Sorry, you need to enable JavaScript to visit this website.

എന്താണ് ബ്ലോക്ക് ചെയിൻ?

ആർക്കുവേണമെങ്കിലും എത്രവേണമെങ്കിലും പുനർനിർമിക്കാൻ കഴിയുന്ന പരമ്പരാഗത ഓൺലൈൻ ഉള്ളടക്കത്തിൽനിന്ന് വ്യത്യസ്തമായി ഓരോ ഇനത്തെയും സ്വന്തമാക്കാനും പരസ്യമായി ആധികാരികമാക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയിൻ.

വാണിജ്യരംഗത്ത് അതിവേഗം വളർന്നുവരുന്ന സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയിൻ. എല്ലാ ക്രിപ്‌റ്റോ കറൻസി ഇടപാടുകളും ക്രമമായി അക്കമിട്ട് സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഭീമൻ ഓൺലൈൻ ഡിജിറ്റൽ കണക്ക് പുസ്തകത്തിന്റെ പേരാണ് ബ്ലോക്ക് ചെയിൻ. ഈ കണക്ക് പുസ്തകത്തിലെ ഓരോ വ്യക്തിയുടെ പേരിലും എത്ര പണം ബാക്കിയുണ്ടെന്നും ഇടപാടുകൾ നടന്നോ എന്നും എളുപ്പത്തിൽ മനസ്സിലാക്കാനാകും. ക്രിപ്‌റ്റോ കറൻസി ഉപയോഗങ്ങൾക്ക് പുറമേ വിവിധ മേഖലകളിലും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. 
ഇന്നത്തെ പല തൊഴിലുകളിലും ഭാവിയിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഉപയോഗപ്പെടുത്തേണ്ടി വരുമെന്നാണ് പഠനം തെളിയിക്കുന്നത്. സാമ്പത്തിക, റീട്ടെയിൽ, ഗതാഗത, റിയൽ എസ്‌റ്റേറ്റ്, ആഗോള ഷിപ്പിംഗ്, ആരോഗ്യരക്ഷ, മൊബൈൽ ഇടപാടുകൾ തുടങ്ങി വിവിധ സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ബ്ലോക്ക് ചെയിൻ വഴിതെളിക്കുമെന്നാണ് ചുരുങ്ങിയ കാലംകൊണ്ട് തെളിയുന്നത്. ഒരു വർഷത്തിനകം ഈ മേഖലയിലെ തൊഴിലവസരങ്ങളിൽ 300 ശതമാനം വർധനയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പ്രവണത തുടർന്നാൽ അഞ്ചുവർഷത്തിനകം പത്തു ലക്ഷം തൊഴിലവസരങ്ങളുണ്ടാകും.


ലോകത്തെ വലിയ സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ വാൾമാർട്ട്, ഷിപ്പിംഗ് കമ്പനികളായ ഫെഡെക്‌സ്, യു.പി.എസ്, മെസ്‌ക് തുടങ്ങിയവയും, ബ്രിട്ടീഷ് ഐർവേയിസ്, സിംഗപ്പൂർ എയർലൈൻസ്, ബർഗർ കിംഗ്, കിക്ക്, ഐ.ബി.എം, മൈക്രോസോഫ്റ്റ്, ഓവർ സ്‌റ്റോക്ക്, മാസ്റ്റർകാർഡ്, ഹുവാവെ ടെക്‌നോളജീസ്, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ കമ്പനികളൂം ഇതിനോടകം ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങി കഴിഞ്ഞു.


ബ്ലോക്ക് ചെയിനിന്റെ സാധ്യതകളെ മനസ്സിലാക്കി ലോകരാജ്യങ്ങളിലെല്ലാം ഈ സാങ്കേതിക വിദ്യ പരിശീലിപ്പിക്കുവാനുള്ള പല പാഠ്യ പദ്ധതികളും ആരംഭിച്ചു കഴിഞ്ഞു. 
കേന്ദ്രീകൃത സ്വഭാവമുള്ള ഒരു കണക്ക് പുസ്തകമല്ല എന്ന പ്രത്യേകതയുണ്ട്. ഒരു വ്യക്തിയോ സംഘടനയോ ബാങ്കോ നിയന്ത്രിക്കുന്ന കണക്ക് പുസ്തകമല്ല. ലോകം മുഴുവൻ ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നടത്തുന്നവർ തന്നെയാണ് പൊതു സമ്മതമായ രീതിയിൽ ഇടപാടുകൾ രേഖപ്പെടുത്തുന്നത്. ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഇതിൽ യാതൊരു വിധ ക്രമക്കേടുകളും നടത്താൻ കഴിയില്ല. അതോടൊപ്പം ഒരിക്കൽ എഴുതി ചേർത്ത കണക്കുകളിൽ പിന്നീട് ആർക്കും ഒരു മാറ്റവും വരുത്താൻ കഴിയില്ല.


