Sorry, you need to enable JavaScript to visit this website.

മനോവൈകൃതങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും തേർവാഴ്ച


ആധുനിക യുഗത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കയാണ് നവമാധ്യമങ്ങളും ഇന്റർനെറ്റും സോഷ്യൽ മീഡിയയും. ഇതൊന്നുമില്ലാതെയും ജീവിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ കാലം ദ്രുതഗതിയിൽ ഓടിത്തുടങ്ങിയപ്പോൾ എല്ലാം ഒരു വെല്ലുവിളിയായി എടുക്കാൻ ലോകരും നിർബന്ധിതരായി. കാലഘട്ടത്തിന്റെ മാറ്റങ്ങൾ എല്ലാവരും ഉൾക്കൊണ്ടേ മതിയാവൂ. അറിവിനേക്കാൾ തിരിച്ചറിവ് നേടേണ്ടിയിരിക്കുന്നു.
ഭീതി ജനിപ്പിക്കുന്ന പീഡനങ്ങളും   കൊലപാതകങ്ങളും മാധ്യമങ്ങൾ കൊട്ടിഘോഷിക്കുമ്പോൾ ചിലപ്പോൾ ഇനി ഒരു മാധ്യമത്തിലേക്കും ശ്രദ്ധിക്കേണ്ട എന്നു വരെ തോന്നാറുണ്ട്.
കൊടിയത്തൂരിലെ ദാരുണമായ കൊലപാതകം. ഉറങ്ങിക്കിടക്കുന്ന ഭാര്യയെ ഭർത്താവ് സംശയ  രോഗം മൂർഛിച്ച് കഴുത്തറുത്ത് കൊന്ന സംഭവം. ആറു മാസം മാത്രമേ ആയുള്ളൂ വിവാഹിതരായിട്ട്.  
ഹോം വർക്ക് ചെയ്യാത്തതിന് പിതാവ് അഞ്ചു വയസ്സുകാരിയെ അടിച്ചു കൊന്ന കേസ്. ഈജിപ്തിലാണ് സംഭവം. വേദന സഹിക്കവയ്യാതെ കുട്ടി പുളഞ്ഞു കരഞ്ഞിട്ടും അയാൾ മർദനം  നിർത്തിയില്ലത്രേ. പിതാവ് പഠിപ്പിച്ചതു പോലെ ചെയ്യാത്തതിനെ തുടർന്നാണ് പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് അടിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് അയൽക്കാർ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഈ വാർത്ത ചിത്ര സഹിതം കണ്ടപ്പോൾ മറ്റൊരു രാഷ്ട്രത്തിലാണെന്ന ചിന്തയായിരുന്നു. 


ആന്ധ്രപ്രദേശിലെ വിദ്യാസമ്പന്നരായ ദമ്പതികൾ മുതിർന്ന സ്വന്തം പെൺമക്കളെ ബലിയർപ്പിച്ച സംഭവം അറിഞ്ഞപ്പോൾ കേരളത്തിലിത്തരം അന്ധമായ വിശ്വാസങ്ങൾ ഉണ്ടാവില്ലെന്നു കരുതിയിരിക്കുമ്പോഴാണ്  തികച്ചും വ്യത്യസ്തമായ കരളലിയിക്കുന്ന നരബലിയെ കുറിച്ച് കേൾക്കാനിടയായത്. അതിവിചിത്രവും  തികച്ചും ഹീനവും പ്രാകൃതവുമായ ഒരു പ്രവൃത്തി, അതും കേരളത്തിൽ. ആറു വയസ്സുകാരനായ  സ്വന്തം മകനെ കഴുത്തറുത്തു കൊന്ന നാലു മാസം ഗർഭിണിയായ മാതാവ്. രണ്ട് മക്കളെ ഭർത്താവിന്റടുത്ത് മാറ്റിക്കിടത്തി ആറു വയസ്സുകാരനെ ബാത്ത് റൂമിൽ കൊണ്ടുപോയാണത്രേ കൊലപ്പെടുത്തിയിരിക്കുന്നത്. കൃത്യനിർവഹണത്തിന് ശേഷം പോലീസിനെ അറിയിച്ചിരിക്കുന്നതും മാതാവ് തന്നെ. മനുഷ്യനും ശാസ്ത്രവും അതിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇന്നും നടക്കുന്നു എന്നത് അതിദയനീയമാണ്, ഹീനമാണ്, നീചമാണ്.
പണ്ടുകാലത്ത് ദേവതകളുടെ പ്രീതിക്കായി നരബലിയും മൃഗബലിയും നടത്തിയിരുന്നു എന്നു കേട്ടിട്ടുണ്ട്. സിനിമയിലും കഥകളിലുമൊക്കെ കണ്ടിട്ടുമുണ്ട്. ഇത്തരം പ്രവണതകൾ ചിലർ മതത്തിന്റെ പേരിൽ ന്യായീകരിക്കുന്നു. എല്ലാ മതങ്ങളും നന്മക്കു വേണ്ടി മാത്രം നിലകൊള്ളുന്ന, നല്ല വീക്ഷണങ്ങൾ മാത്രം നൽകുന്ന വഴികാട്ടി തന്നെ.
അപ്പോൾ ഭക്തിയുടെ പേരിലാണെന്ന് പറയാനാവുമോ?
അങ്ങനെയെങ്കിൽ എല്ലാ ഭക്തരും വിശ്വാസികളും ഇത് ചെയ്യേണ്ടതല്ലേ?


