പത്തനംതിട്ട - ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ കെ.യു. ജനീഷ്കുമാറും വീണ്ടും മത്സരിക്കണമെന്ന് സി.പി.എം ജില്ലാ നേതൃത്വം.
റാന്നി സീറ്റ് കേരള കോൺഗ്രസിന് നൽകരുതെന്നും രാജു എബ്രഹാമിന് ഒരു അവസരം കൂടി നൽകണമെന്നും സി.പി.എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതോടെ സീറ്റ് കിട്ടാത്ത പരിഭവത്തിൽ മാണി ഗ്രൂപ്പ്. സി.പി.എം സംസ്ഥാന സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
25 വർഷമായി റാന്നിയെ പ്രതിനിധീകരിക്കുന്നത് രാജു എബ്രഹാമാണ്. അഞ്ച് തവണ എം.എൽ.എയായതിനാൽ അദ്ദേഹത്തിന് ഇത്തവണ സീറ്റ് നൽകാനുള്ള സാധ്യതയും കുറവായിരുന്നു. എന്നാൽ വിജയസാധ്യത കണക്കിലെടുത്ത് രാജു എബ്രഹാമിന് ഒരു അവസരം കൂടി നൽകണമെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.
റാന്നി സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള നീക്കത്തിലും ജില്ലയിലെ സി.പി.എമ്മിന് എതിർപ്പുണ്ട്.
റാന്നി സീറ്റ് വിട്ടുനൽകിയാൽ ജില്ലയിൽ പാർട്ടി മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം രണ്ടായി ചുരുങ്ങും. അതിനാൽ റാന്നിയിൽ ഒരുവീട്ടുവീഴ്ചയും വേണ്ടെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. അതേസമയം, രാജു എബ്രഹാമിന്റെ കാര്യത്തിൽ സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമാകും.