ബ്ലോക്ക് ചെയിൻ എന്നത് ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് പൂർണ സുരക്ഷയോടെ കക്ഷികൾ തമ്മിൽ വളരെ വേഗത്തിൽ നടത്തപ്പെടുന്ന ഇടപാടുകൾ അടങ്ങിയ ഒരു ഡാറ്റാബേസാണ്. ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന റെക്കോർഡുകൾ വൻതോതിൽ സൂക്ഷിച്ചു പരിപാലിക്കുന്ന ഡിജിറ്റൽ റെക്കോർഡിനെ ബ്ലോക്ക് എന്നു പറയാം. പല ബ്ലോക്കുകൾ ചേർന്നു രൂപംകൊള്ളുന്ന ചങ്ങലയാണ് ബ്ലോക്ക് ചെയിൻ. ചെയിനിലെ ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ട ഇടപാടുകളായിരിക്കും. അസംഖ്യം പങ്കാളികൾക്ക് ഇതിൽ ചേരാം. ഡിജിറ്റൽ വിവരങ്ങൾ വിതരണം ചെയ്യാനും പരസ്പരം സൗകര്യത്തോടെ കൈമാറാനും ഇത് ഉപകരിക്കും. വിവരങ്ങൾ സുതാര്യമായിരിക്കും. ബ്ലോക്ക് ചെയിനിനെ ഡിസ്ട്രിബ്യൂറ്റഡ് ഡിജിറ്റൽ ലെഡ്ജറെന്നും വിശേഷിപ്പിക്കാം. ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ച് നടക്കുന്ന ഓരോ ഇടപാടുകളും ക്രമമായി ഒരു പ്രത്യേക രഹസ്യ പ്രോഗ്രാമിംഗുകൾ വഴി ആർക്കും തിരുത്താൻ കഴിയാത്ത വിധം ഓൺലൈൻ പബ്ലിക് ലെഡ്ജറുകളിൽ രേഖപ്പെടുത്തി വെക്കുന്നു. ഓരോ ചെറിയ ഇടപാടും ഇങ്ങനെ ക്രിപ്‌റ്റോ കറൻസി ശൃംഖലയിലെ ആയിരക്കണക്കിന് ലെഡ്ജറുകളിൽ ഒരേ സമയം രേഖപെടുത്തുന്നു. ഇങ്ങനെയുള്ള ഒരു കൂട്ടം ഇടപാടുകളുടെ വിവരങ്ങൾ ചേർത്ത് ഒരു ബ്ലോക്ക് ആക്കി അതിനെ വീണ്ടും രഹസ്യ പ്രോഗ്രാമിങ്ങുകൾ ഉപയോഗിച്ചു സുരക്ഷിതമാക്കുന്നു. 


ആഗോളതലത്തിൽ തന്നെ ബ്ലോക്ക് ചെയിൻവഴി ആയിരക്കണക്കിന് സെർവറുകളിൽ ഡേറ്റ ശേഖരിച്ചു വെക്കാം. ബ്ലോക്ക് ചെയിനിലെ ഓരോ പങ്കാളിയും കൂട്ടിച്ചേർക്കുന്ന ഡേറ്റ മറ്റുള്ളവർക്ക് അപ്പപ്പോൾ കാണാം. ഇങ്ങനെ പുതിയ ബ്ലോക്കിനെ അടുത്തതുമായി ബന്ധിപ്പിക്കുന്ന സംവിധാനത്തെയാണ് ക്രിപ്‌റ്റോഗ്രാഫിക് ഹാഷിംഗ് എന്ന് പറയുന്നത്. ബ്ലോക്ക് ചെയിൻ എന്ന കണക്കുപുസ്തകത്തെ അടിസ്ഥാനമാക്കി മാത്രം നിലനിൽക്കുന്ന ഒരു കറൻസി സംവിധാനമായതിനാൽ, അതിന്റെ സുരക്ഷിതത്വം വളരെ പ്രധാനമാണ്. അതിനാൽ ബ്ലോക്ക് ചെയിനിൽ ബ്ലോക്കുകൾ കൂട്ടിച്ചേർക്കുന്നത് സങ്കീർണമായ ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതികത്വത്തിലൂടെയാണ്.


ബ്ലോക്ക് ചെയിനിലെ രഹസ്യ രൂപത്തിലുള്ള വിവരങ്ങൾ പരിശോധിക്കുന്നതിനും ബ്ലോക്ക് ചെയിനിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിനും വീണ്ടും വളരെ സങ്കീർണമായ പ്രോഗ്രാമുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഇതിന് സഹായിക്കുന്നവരെ മൈനേഴ്‌സ് എന്നും വിളിക്കുന്നു. മൈനേഴ്‌സ് അവരുടെ ശക്തിയേറിയ കംപ്യൂട്ടർ അല്ലെങ്കിൽ ഒരു കൂട്ടം കംപ്യൂട്ടറുകൾ ഉപയോഗിച്ച് ബ്ലോക്ക് ചെയിനിന്റെ ആധികാരികത ഉറപ്പു വരുത്തുന്നു. ഇതിനെയാണ് മൈനിംഗ് എന്ന് പറയുന്നത്. ഇത് ഏറ്റവും ആദ്യം ചെയ്തു തീർക്കുന്ന മൈനറിന് അയാൾ പരിശോധിച്ച ഇടപാടുകൾക്ക് ആനുപാതികമായി ചെറിയ തുക ക്രിപ്‌റ്റോ കറൻസിയുടെ രൂപത്തിൽ പ്രതിഫലമായി ലഭിക്കുന്നു. ഇത്തരത്തിൽ ഇടപാടുകൾ രേഖപ്പെടുത്തുമ്പോൾ രണ്ടുതരത്തിൽ പ്രതിഫലം സ്വീകരിക്കാം. ഒന്ന് ഇടപാടുകൾ പെട്ടെന്ന് കണക്കിൽ കൊള്ളിച്ചുകിട്ടാൻ ഇടപാടുകാർ നൽകുന്ന കമ്മീഷൻ. രണ്ട് ബ്ലോക്ക് ചെയിനിലേക്ക് ഒരു പുതിയ ബ്ലോക്ക് കൂട്ടിച്ചേർക്കപ്പെടുമ്പോൾ ബ്ലോക്ക് ചെയിൻ സംവിധാനം സൃഷ്ടിക്കുന്ന കോയിനുകൾ.

 

Latest News