പട്ടാള ആക്രമണം: അഭയം തേടി മ്യാൻമർ പോലീസുകാർ മിസോറാമിൽ

ഐസ്വാൾ-  മ്യാൻമറിലെ പട്ടാള അതിക്രമങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാകാതിരുന്ന പൊലീസുകാർ ഇന്ത്യൻ അതിർത്തി കടന്നെത്തി അഭയം തേടിയതായി റിപ്പോർട്ട്. മിസോറമിലെ സെർഛിപ് ജില്ലയിലെ ലങ്കൌൾ ഗ്രാമത്തിലാണ് ഇവരിപ്പോഴുള്ളതെന്ന് ചില ഉദ്യോഗസ്ഥരെ ഉദ്ധറിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആറ് പൊലീസുകാരാണുള്ളത്. ഇവരിലൊരാൾ തന്റെ ഭാര്യയെയും മകനെയും കൂടെ കൂട്ടിയിട്ടുണ്ട്.

പട്ടാളഭരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ സൈന്യം അതിക്രൂരമായി അടിച്ചമർത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി സിവിലിയൻമാരെ പട്ടാളം ഇതിനകം കൊല ചെയ്തു കഴിഞ്ഞു. പട്ടാളത്തെ അനുകൂലിക്കാത്തതാണ് ഈ പൊലീസുകാർക്ക് ഓടിപ്പോരേണ്ട സ്ഥിതിയുണ്ടാക്കിയത്. മാർച്ച് 3നാണ് ഇവർ അതിർത്തി പിന്നിട്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ഇവരെ ഒരു കമ്യൂണിറ്റി ഹാളിൽ താമസിപ്പിച്ചിരിക്കുകയാണ്. ഭക്ഷണവും ശുദ്ധജലവുമെല്ലാം ഇവർക്ക് ലഭ്യമാക്കുന്നുണ്ട്. കോവിഡ് ടെസ്റ്റ് നടത്തി.

മിസോറം അതിർത്തിയിൽ കൂടുതൽ മ്യാൻമറുകാർ അഭയം തേടി വരുന്നുണ്ടെന്നാണ് വിവരം. ചമ്പായ് ജില്ലയിലെ ഒരു അതിർത്തിഗ്രാമത്തിൽ പന്ത്രണ്ടോളം മ്യാൻമറുകാർ അഭയം തേടിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മ്യാൻമറുമായി 404 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി പങ്കിടുന്നുണ്ട് ഇന്ത്യ. വരുദിനങ്ങളിൽ കൂടുതൽ അഭയാർത്ഥികൾ അതിർത്തി കടന്നെത്തിയേക്കാമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുകയും നേതാവായ ആങ് സാൻ സ്യൂ കീയെ തടവിലാക്കുകയും ചെയ്തിരിക്കുകയാണ് പട്ടാളം. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് സ്യൂകിയുടെ കക്ഷി നേടിയത്. സ്യൂകിയുടെ വൻ വിജയത്തിനു പിന്നാലെ ഫണ്ട് തട്ടിപ്പ് തുടങ്ങിയ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത കുറ്റങ്ങൾ ചുമത്തി പട്ടാളം അവരെ തടവിലാക്കുകയായിരുന്നു. ഫെബ്രുവരി 1 മുതൽ സ്യൂകി തടവിലാണ്.

Latest News