Sorry, you need to enable JavaScript to visit this website.

പുതിയ കരുത്തുമായി സ്വിഫ്റ്റ്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാറെന്ന റെക്കോര്‍ഡും

മാരുതി സുസൂക്കി സ്വിഫ്റ്റ് 2021 പതിപ്പ് ദിവസങ്ങള്‍ക്കു മുമ്പാണ് വിപണിയിലെത്തിയത്. തൊട്ടുപിന്നാലെ പുതിയ വില്‍പ്പന റെക്കോര്‍ഡും മൂന്നാം തലമുറ സ്വിഫ്റ്റ് സ്വന്തമാക്കിയിരിക്കുന്നു. മാരുതി സുസുക്കിയുടെ തന്നെ ഏറ്റവും ജനപ്രിയ കാറായ ഓള്‍ട്ടോ ആയിരുന്നു ഇതുവരെ വില്‍പ്പനയില്‍ ഏറ്റവും മുമ്പില്‍. എന്നാല്‍ ഫെബ്രുവരിയിലെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ഈ റെക്കോര്‍ഡ് സ്വിഫ്റ്റ് സ്വന്തമാക്കി. 20,264 യൂണിറ്റുകളാണ് 2021 ഫെബ്രുവരിയില്‍ വിറ്റഴിഞ്ഞത്. 16,919 യൂണിറ്റുകള്‍ വിറ്റഴിഞ്ഞ ഓള്‍ട്ടോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പുതിയൊരു എന്‍ജിനുമായാണ് സ്വിഫ്റ്റിന്റെ 2021 പതിപ്പിന്റെ വരവ്. പുറമെ, പുതിയ ഫീച്ചറുകളും ഡിസൈന്‍ മാറ്റങ്ങളുമെല്ലാമുണ്ട്. കുറെക്കൂടി കരുത്തേറിയ പെട്രോള്‍ എന്‍ജിനാണ് ആകര്‍ഷകത്വം കൂട്ടുന്നത്. നിലവില്‍ 83 ബിഎച്ചിപിയും 113 എന്‍എം ടോര്‍ക്കുമുള്ള, 12 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ കെ12എം എന്‍ജിനാണ് സ്വിഫ്റ്റിലുള്ളത്. ഇതിനെക്കാള്‍ 7 ബിഎച്ച്പി അധിക കരുത്തുണ്ട് പുതിയ 1.2 ലിറ്റര്‍ എന്‍ജിന്. ഇന്ധനച്ചെലവ് കുറയ്ക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികതയും ചേര്‍ത്തിട്ടുണ്ട്.

രണ്ട് ഗിയര്‍ബോക്‌സുകളാണ് ഈ എന്‍ജിനോട് മാരുതി ചേര്‍ത്തിരിക്കുന്നത്. ഒരെണ്ണം 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ്. ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് മറ്റൊന്ന്. ഇതേ എന്‍ജിന്‍ നേരത്തെ സ്വിഫ്റ്റ് ഡിസയര്‍ പുതുക്കലിലും ചേര്‍ത്തിരുന്നു. മികച്ച പ്രതികരണമാണ് ഈ എന്‍ജിന് ലഭിച്ചത്.

മാന്വല്‍ ട്രാന്‍സ്മിഷനില്‍ ലിറ്ററിന് 23.20 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. എഎംടിയില്‍ 23.76 കിലോമീറ്ററും.

ഡ്യുവല്‍ ടോണ്‍ എക്സ്റ്റീയര്‍, പുതിയ മെഷ് ഗ്രില്ലില്‍ കുറുകെ വലിയ ക്രോമിയം രേഖ എന്നിവ വാഹനത്തിന്റെ പ്രീമിയം സ്വഭാവം വര്‍ധിപ്പിക്കുന്ന ഘടകമാണ്. ഇന്റീരിയറില്‍ പലയിടത്തും സില്‍വര്‍ ഓര്‍നമെന്റേഷന്‍ നടത്തിയതും കാറിന്റെ പ്രീമിയം ഭംഗി കൂട്ടുന്നു.

എഡിഎസ് വേരിയന്റില്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം സുരക്ഷാ സംവിധാനമായി ചേര്‍ത്തിട്ടുണ്ട്. എയര്‍ബാഗുകള്‍, ഇബിഡി, പ്രീ ടെന്‍ഷനര്‍ ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബല്‍റ്റുകള്‍, ഡ്രൈവര്‍, കോ ഡ്രൈവഡര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, റിയര്‍വ്യൂ ക്യാമറ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.

Latest News