തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ സീറ്റ് മോഹികളെന്ന് വാഴക്കൻ

കൊച്ചി- തനിക്കെതിരെ മൂവാറ്റുപുഴയിലും തിരുവനന്തപുരത്തും പോസ്റ്റർ പ്രചാരണം നടത്തിയത് രാഷ്ട്രീയ എതിരാളികളല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. സീറ്റ് കിട്ടാൻ താൽപര്യമുള്ളവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ഒരു ചാനൽ അഭിമുഖത്തിൽ അദ്ദേഹം ആരോപിച്ചു.
പോസ്റ്റർ പ്രചാരണത്തിന് ഒരു പ്രൊഫഷനൽ ടച്ചുണ്ട്. തിരുനന്തപുരത്തേക്ക് വണ്ടിയിൽ പോസ്റ്റർ കൊണ്ടുപോയി അവിടെ ഡ്രൈവറെക്കൊണ്ട് ഒട്ടിച്ചതിന് ശേഷം ചാനലുകാരെ വിളിച്ച് ഇത്തരത്തിൽ പോസ്റ്ററുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നിൽ ആരാണെന്ന് വരും ദിവസങ്ങളിൽ വെളിപ്പെടും. 
മൂവാറ്റുപുഴ സീറ്റ് കോൺഗ്രസിന് തന്നെയാണെന്നും മറിച്ചുള്ള സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും ജോസഫ് വാഴക്കൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ മൂവാറ്റുപുഴ സീറ്റ് വേണമെന്ന നിലപാടിൽ ജോസഫ് ഗ്രൂപ്പ് ഉറച്ചു നിൽക്കുന്നത് ജോസഫ് വാഴയ്ക്കന്റെ സാധ്യതകൾക്ക് മങ്ങലേൽപിച്ചിട്ടുണ്ട്. മൂവാറ്റുപുഴ സീറ്റ് കിട്ടിയാൽ 12 ന് പകരം 10 സീറ്റു കൊണ്ട് തൃപ്തിപ്പെട്ടുകൊള്ളാമെന്നാണ് ജോസഫിന്റെ നിലപാട്. മൂവാറ്റുപുഴയിൽ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കാനാണ് ജോസഫ് ഒരുങ്ങുന്നത്. കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ പിന്തുണയും ജോസഫിന്റെ നീക്കത്തിന് പിന്നിലുണ്ട്.
 

Latest News