ജിദ്ദ- കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്ക് വരുന്നവർക്ക് വിമാന വിലക്ക് തുടരുന്ന പശ്ചാത്തലത്തില്‍ മലയാളികള്‍ നേരിടുന്ന യാത്രാ ദുരിതം കേക്കില്‍ ചിത്രീകരിച്ച് ജിദ്ദയിലെ മലയാളി അധ്യാപിക.
നാട്ടില്‍നിന്ന് പുറപ്പെട്ട് യു.എ.ഇയില്‍ എത്തിയപ്പോള്‍ അവിടെനിന്ന് സൗദിയിലേക്കുള്ള യാത്ര തടയപ്പെട്ടതിനെ തുടർന്ന് ബഹ്റൈനിലേക്ക് പോകുകയും അവിടെനിന്ന് റോഡ് മാർഗം സൗദിയിലെത്തുകയും ചെയ്ത സഹ അധ്യാപിക സുബിന്‍ സാജിദിന്‍റെ മകള്‍ക്ക് സമ്മാനിക്കാനാണ് കോഴിക്കോട് സ്വദേശിനിയായ ഷംന സനൂജ് അപൂർവ കേക്ക് തയാറാക്കിയത്.
നാട്ടില്‍ പഠിക്കുന്ന ശൈഹ ഫാത്തിമ സാജിദ് സൗദിയിലേക്ക് വരുന്നതിന് യു.എ.ഇയിലെത്തിയപ്പോഴാണ് യു.എ.ഇയും ഇന്ത്യയുമടക്കം 20 രാജ്യങ്ങളില്‍നിന്ന് വരുന്നവർക്ക് സൗദി അനിശ്ചിതമായ വിലക്ക് പ്രഖ്യാപിച്ചത്. യു.എ.ഇയില്‍ 14 ദിവസത്തെ താമസം പൂർത്തീകരിക്കാനിരിക്കെയായിരുന്നു വിലക്ക്. തുടർന്നാണ് വിദ്യാർഥിനി ബഹ്റൈനിലേക്ക് പോയതും അവിടെ 14 ദിവസം താമസിച്ചതും.
റോഡ് മാർഗം ദമാമിലെത്തിയ ശൈഹ ഫാത്തിമയെ മാതാപിതാക്കളായ സുബിനും സാജിദും അവിടെ ചെന്ന് കാറിലാണ് ജിദ്ദയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
യാത്രയുടെ ദുരിത കഥ അറിയുന്ന ഷംന സനൂജ് അതൊക്കെ കേക്കിനു മുകളില്‍ ക്രീം കൊണ്ട് ചിത്രീകരിച്ച് സമ്മാനിക്കുകയായിരുന്നു. സുബിനോടൊപ്പം അല്‍വാദി ഇന്‍റർനാഷണല്‍ സ്കൂളില്‍ ജോലി ചെയ്യുന്ന ഷംന 14 വർഷമായി ജിദ്ദയിലുണ്ട്. ഷംന തയാറാക്കുന്ന കേക്കുകള്‍ നാട്ടുകാർക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ പ്രശസ്തമാണ്.