Sorry, you need to enable JavaScript to visit this website.

ബ്രിട്ടനില്‍ വീണ്ടും അപകടകാരിയായ പുതിയ  കോവിഡ് വകഭേദം, 16 കേസുകള്‍ കണ്ടെത്തി

ലണ്ടന്‍- യുകെയില്‍ മാരകമായ പുതിയ കൊറോണാവൈറസ് വേരിയന്റ് കൂടി കണ്ടെത്തി. പ്രതിരോധശേഷിയെ മറികടക്കുമെന്നു കരുതുന്ന തരത്തിലുള്ള രൂപമാറ്റമുള്ളതാണ് ഈ വേരിയന്റെന്നാണ് കണ്ടെത്തല്‍. ഇതുവരെ 16 കേസുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ബി1.1.318 എന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇതിനു താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്.ഫെബ്രുവരി 15നാണ് ജീനോമിക് സീക്വന്‍സിംഗ് വഴി പുതിയ വേരിയന്റിനെ ആദ്യമായി കണ്ടെത്തിയത്. ഫെബ്രുവരി 24 മുതല്‍ അധികൃതര്‍ ഈ വേരിയന്റിന്റെ വ്യാപനം നിരീക്ഷിക്കുന്നുണ്ട്. ഈ വേരിയന്റിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ ഇ484കെ മ്യൂട്ടേഷനാണുള്ളത്. ബ്രസീലിയന്‍, സൗത്ത് ആഫ്രിക്കന്‍ വേരിയന്റിലും ഈ മ്യൂട്ടേഷനുണ്ട്. ഈ രണ്ട് സ്‌ട്രെയിനുകളും യുകെയില്‍ വ്യാപിക്കുന്നുണ്ട്. ഈ രൂപമാറ്റങ്ങളിലൂടെ വൈറസ് പ്രതിരോധ ശേഷിയെ നേരിടുന്ന രീതിയും മാറും. ആന്റിബോഡികള്‍ വൈറസിന് എതിരായ പ്രതിരോധത്തില്‍ ഒരു ഭാഗം മാത്രമാണ്. വൈറസിനെതിരായ പോരാട്ടത്തില്‍ വൈറ്റ് ബ്ലഡ് സെല്ലുകള്‍ പ്രധാന റോള്‍ വഹിക്കുന്നുണ്ട്. അതിനാല്‍ വൈറസിന്റെ രൂപമാറ്റങ്ങള്‍ കാര്യമായി ബാധിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
വൈറസിനെതിരെ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ ഇ484കെ മ്യൂട്ടേഷനെതിരെയും ഫലപ്രദമായി തുടരും. പുതിയ വേരിയന്റ് യുകെയില്‍ രൂപമെടുത്തതാണോ, അതോ മറ്റേതെങ്കിലും രാജ്യത്ത് നിന്നും എത്തിയതാണോയെന്ന് വ്യക്തമല്ലെന്ന് പിഎച്ച്ഇ കൂട്ടിച്ചേര്‍ത്തു. ആകെ ഇപ്പോള്‍ എട്ടു വേരിയന്റുകളാണ്  നിരീക്ഷണ ലിസ്റ്റില്‍ ഉള്ളത്.


 

Latest News