വിവാദ യോഗ കേന്ദ്രം സമ്മര്‍ദത്തിലാക്കിയെന്ന് ഹാദിയ

സേലം- മതംമാറിയവരെ ഹിന്ദുമതത്തിലേക്കു തിരികെ കൊണ്ടുവരുന്നതിന് പീഡനമുറകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ തൃപ്പൂണിത്തുറ ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ ഹാദിയയും.
ആറു മാസത്തോളം മാതാപിതാക്കളുടെ വീട്ടില്‍ കഴിഞ്ഞ സമയത്ത്  നിരന്തരം കൗണ്‍സലിംഗ് നടത്തിയിരുന്നുവെന്ന് ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കാന്‍ സേലം ഹോമിയോപ്പതി കോളേജിലെത്തിയ ഹാദിയ സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. 
വീട്ടില്‍ വെച്ച് കൗണ്‍സലിംഗിന്റെ പേരില്‍ മാനസിക പീഡനം നേരിട്ടുവെന്നാണ് ഹാദിയ പറഞ്ഞത്. സനാതനധര്‍മത്തിലേക്ക് തിരിച്ചുവന്നുവെന്ന് വ്യക്തമാക്കി പത്രസമ്മേളനം നടത്താന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഹാദിയ പറഞ്ഞു. 
മാതിപതാക്കളോടൊപ്പമാണ് ആറ് മാസം കഴിഞ്ഞതെന്നും അവരോട് കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പറഞ്ഞ ഹാദിയ ഷെഫിന്‍ ജഹാനെ കാണാനാണ് ഇപ്പോള്‍ ആഗ്രഹമെന്നും വ്യക്തമാക്കി. ഫോണില്‍ ശ്രമിച്ചെങ്കിലും ഹസ്‌ബെന്‍ഡ് ഷെഫിനെ കിട്ടിയില്ലെന്നും ഹാദിയ പറഞ്ഞു. 
പുനഃപ്രവേശന നടപടികള്‍ക്കായാണ് ഹാദിയ കോളേജിലെത്തിയത്. മാനസിക നില ശരിയെല്ലന്ന വാദത്തെ കുറിച്ചുള്ള ചോദ്യത്തിന് അതു പരിശോധിക്കാമെന്നായിരുന്നു ഉറച്ച മറുപടി. ഷെഫിന്‍ ഭര്‍ത്താവാണെന്നും അല്ലെന്നും കോടതി പറഞ്ഞിട്ടില്ല. ഭര്‍ത്താവാണെന്നാണ് താന്‍ കോടതിയില്‍ പറഞ്ഞതെന്നും ഹാദിയ വ്യക്തമാക്കി. 
അതിനിടെ, കോളേജിന്റെ അനുമതിയോടെ ഹാദിയക്ക് ഷെഫിന്‍ ജഹാനെ കാണാമെന്ന് ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ജി.കണ്ണന്‍ പറഞ്ഞു. എന്റെ അനമതിയോടെ അവളുടെ ഭര്‍ത്താവ് ഉള്‍പ്പെടെ ആരേയും കാണാന്‍ അനുവദിക്കുമെന്ന് അദ്ദേഹം എന്‍.ഡി.ടി.വിയോട് പറഞ്ഞു.
 

Tags

Latest News