കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന എ.വി. ഗോപിനാഥുമായി മലയാളം ന്യൂസ് ലേഖകൻ സി.ആർ. ദിനേശ് നടത്തിയ അഭിമുഖം
പാലക്കാട് - താൻ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കോൺഗ്രസ് നേതൃത്വത്തിന് രണ്ടു ദിവസം നൽകിയിട്ടുണ്ടെന്നും അതിനുള്ളിൽ തീരുമാനങ്ങളൊന്നുമുണ്ടായില്ലെങ്കിൽ സ്വന്തം വഴി നോക്കുമെന്നും മുൻ ഡി.സി.സി പ്രസിഡന്റ് എ.വി. ഗോപിനാഥ് പറഞ്ഞു. പാർട്ടി വിടുകയാണെങ്കിൽ തനിച്ചായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മലയാളം ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ്.
അഭിമുഖത്തിൽ നിന്ന്
? പാർട്ടി വിടാൻ തീരുമാനിച്ചോ?
$ അത് പറയാറായിട്ടില്ല. ഇപ്പോഴത്തെ രീതിയിൽ മുന്നോട്ട് പോകാനാവില്ല. അക്കാര്യം ഞാൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. ഇനി നടപടി എടുക്കേണ്ടത് നേതൃത്വമാണ്. ഞാൻ കോൺഗ്രസുകാരനാണ്. പക്ഷേ എന്നും അങ്ങിനെത്തന്നെ ആയിരിക്കുമെന്ന് പറയാനാവാത്ത അവസ്ഥയുണ്ട്.
? ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ എന്തായി?
അത് ഞാനല്ല പറയേണ്ടത്. ശ്രീകണ്ഠൻ വന്നു കണ്ടിരുന്നു. കെ.പി.സി.സി പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് വന്നത് എന്ന് പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചിരുന്നു. വെള്ളിയാഴ്ച കെ. സുധാകരൻ കാണാനെത്തുമെന്ന് പറഞ്ഞിട്ടുണ്ട്. പാർട്ടി നിലപാട് പറയട്ടെ. അതിനു ശേഷം എന്തു വേണമെന്ന് കൂടെയുള്ളവരോടു കൂടി ആലോചിച്ച് തീരുമാനിക്കും.
?പ്രധാനമായി എന്തെല്ലാം ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്?
$ എന്തെങ്കിലും വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയല്ല കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഗ്രൂപ്പില്ലാതെ കോൺഗ്രസിൽ നിലനിൽക്കാനാവില്ലെന്ന അവസ്ഥയാണ്. ഗ്രൂപ്പില്ലാത്തവർക്ക് ഒരു സ്ഥാനവും നൽകില്ല. അങ്ങനെയുള്ളവർ പാർട്ടിയിൽ വേണ്ട എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഞങ്ങളുടെ രക്തം കുടിച്ച് ഒരുപാട് നേതാക്കൾ തടിച്ചു കൊഴുത്തു. ഇനി രക്തം നൽകാനില്ല. ഈ അവസ്ഥയിൽ കോൺഗ്രസ് നിലനിൽക്കണമെങ്കിൽ ഞാൻ ഉറച്ചു നിൽക്കണം. അതിനൊരു പോംവഴി കണ്ടു പിടിച്ചേ പറ്റൂ.
?ഗ്രൂപ്പില്ലാത്ത കോൺഗ്രസ് എന്നാണോ?
$ ഗ്രൂപ്പ് നടത്തിക്കോട്ടെ. പരമാവധി ഗ്രൂപ്പ് നടത്തി നശിച്ചോട്ടെ. പക്ഷേ ഗ്രൂപ്പില്ലാത്തവരെ വേട്ടയാടരുത്. ഗ്രൂപ്പല്ല, കോൺഗ്രസാണ് വലുത് എന്ന് പറയുന്നവനും സംരക്ഷണം നൽകണം.
ഗ്രൂപ്പില്ലാത്തവരെ പുറത്താക്കുകയും വരുതിക്ക് നിർത്തുകയും ചെയ്യുന്നതിനുള്ള പ്രവണത മാറണം.
?മറ്റ് രാഷ്ട്രീയപ്പാർട്ടികളിൽ നിന്ന് ഓഫറുണ്ടോ?
$ മറുചേരികളിൽനിന്ന് പലരും വിളിച്ചിരുന്നു. കോൺഗ്രസിൽനിന്ന് പുറത്ത് വന്നാൽ പിന്തുണക്കാം എന്നാണ് വാഗ്ദാനം.
?ഇടതുമുന്നണിയാണോ ബി.െജ.പിയാണോ താൽപര്യം?
$ അത്തരം ചോദ്യങ്ങൾക്ക് തൽക്കാലം പ്രസക്തിയില്ല. കോൺഗ്രസിലാണ് ഞാനിപ്പോൾ. ഞാൻ അതിൽ തന്നെ നിൽക്കേണ്ടതുണ്ടോ എന്ന് പറയേണ്ടത് ആ പാർട്ടിയുടെ നേതൃത്വമാണ്. തീരുമാനം പറയുന്നതു രണ്ടു ദിവസം കാക്കും. അതിനു ശേഷം ബാക്കി കാര്യങ്ങൾ. ഏതായാലും തെരഞ്ഞെടുപ്പ് രംഗത്ത് ഞാൻ സജീവമായിത്തന്നെയുണ്ടാകും.
?മൽസരിക്കാൻ സീറ്റ് നൽകിയാൽ പ്രശ്‌നം തീരുമോ?
$ മത്സരമല്ല എന്റെ ലക്ഷ്യം. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ആഗ്രഹിക്കുന്നില്ല.
?ഷാഫി പറമ്പിലിനോട് എന്തെങ്കിലും വ്യക്തിപരമായ അഭിപ്രായവ്യത്യാസമുണ്ടോ?
$ അത്തരം വാർത്തകൾ കണ്ടു. അത് ശരിയല്ല. ഷാഫി പറമ്പിലുമായി നല്ല ബന്ധമാണ് ഉള്ളത്. വ്യക്തിപരമായ കാര്യമായി എന്റെ നിലപാടിനെ കാണുന്നത് ശരിയല്ല.
?പാർട്ടിയിൽ പിളർപ്പുണ്ടാകുമോ?
$ അത് എന്റെ ലക്ഷ്യമല്ല. എന്നാൽ കോൺഗ്രസ് വിടുകയാണെങ്കിൽ തനിച്ചായിരിക്കില്ല. എന്റെ വികാരം പങ്കുവെക്കുന്ന നിരവധി പേർ ജില്ലയിലുണ്ട്. ഗ്രൂപ്പില്ലാത്തവർക്കും കോൺഗ്രസിൽ അഭിമാനത്തോടെ പ്രവ ർത്തിക്കാനാവണം. പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്തിൽ ആകെയുള്ള 16 അംഗങ്ങളിൽ 11 പേരും കോൺഗ്രസുകാരാണ്. അവരെല്ലാം എനിക്കൊപ്പമാണെന്ന് അറിയിച്ചിട്ടുണ്ട്. ജില്ലയുടെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള പ്രവർത്തകരും പിന്തുണയറിയിച്ച് വിളിക്കുന്നുണ്ട്.






