനം നടന്ന തെരഞ്ഞെടുപ്പ് സർവേയിലും മമതക്ക് തന്നെയാണ് മുൻതൂക്കമെങ്കിലും ബി.ജെ.പി വിട്ടുകൊടുക്കില്ല. തെരഞ്ഞെടുപ്പിൽ ജയിക്കാനായില്ലെങ്കിൽ ഓപറേഷൻ താമരയിലൂടെയെങ്കിലും ബംഗാളിൽ അധികാരത്തിലെത്താൻ അവർ ശ്രമിക്കും. അതിനാൽ കൂറുമാറാത്ത സ്ഥാനാർഥികളെ കണ്ടെത്താൻ മമത ഭഗീരഥയത്‌നം തന്നെ നടത്തേണ്ടിവരും. കോൺഗ്രസും അതെ.


ബംഗാളിന്റെ തെരഞ്ഞെടുപ്പ് ചരിത്രം എപ്പോഴും പ്രവചനങ്ങൾക്ക് അപ്പുറമായിരുന്നു. പ്രതീക്ഷകളെ അട്ടിമറിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് എല്ലാക്കാലത്തും അവിടെ വോട്ടെടുപ്പ്. 2021 ലെ തെരഞ്ഞെടുപ്പ് സവിശേഷമാകുന്നത് ദേശീയതയും തദ്ദേശീയതയും തമ്മിലുളള ഏറ്റുമുട്ടൽ എന്ന നിലക്കാണ്. ബംഗാളിന്റെ സ്വത്വം ഉയർത്തിക്കാണിച്ചാണ് മമത ഇത്തവണ പടയോട്ടം നടത്തുക. വംഗനാടിന്റെ മകൾ എന്നതാണ് മമതയുടെ മുഖ്യവിശേഷണം. പാർട്ടിയിൽ അണിനിരന്ന അനേകം ബംഗാളി വനിതകളെ അണിനിരത്തി മമതയെ അമ്മായി ആക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെങ്കിലും മമതയുടെ സ്വത്വ പ്രയോഗത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. അത് വർഗീയ ഹിന്ദുത്വത്തിനെതിരായ രാഷ്ട്രീയം തന്നെയാണ്.
ബംഗാളി സ്വത്വം മമത ഉയർത്തിക്കാണിക്കുന്നത്, ദേശീയ രാഷ്ട്രഘടനയെ ഭീഷണിപ്പെടുത്തുന്ന ഹിംസാത്മക വർഗീയതയുടെ ബദൽ ആയാണ് എന്നതാണ് ഇതിലെ രാഷ്ട്രീയം. അതിനാൽ ഏതാനും ബംഗാളി വനിതാ നേതാക്കളെ ഉയർത്തിക്കാട്ടി ബി.ജെ.പിക്ക് മമതയുടെ തദ്ദേശീയതയെ എതിരിടാനാവില്ല. അതാണ് സൗരവ് ഗാംഗുലിയെപ്പോലെ ബംഗാളി സ്വത്വത്തെ കൂടുതൽ പ്രതിനിധീകരിക്കാൻ കഴിയുന്ന വ്യക്തികളെ മുന്നിലേക്ക് നിർത്താൻ അവർ ശ്രമിക്കുന്നത്.


ജനാധിപത്യത്തിന്റെ സമകാലീന പ്രതിനിധാനങ്ങളിൽ ബംഗാൾ രാഷ്ട്രീയം ഈ സ്വത്വവത്കരണത്തിലൂടെ കടന്നുകയറാൻ ശ്രമിക്കുന്നതിന്റെ വ്യക്തമായ സൂചനകൾ ഇത്തവണ കാണാം. ബംഗാളിന്റെ സവിശേഷ രാഷ്ട്രീയത്തെ അത് പ്രതിഫലിപ്പിക്കുന്നുമുണ്ട്. വംഗനാടിന്റെ മൗലികമായ രാഷ്ട്രീയ പ്രക്രിയയെ അപകടപ്പെടുത്തുന്ന ചിന്താധാരകളെ ജനങ്ങൾ എപ്രകാരം പ്രതിരോധിക്കുന്നുവെന്നത് ഈ തെരഞ്ഞെടുപ്പിൽ വളരെ പ്രധാനമാണ്. അത് ബംഗാളിന്റെ നിലനിൽപിന്റെ പ്രശ്‌നം കൂടിയായാണ് മമത അവതരിപ്പിക്കുന്നത്. നിരന്തരമായ കൂറുമാറ്റങ്ങൾക്കും രാഷ്ട്രീയ തിരിച്ചടികൾക്കും ശേഷവും മമതയോട് ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെ കാരണവുമതാണ്.


