എൻ.ഡി.എ സഖ്യത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭാ മുഖപ്പത്രം

കൊച്ചി- ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭയിലെ എറണാകുളം-അങ്കമാലി അതിരൂപത മുഖപ്പത്രമായ സത്യദീപത്തിന്റെ മുഖപ്രസംഗം. എല്ലാവരോടും ഒരുപോലെയെന്ന ഒരിക്കലും ചേരാത്ത കുപ്പായം സ്വയം അണിഞ്ഞ് അപഹാസ്യമാകുന്നുണ്ട് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യമെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ധനവില 100 കടക്കുന്നതിന്റെ  വിജയാഹ്ലാദമാണോ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ യാത്രോദ്ദേശ്യമെന്ന് മുഖപ്രസംഗത്തിൽ ചോദിക്കുന്നു. പാചകവാതക വില മൂന്നു മാസത്തിനുള്ളിൽ 225 രൂപയാണ് കൂട്ടിയത്. റേഷൻ ഗുണഭോക്താക്കളുടെ എണ്ണം 50 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രശുപാർശ കേരളത്തിന് തിരിച്ചടിയാകുമെന്നതാണ് മറ്റൊരു വിജയ ഗാഥയെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു. അരമന കയറിയിറങ്ങുന്ന ബി.ജെ.പി സംസ്ഥാന, ദേശിയ നേതൃത്വത്തോട് കണ്ഡമാലിയിലെ ക്രൈസ്തവർക്ക് നീതി വൈകുന്നതെന്തുകൊണ്ടാണെന്നും നിരപരാധിയായ സ്റ്റാൻസ്വാമി ഇപ്പോഴും ജെയിലിൽ തുടരുന്നതെന്തുകൊണ്ടാണെന്നും ഉറക്കെ ചോദിക്കണം. ഒപ്പം വിവാദ കാർഷിക കരിനിയമങ്ങൾ റദ്ദാക്കാത്തതെന്തേയെന്നും ചോദിക്കണമെന്നും സത്യദീപം മുഖപ്രസംഗത്തിൽ സഭാ നേതൃത്വത്തോട് ആവശ്യപ്പെടുന്നു. പ്രശംസയുടെ പ്രാതൽ രാഷ്ട്രീയമല്ല പ്രതിബദ്ധതയുടെ പ്രതികരണ രാഷ്ട്രീയത്തിലൂടെ സംശുദ്ധമായ സാമൂഹ്യ സാഹചര്യം കേരളത്തിലുണ്ടെന്ന് ഉറപ്പക്കാൻ ശക്തമായ നിലപാടുകളോടെ സഭ സജീവമാകണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
 

Latest News