Sorry, you need to enable JavaScript to visit this website.

ഇഖാമ ഇഷ്യൂ ചെയ്യാത്ത വേലക്കാരിയെ ഹുറൂബാക്കാൻ നേരിട്ട് സമീപിക്കണം


റിയാദ് - പുതിയ വിസയിൽ രാജ്യത്തെത്തി, ഇഖാമ ഇഷ്യൂ ചെയ്തിട്ടില്ലാത്ത വേലക്കാരികൾ ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയാൽ അവരെ ഹുറൂബാക്കുന്നതിന് സ്‌പോൺസർമാർ തങ്ങളുടെ പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകളെ നേരിട്ട് സമീപിക്കണമെന്ന് ജവാസാത്ത് ആവശ്യപ്പെട്ടു. ഒരു മാസം മുമ്പ് പുതിയ വിസയിൽ രാജ്യത്തെത്തിയ വേലക്കാരി ഒളിച്ചോടിയതായും വേലക്കാരിക്ക് ഇതുവരെ ഇഖാമ ഇഷ്യൂ ചെയ്തിട്ടില്ലെന്നും 'അബ്ശിർ' വഴി ഒളിച്ചോട്ട പരാതി നൽകാൻ (ഹുറൂബാക്കൽ) സാധിക്കുന്നില്ലെന്നും അറിയിച്ച് സൗദി പൗരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഇഖാമ ഇഷ്യൂ ചെയ്ത വേലക്കാരിയെ 'അബ്ശിർ' വഴി ഹുറൂബാക്കാൻ തൊഴിലുടമകൾക്ക് സാധിക്കും. 


അതേസമയം, ഗാർഹിക തൊഴിലാളികളെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ അഭയ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്നത് മാർച്ച് 31 മുതൽ നിർത്തിവെക്കാൻ പ്രവിശ്യാ ശാഖകൾക്ക് മന്ത്രാലയം നിർദേശം നൽകി. വേലക്കാരികളെ സ്വീകരിക്കുന്ന ചുമതല അഭയ കേന്ദ്രങ്ങൾ നടത്തുന്നതിന്റെ കരാറേറ്റെടുത്ത കമ്പനികളെ ഏൽപിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അഭയ കേന്ദ്രങ്ങളിൽ കഴിയുന്ന വേലക്കാരികളെ ഇത്തരം കമ്പനികൾക്കു കീഴിലെ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികൾ മന്ത്രാലയ ശാഖകൾ തയാറാക്കണമെന്നും നിർദേശമുണ്ട്. സ്വകാര്യ കമ്പനികൾക്കു കീഴിലെ അഭയകേന്ദ്രങ്ങളിൽ നിന്ന് വേലക്കാരി ഒളിച്ചോടുന്ന പക്ഷം ഓരോ ദിവസത്തിനും 150 റിയാൽ തോതിൽ കമ്പനികൾക്ക് പിഴ ചുമത്തും. 
നിലവിൽ അഭയ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന മന്ത്രാലയ ഉദ്യോഗസ്ഥരെ അതത് പ്രവിശ്യകളിൽ റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും ഓഫീസുകൾക്കും മേൽനോട്ടം വഹിക്കുന്ന വിഭാഗങ്ങളിലേക്ക് മാറ്റും. വേലക്കാരികൾക്ക് അഭയം നൽകുന്ന ചുമതല സ്വകാര്യ മേഖലയെ പൂർണമായോ ഭാഗികമായോ ഏൽപിക്കുന്ന കാര്യം പഠിക്കാൻ നേരത്തെ മന്ത്രിസഭ നിർദേശം നൽകിയിരുന്നു. തങ്ങളുടെ മധ്യസ്ഥതയിൽ വിദേശങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യുന്ന വേലക്കാരികളെ വിമാനത്താവളങ്ങളിൽ സ്വീകരിച്ച് സ്‌പോൺസർമാർക്കു കൈമാറുന്നതു വരെ അവർക്ക് അഭയം നൽകുന്ന ചുമതല റിക്രൂട്ട്‌മെന്റ് കമ്പനികളെയും ഓഫീസുകളെയും ഏൽപിക്കാൻ മന്ത്രാലയം അടുത്തിടെ തീരുമാനിച്ചിരുന്നു. സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടി സമീപിക്കുന്ന വേലക്കാരികൾക്കും തൊഴിലുടമകളുടെ അടുത്ത് ജോലി ചെയ്യാൻ വിസമ്മതിക്കുന്ന വേലക്കാരികൾക്കും ഇതേപോലെ റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും അഭയം നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ. 


'അബ്ശിർ' വഴി ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് റദ്ദാക്കാൻ കഴിയില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി പരാതി നൽകുന്നവർ ഹുറൂബ് റദ്ദാക്കുന്നതിന് ആഗ്രഹിക്കുന്ന പക്ഷം തൊഴിലാളികളെ ഹുറൂബാക്കി പതിനഞ്ചു ദിവസത്തിനകം ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ വിദേശി വകുപ്പിനെ നേരിട്ട് സമീപിക്കണം. പതിനഞ്ചു ദിവസം പിന്നിട്ട ശേഷം ഒരു കാരണവശാലും ഹുറൂബ് റദ്ദാക്കാൻ കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളികളെ ജവാസാത്തിന്റെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി പിടികൂടി സൗദിയിൽ നിന്ന് നാടുകടത്തുകയും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയുമാണ് ചെയ്യുക. 

 

Latest News