മുംബൈ- റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. താനെ സ്വദേശിയായ മന്‍സുക് ഹിരണിന്റെ മൃതദേഹമാണ് താനെക്കു സമീപം കല്‍വ കടലിടുക്കില്‍ കണ്ടെടുത്തത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാലത്തിന് മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തതാകാമെന്ന് കരുതന്നു. ഒരാഴ്ച മുന്‍പാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്‌ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. 20 ജലാറ്റില്‍ സ്റ്റിക്കുകള്‍ വാഹനത്തില്‍നിന്ന് കണ്ടെടുത്തിരുന്നു. അംബാനിയേയും ഭാര്യ നിതയെയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും ലഭിച്ചിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ വാഹനം മന്‍സുക് ഹിരണിന്‍റേതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുംബൈ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു വര്‍ഷമായി താന്‍ ഈ വാഹനം ഓടിക്കാറില്ലെന്നായിരുന്നു മൊഴി. വില്‍ക്കുന്നതിന് മുമ്പായി ഫെബ്രുവരി 16-ന് ഓടിച്ചുനോക്കിയതായും പറഞ്ഞു.
മുളുന്ദ് ലിങ്ക് റോഡില്‍വെച്ച് കാര്‍ കേടായതോടെ റോഡരികില്‍ പാര്‍ക്ക് ചെയ്തു. അടുത്ത ദിവസം തിരിച്ചെത്തിയപ്പോള്‍ വാഹനം അവിടെ കാണാനില്ലായിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു. കൂടാതെ വാഹനം മോഷണം പോയതായി കാണിച്ച് ഇയാള്‍ വിക്രോലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും കണ്ടെത്തി.
അംബാനിയുടെ വീടിന് സമീപം സ്‌കോര്‍പിയോ നിര്‍ത്തിയിട്ടശേഷം ഡ്രൈവറുമായി കടന്നുകളഞ്ഞ ഇന്നോവക്കു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. അര്‍ധരാത്രി സ്‌കോര്‍പിയോക്ക് പിന്നാലെ വെള്ള ഇന്നോവ വരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കര്‍മിചാല്‍ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം ഇന്നോവയില്‍ കയറി രക്ഷപ്പെട്ട ഡ്രൈവര്‍ മുളുന്ദ് കവല പിന്നിട്ടശേഷം എങ്ങോട്ടുപോയെന്ന് വ്യക്തമല്ല.