Sorry, you need to enable JavaScript to visit this website.

പുതുച്ചേരി ഭരണം സ്വപ്‌നം കാണുന്ന ബി.ജെ.പിക്ക് എൻ ആർ കോൺഗ്രസിന്റെ തിരിച്ചടി

ചെന്നൈ- പുതുച്ചേരി ഭരിക്കാമെന്ന സ്വപ്‌നത്തിനിടയിൽ ഞെട്ടിയുണർന്ന് ബി.ജെ.പി. മുൻ മുഖ്യമന്ത്രി എൻ രംഗസ്വാമി അകൽച്ച പാലിക്കുന്നതാണ് ഭരണമോഹം ബി.ജെ.പിക്ക് വിദൂരമാകുന്നത്. എൻ.ആർ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാകും. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന എൻ രംഗസ്വാമിയുടെ ആവശ്യത്തോട് ബി.ജെ.പി മുഖംതിരിച്ചതോടെയാണ് എൻ.ആർ കോൺഗ്രസ് സഖ്യത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്. രംഗസ്വാമിയുമായി അനുനയത്തിന് ബി.ജെ.പി നേതാവ് നിർമൽ കുമാർ ശ്രമങ്ങൾ നടത്തിയെങ്കിലും അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. പുതുച്ചേരിയിലെ മുപ്പത് മണ്ഡലങ്ങളിൽ ഒന്നിൽ പോലും ജയിക്കാനായിട്ടില്ലാത്ത ബി.ജെ.പിക്ക് മുന്നണിയുടെ ചുക്കാൻ നല്കാനാവില്ലെന്ന അഭിപ്രായമാണ് രംഗസ്വാമിക്കുള്ളത്. ഒറ്റക്ക് മത്സരിച്ച എൻ.ആർ കോൺഗ്രസാവട്ടെ ഏഴ് സീറ്റുകൾ നേടുകയും ചെയ്തിരുന്നു. സഖ്യത്തിലെ മറ്റൊരു കക്ഷിയായ അണ്ണാ ഡി എം കെയ്ക്ക് നാല് സീറ്റുകളുമാണ് ലഭിച്ചത്.
പുതുച്ചേരിയിൽ ബി ജെ പി മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം പറഞ്ഞതാണ് രംഗസ്വാമിയെ ചൊടിപ്പിച്ചത്.
പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാറിനെ തകർത്ത് ഭരണം പിടിക്കാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങൾക്കിടെയാണ് അവർ തിരിച്ചടി നേരിട്ടത്. കോൺഗ്രസ് സർക്കാരിലെ രണ്ടാമനെ ഉൾപ്പെടെ മറുകണ്ടം ചാടിച്ചാണ് ബി.ജെ.പി പുതുച്ചേരി സർക്കാറിനെ വീഴ്ത്തിയത്.
 

Latest News