പക്ഷേ വ്യത്യസ്ത ദിശകളിൽനിന്ന് വരുന്ന ആക്രമണങ്ങളെ ഒറ്റക്ക് പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് അവർ. കേന്ദ്രാധികാരത്തിന്റെ സർവശക്തിയുമുപയോഗിച്ചാണ് ബി.ജെ.പിയുടെ വരവ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും പല തവണ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. 2020 ഡിസംബർ 18 ന് കിഴക്കൻ മിഡ്‌നാപുരിൽ ഏറെ സ്വാധീനമുള്ള നേതാവ് സുവേന്ദു അധികാരിയുടെ കൂറുമാറ്റം മുതൽ മമത നെട്ടോട്ടമോടാൻ തുടങ്ങിയതാണ്. ബി.ജെ.പി മാത്രമല്ല അവിടെ മമത വിരുദ്ധർ. കോൺഗ്രസും സി.പി.എമ്മും ഒരേ സഖ്യത്തിൽനിന്ന് മമതയെ നേരിടുകയാണ്. മമത വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ ഇതിടയാക്കുമെന്ന നല്ല വശമാണ് ടി.എം.സി ഇതിൽ കാണുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുമെന്ന ദോഷ വശവുമുണ്ട്. എങ്കിലും ബംഗാൾ ജനതയിൽ ആഴത്തിൽ വേരിറക്കാൻ ബി.ജെ.പിക്ക് കഴിയാത്തതിനാൽ അത് തിരിച്ചടിയാവില്ല എന്നാണ് മമത ക്യാമ്പ് ആശ്വാസം കൊളളുന്നത്. ബി.ജെ.പി നൂറു സീറ്റിലൊതുങ്ങുമെന്ന അഭിപ്രായ സർവേ ഫലത്തിന്റെ അടിസ്ഥാനവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനവും ഈ യാഥാർഥ്യമാണ്. 


ബി.ജെ.പിയുടെ ഹിന്ദുത്വവും തൃണമൂലിന്റെ മതേതരത്വവും എന്ന നിലയിൽനിന്ന് തെരഞ്ഞെടുപ്പിനെ നരേന്ദ്ര മോഡി സർക്കാരിന്റെ റഫറണ്ടമാക്കി മാറ്റാനും മമത പരമാവധി ശ്രമിക്കുന്നുണ്ട്. പെട്രോൾ വില പിടിച്ചുനിർത്തുന്നതിൽ സർക്കാരിന്റെ പരാജയത്തിനെതിരെ അവർ ആഞ്ഞടിക്കുന്നു. മണ്ണെണ്ണ സബ്‌സിഡി നിർത്തലാക്കിയതിൽ പ്രതിഷേധിക്കുന്നു. വിപണിയിൽ മണ്ണെണ്ണ കിട്ടാനില്ലാത്ത സാഹചര്യമുളവായത് മോഡി സർക്കാരിനെതിരായ ചാട്ടുളിയാക്കുന്നു. ഡൺലപിൽ (നേരത്തെ ടയർ കമ്പനിയായിരുന്ന ഇവിടെ ഇന്ന് വലിയ മൈതാനമാണ്) പൊതുയോഗത്തിൽ സംസാരിച്ച ശേഷം ഒരു ഇ സ്‌കൂട്ടറിൽ തന്റെ ഓഫീസിലേക്ക് യാത്ര ചെയ്ത് ഈ ദുരവസ്ഥയെ അവർ പ്രതീകാത്മകമായി ചിത്രീകരിക്കുകയും ചെയ്തു. കേവലമായ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന നിലയിൽനിന്ന് മോഡി ഭരണത്തെക്കുറിച്ച ഒരു ഭാഗിക റഫറണ്ടമായി തെരഞ്ഞെടുപ്പിനെ മാറ്റിയെടുക്കാൻ കഴിഞ്ഞാൽ അത് മമതക്ക് വലിയ നേട്ടമായിരിക്കും.
ബംഗാളിനെ ബി.ജെ.പി നോട്ടമിടുന്നതിൽ പല ലക്ഷ്യങ്ങളുമുണ്ട്. അവരുടെ പ്രഖ്യാപിത ലക്ഷ്യമായ കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സ്വീകരിച്ച സംസ്ഥാനമാണത്. അതേസമയം, രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ ഉജ്വലമായി പ്രതിനിധീകരിക്കുന്ന മമത ബാനർജിയെ അവസാനിപ്പിക്കുകയും വേണം. 


