ജിസാനില്‍ ഹൂത്തി മിസൈല്‍; സൗദി സഖ്യസേന തകർത്തു

റിയാദ്- സൗദി അറേബ്യയിലെ ജിസാനില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം അറബ് സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ച രാവിലെയാണ് ജിസാന്‍ ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹൂത്തികള്‍ മിസൈല്‍ തൊടുത്തത്. ലക്ഷ്യത്തിലെത്തുംമുമ്പ് തന്നെ സഖ്യസേനക്ക് ഇത് തകര്‍ക്കാന്‍ സാധിച്ചുവെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
സിവിലിയന്മാരെ ലക്ഷ്യമിട്ട് ഹൂത്തി ഭീകരരുടെ ആക്രമണങ്ങള്‍ തുടരുകയാണെന്നും സുരക്ഷക്കായി എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാത്രി തെക്കുപടിഞ്ഞാറന്‍ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് അയച്ച രണ്ട് ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തിരുന്നു.
യെമനില്‍നിന്ന് ഹൂത്തികള്‍ തുടര്‍ച്ചയായി സൗദി ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും അയക്കുകയാണ്. യെമന്‍ അതിര്‍ത്തിയില്‍നിന്ന് 120 കി.മീ അകലെയുള്ള അബഹ എയര്‍പോര്‍ട്ടിനു സമീപം മിസൈല്‍ എത്തിക്കാന്‍ ഹൂത്തികള്‍ക്ക് സാധിച്ചിരുന്നു. ഇവിടെ ഒരു വിമാനത്തിന് തീപ്പിടിച്ചതിനു പിന്നാലെ അബഹ എയര്‍പോര്‍ട്ട് തങ്ങളുടെ സൈനിക ലക്ഷ്യമാണെന്ന് ഹൂത്തുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. സൗദി നഗരങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തുന്ന മിക്ക ആക്രമണ നീക്കങ്ങളും തകര്‍ക്കാന്‍ സഖ്യസേനക്ക് സാധിക്കുന്നുണ്ട്.

 

Latest News