Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിനാമി ബിസിനസ്: പദവി ശരിയാക്കാൻ കർമ സമിതി

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് ലൈസൻസ് നൽകിയേക്കും  

നിലവിലെ സ്ഥാപനങ്ങളിൽ വിദേശികൾക്ക് പാർട്ണർമാരാകാനും അവസരം 

റിയാദ് - ബിനാമി ബിസിനസുകൾ നടത്തുന്ന നിയമ ലംഘകർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം പദവി ശരിയാക്കാൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷകളിൽ നടപടികൾ സ്വീകരിക്കാൻ സംയുക്ത കർമ സമിതി രൂപീകരിച്ചതായി ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം അറിയിച്ചു. വാണിജ്യ, നിക്ഷേപ, മാനവശേഷി - സാമൂഹിക മന്ത്രാലയങ്ങളെയും പ്രീമിയം റെസിഡൻസി സെന്ററിനെയും ഉൾപ്പെടുത്തിയാണ് കർമ സമിതി രൂപീകരിച്ചിരിക്കുന്നത്. പദവി ശരിയാക്കി നിയമാനുസൃതം ബിസിനസ് നടത്താൻ നിയമ ലംഘകർക്ക് അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 
വാണിജ്യ മന്ത്രാലയത്തിന്റെ നിർദിഷ്ട ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി അപേക്ഷ നൽകി 90 ദിവസത്തിനുള്ളിൽ പദവി ശരിയാക്കൽ പ്രക്രിയ പൂർത്തിയാക്കുമെന്ന് ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം അറിയിച്ചു. പ്രത്യേക ഫോറം പൂരിപ്പിച്ച് സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകി, ആഗ്രഹിക്കുന്ന പദവി ശരിയാക്കൽ ചോയ്‌സ് നിർണയിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പുതിയ ബിനാമി ബിസിനസ് വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നതോടനുബന്ധിച്ച്, ബിനാമി സ്ഥാപനങ്ങളുടെ പദവി ശരിയാക്കുന്നതിന് ഓഗസ്റ്റ് 23 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. പദ്ധതി പ്രയോജനപ്പെടുത്തി സൗദി പൗരന്മാർക്കും വിദേശികൾക്കും വ്യത്യസ്ത ചോയ്‌സുകൾ തെരഞ്ഞെടുത്ത് പദവി ശരിയാക്കാം. പദവി ശരിയാക്കാൻ അപേക്ഷ നൽകുന്നവരെ മുൻകാല പ്രാബല്യത്തോടെ വരുമാന നികുതി അടയ്ക്കുന്നതിൽ നിന്നും മറ്റു ശിക്ഷാ നടപടികളിൽ നിന്നും ഒഴിവാക്കും. 
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഗുണഭോക്താക്കൾക്ക് രാജ്യത്ത് നിയമാനുസൃതം പ്രവർത്തിക്കാൻ ആവശ്യമായ ലൈസൻസ് അനുവദിക്കാൻ നിക്ഷേപ മന്ത്രാലയം ആലോചിക്കുന്നതായി ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം വ്യക്തമാക്കി. നിലവിലുള്ള ബിനാമി സ്ഥാപനങ്ങളിൽ പാർട്ണർമാരായി വിദേശികളെ ഉൾപ്പെടുത്താനും വിദേശ നിക്ഷേപ ലൈസൻസ് നേടിയ ശേഷം സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം വിദേശികളുടെ പേരിലേക്ക് മാറ്റാനും സാധിക്കും. പദവി ശരിയാക്കൽ പ്രക്രിയ പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങളെ, സൗദിയിൽ വിദേശ നിക്ഷേപ ലൈസൻസ് നേടാൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വിദേശങ്ങളിൽ സാന്നിധ്യമുണ്ടായിരിക്കണമെന്ന വ്യവസ്ഥയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി ഒഴിവാക്കും. ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി വർഗീകരണം അനുസരിച്ച്, ബിനാമിയായി പ്രവർത്തിക്കുന്ന ഇടത്തരം, വൻകിട സ്ഥാപനങ്ങളെയാണ് ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുക. പൊതുമാപ്പ് കാമ്പയിൻ ആരംഭിക്കുന്നതിനു മുമ്പ് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നേടിയ സ്ഥാപനങ്ങളായിരിക്കണമെന്നും വിദേശ പാർട്ണർ പൊതുമാപ്പ് ആരംഭിക്കുന്നതിനു മുമ്പു തന്നെ സൗദിയിൽ താമസിച്ചു വരുന്നയാളായിരിക്കണമെന്നും വിദേശ പാർട്ണറുടെ സാന്നിധ്യത്തിൽ തൊഴിലുടമക്ക് എതിർപ്പുണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥകളുണ്ട്. വിദേശ നിക്ഷേപ നിയമം അനുസരിച്ച വ്യവസ്ഥകൾ പൂർണമായും പാലിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
 

Tags

Latest News