രാഷ്ട്ര നിർമാണത്തിൽ ഫെഡറലിസത്തിന്റെ പങ്ക് ഒട്ടും അംഗീകരിക്കുന്ന പാർട്ടിയല്ല ബി.ജെ.പി. വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്ത് രൂപപ്പെടുത്തുന്ന ഏകാത്മക ഭാരതമാണ് അവരുടെ ലക്ഷ്യം. അതിനാൽ മമത ബാനർജി അവരുടെ വലിയ ലക്ഷ്യമാണ്. ബംഗാളിൽ മമതയുടെ ശക്തി ക്ഷയിക്കുന്നതോടെ ഫെഡറലിസത്തിന്റെ മരണമണി മുഴങ്ങുമെന്നുറപ്പാണ്. തനതുരാഷ്ട്രീയത്തിന്റെ സവിശേഷതകളുമായി പിന്നെയധികം സംസ്ഥാനങ്ങളില്ല. തമിഴ്‌നാട് രാഷ്ട്രീയം ശിഥിലമാണ്. ഒഡിഷയിൽ നവീൻ പട്‌നായിക് ബി.ജെ.പിയോട് എതിർപ്പുള്ളയാളല്ല. 
ബി.ജെ.പിയുടെ പ്രഖ്യാപിത പരിപാടിയായ പൗരത്വ നിയമം നടപ്പാക്കുന്നതിലെ മുഖ്യ കീറാമുട്ടി മമതയായിരിക്കും എന്നതാണ് അവരെ തൂത്തെറിയാൻ പാർട്ടിയെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. കുടിയേറ്റക്കാരായ ബംഗ്ലാദേശികളുടെ സാന്നിധ്യവും മമതയുടെ മുസ്‌ലിം അനുകൂല നിലപാടും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. അതിനാൽ ഈ തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ച് നിർണായകമാണ്. 


കോൺഗ്രസിൽ കൂടുതൽ ഒറ്റപ്പെടുന്ന രാഹുൽ ഗാന്ധിയാണ് തെരഞ്ഞെടുപ്പിന് മുന്നിലെ മറ്റൊരു കാഴ്ച. ഏതാണ്ട് തനിച്ചാണ് അദ്ദേഹം മോഡി വിരുദ്ധ പോരാട്ടം തുടരുന്നത്. ഉത്തരേന്ത്യയിൽ പ്രിയങ്ക കുറേയൊക്കെ സഹായിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമാന സ്ഥിതിയായിരുന്നു. ഗുലാം നബിയും കപിൽ സിബലും ആനന്ദ് ശർമയുമൊക്കെ മാറിനിൽക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത, ഉത്തരേന്ത്യയിൽ വേരുകളില്ലാത്ത എ.കെ. ആന്റണിയും കെ.സി. വേണുഗോപാലുമൊക്കെയാണ് രാഹുലിനൊപ്പം. സ്ഥിതിഗതികൾ ഇങ്ങനെ തുടർന്നാൽ കോൺഗ്രസിനെ ബി.ജെ.പി നെടുകെ പിളർത്താനുള്ള സാധ്യതകൾ പോലും തള്ളാനാവില്ല. വലിയ ആപത് സൂചനയാണ് കശ്മീരിലെ കോൺഗ്രസ് നേതാക്കളുടെ സമ്മേളനം നൽകുന്നത്. ഈ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കേണ്ടത് കോൺഗ്രസിന്റെ മാത്രമല്ല, രാഹുലിന്റെ കൂടി ആവശ്യമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. 
വരുന്ന രണ്ടു മാസം ഈ അഞ്ചു സംസ്ഥാനങ്ങളിൽ ഉരുത്തിരിയുന്ന രാഷ്ട്രീയ സമവാക്യങ്ങൾ ദേശീയ തലത്തിലും പ്രസക്തമായിരിക്കുമെന്ന് ചുരുക്കം. മമതയുടെയും രാഹുലിന്റെയും ഭാവി തന്നെയാണ് അതിനാൽ ഈ തെരഞ്ഞെടുപ്പ് വിധിയെഴുത്തിന്റെ ആത്യന്തിക ഫലം.

Latest News