വിശ്വസിക്കുന്ന രീതി, മനോഭാവം, സ്വന്തമായി ചിന്തിച്ചുണ്ടാക്കുന്ന അന്ധമായുള്ള വിശ്വാസത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന് മനസ്സിൽ അടിവരയിട്ടുറപ്പിച്ച ചിത്രങ്ങളാണിവിടെ പ്രാവർത്തികമാക്കിയിരിക്കുന്നത് എന്നാണ് തോന്നുന്നത്. ആത്മീയത ഭ്രാന്തല്ല. അധികമായാൽ അമൃതും വിഷം. എന്തും ഒരു പരിധി വിട്ടാൽ, അല്ലെങ്കിൽ  ചിന്ത അതിരു കടക്കുമ്പോൾ അത് വിഭ്രാന്തിയായി മാറും എന്നതാണ് ഇവിടെ പ്രതിഫലിച്ചിരിക്കുന്നത്. വിശ്വാസിയായ ഒരു സ്ത്രീയും സ്വബോധത്തോടെ ഇത്തരം ഹീനകൃത്യം ചെയ്യുമെന്ന് തോന്നുന്നില്ല. ഒരു ദുർബല നിമിഷത്തിൽ ചെയ്തു പോയതല്ല. ഒരു പക്ഷേ ജീവിത സാഹചര്യങ്ങളാവാം.  എന്നതുകൊണ്ട് തന്നെ ആ മാതാവിന്റെ മനോനിലയിൽ പഠനങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. മനോനില അസ്വാഭാവികമെങ്കിൽ മുൻപെ  മാറ്റങ്ങൾ പ്രകടമാകുമായിരുന്നു.


വർഷങ്ങൾക്കു മുമ്പ് ഞാൻ നേരിട്ടു കണ്ട ഒരനുഭവം ഈ സാഹചര്യത്തിൽ   പങ്കുവെക്കുകയാണ്. സാമാന്യം ഫാഷനബിൾ ആയി നടന്ന കൂട്ടുകാരി. പെട്ടെന്നൊരു ദിവസം മുതൽ കണ്ണ് മാത്രം പുറത്ത് കാണിച്ചുള്ള വസ്ത്രധാരണം മാത്രമായി, അവരുമായി കൂടുതലടുത്ത മറ്റൊരു കൂട്ടുകാരിയെ വയ്യാതായി നാട്ടിലേക്ക് അയച്ചു എന്ന് കേട്ടു. മതപരമായ ക്ലാസിൽ അറ്റന്റ് ചെയ്തു തുടങ്ങിയ ശേഷം സദാസമയവും മക്കളെപ്പോലും ശ്രദ്ധിക്കാതെ ചിന്തയിലും  പ്രാർത്ഥനയിലും മുഴുകി ആരോടും സംസാരിക്കാതായി. അവർ സ്വന്തം ഭർത്താവിനെ പോലും അന്യപുരുഷനായി കണ്ടു തുടങ്ങി.  രോഗം മൂർധന്യാവസ്ഥയിൽ എത്തിയപ്പോഴേക്കും വല്ലാത്ത ഒരു സ്റ്റേജിലെത്തിയിരുന്നു അവർ.
മക്കളെയും ഭാര്യയെയും വീട്ടിലാക്കി  ഭർത്താവിന്  ജോലിക്ക് പോവാൻ പോലും  പറ്റാത്ത അവസ്ഥയായി.  മനസ്സില്ലാ മനസ്സോടെ അയാൾക്ക് അവരെ നാട്ടിലേക്കയക്കാതെ വേറെ വഴിയില്ലായിരുന്നു. എന്നാൽ എത്രയോ പേർ മതപരമായ ക്ലാസിൽ പോവുന്നു. പഠിക്കുന്നു. എല്ലാം മനസ്സിലാക്കി വിശ്വാസികളായി ജീവിക്കുന്നു. ഓരോരുത്തരുടെയും മനസ്സും മനസ്സിലാക്കുന്ന  രീതിയും  ചിന്താഗതിയും ചുറ്റുപാടും വളർന്നു വന്ന സാഹചര്യങ്ങളും എല്ലാം തന്നെ ഘടകങ്ങളാണ്.


ഡിപ്രഷൻ മൂർഛിച്ച് വിഷാദ രോഗമായി മാറി  ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കുന്നതും പലതും കണ്ടും കേട്ടും അറിയാം. വേണ്ടപ്പെട്ടവരുടെ സ്വഭാവത്തിൽ എന്തെങ്കിലും അബ്‌നോർമാലിറ്റി കണ്ടാൽ പ്രത്യേകം ശ്രദ്ധിച്ചു വേണ്ടത് ചെയ്യണം. വിഷാദ രോഗം ആർക്കും വരാം. ഒരു ഡോക്ടറെ കണ്ട് ചികിത്സ നേടണം. ശരീരത്തിന് അസുഖം വന്നാൽ  ചികിൽസ തേടുന്നവർ മനസ്സിന് അസുഖം വന്നാലും ചികിത്സ തേടാൻ മടിക്കരുത്. ശരീരത്തിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് മനസ്സും. വളരെയധികം ഗൗരവത്തോടെ കാണേണ്ട വിഷയമായതുകൊണ്ട് തന്നെ, മറ്റുള്ളവർ മനോരോഗിയായി കാണുമെന്ന് കരുതി ചികിത്സ നിഷേധിക്കരുത്. എല്ലാവരും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

Latest News