Sorry, you need to enable JavaScript to visit this website.

മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നായർ അന്തരിച്ചു

തിരുവനന്തപുരം- സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ നായർ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. ഭക്ഷ്യ, പൊതുവിതരണം, ഭവനനിർമാണം, നിയമം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെ മന്ത്രിയായാണ് സേവനം ചെയ്തിരുന്നത്. 1957-ലെ ആദ്യ നിയമസഭയിൽ തന്നെ അംഗമായിരുന്ന ചന്ദ്രശേഖരൻ നായർ, 67,77,80,87, 96 എന്നിങ്ങനെ ആറു തവണ കേരള നിയമസഭയിലെത്തി. 1996-ലെ മൂന്നാം നായനാർ മന്ത്രിസഭയിലാണ് അവസാനമായി മന്ത്രിയായത്.

1928 ഡിസംബർ രണ്ടിനാണ്  ജനനം. തിരുവിതാംകൂറിലെ പ്രമുഖ അഭിഭാഷകനായിരുന്ന കൊല്ലം, എഴുകോൺ, ഇടയിലഴികത്ത് ഈശ്വരപിള്ള എന്ന ഈശ്വരപിള്ള വക്കീലാണ് പിതാവ്. ശ്രീമൂലം അസംബ്ലിയിലും ശ്രീചിത്രാ സ്‌റ്റേറ്റ് അസംബ്ലിയിലും തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു അദ്ദേഹം. കൊല്ലം, ഇരുമ്പനങ്ങാട്, മുട്ടത്തുവയലിൽ മീനാക്ഷിയമ്മയാണ് മാതാവ്.
കൊട്ടാരക്കര സർക്കാർ െ്രെപമറി സ്‌കൂൾ, സർക്കാർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. കൊട്ടാരക്കര തൃക്കണ്ണമംഗൽ സംസ്‌കൃത ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ഗോദവർമ തിരുമുൽപ്പാടിന്റെ കീഴിലായിരുന്നു സംസ്‌കൃത പഠനം.
പത്താം ക്ലാസ് പഠനത്തിന് ശേഷം ചങ്ങനാശേരി എസ്ബി കോളജിലായിരുന്നു ഇന്റർമീഡിയറ്റ് പഠനം. തുടർന്ന് അണ്ണാമല സർവകലാശാലയിൽ നിന്നും ഗണിതശാസ്ത്രത്തിലും എറണാകുളം ഗവൺമെന്റ് ലോ കോളജിൽ നിന്നും നിയമത്തിലും ബിരുദം നേടി.
പിതാവ് സ്ഥാപിച്ച ഹൈസ്‌കൂളിൽ ഹെഡ്മാസ്റ്ററായും ഗണിതാധ്യാപകനായും സേവനമനുഷ്ഠിച്ചു. നിയമപഠനത്തിന് ശേഷവും അധ്യാപകവൃത്തി തുടർന്നിരുന്നു.
1952-ൽ സി.പി.ഐയിൽ ചേർന്ന ചന്ദ്രശേഖരൻ നായർ, പാർട്ടി കൊട്ടാരക്കര ടൗൺ സെൽ സെക്രട്ടറി, ലോക്കൽ കമ്മിറ്റി സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, ദേശീയ കൺട്രോൾ കമ്മിഷൻ അംഗം, സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
1957ലും 1967-ലും കൊട്ടാരക്കരയിൽ നിന്നും 1977ലും 1980ലും ചടയമംഗലത്തുനിന്നും 1987-ൽ  പത്തനാപുരത്തുനിന്നും 1996-ൽ കരുനാഗപള്ളിയിൽ നിന്നുമടക്കം പത്തൊൻപത് വർഷം കേരള നിയമസഭയിൽ അംഗമായിരുന്നു. മുഖ്യമന്ത്രി സി അച്യുതമേനോന് നിയമസഭാംഗമാകുന്നതിന് 1970-ൽ കൊട്ടാരക്കരയിൽ നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചു.
സംസ്ഥാനത്ത് ഓണച്ചന്തകൾ തുടങ്ങിയത് ചന്ദ്രശേഖരൻ നായർ മന്ത്രിയായിരിക്കെയാണ്. 1980-ലായിരുന്നു ഇത്. സംസ്‌കൃതത്തിലും ഭാരതീയ ദർശനങ്ങളിലും അവഗാഹമായ പാണ്ഡിത്യമുണ്ട്. ഹിന്ദുമതം ഹിന്ദുത്വം, മറക്കാത്ത ഓർമകൾ എന്നിവയാണ് പുസ്തകങ്ങൾ. ഭാര്യ: മനോരമ നായർ. മക്കൾ: ഗീത, ജയചന്ദ്രൻ
 

Latest News