Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിനുകൾക്കെതിരെ പ്രചാരണവുമായി കത്തോലിക്ക ബിഷപ്പുമാർ

വാഷിംഗ്ടൺ- ധാർമികമായി വിട്ടുവീഴ്ച ചെയ്യപ്പെടുമെന്ന് പ്രചരിപ്പിച്ച് കോവിഡ് വാക്‌സിനുകളിൽ ചിലത് ഉപയോഗിക്കാൻ പാടില്ലെന്ന് വിശ്വാസികളെ ഉണർത്തി ഏതാനും കത്തോലിക്കാ ബിഷപ്പുമാർ. കോവിഡ് വാക്‌സിൻ ഉപയോഗത്തെ കുറിച്ച് വത്തിക്കാൻ നല്കിയ നിർദ്ദേശങ്ങൾ ലംഘിക്കുന്ന തരത്തിലാണ് ചില ബിഷപ്പുമാർ വിശ്വാസികൾക്ക് കോവിഡ് വാക്‌സിൻ വിരുദ്ധ സന്ദേശം നല്കുന്നത്.
യു.എസിലെ രണ്ട് കത്തോലിക്ക മെത്രാന്മാരെങ്കിലും ഇത്തരത്തിൽ കോവിഡ് വാക്‌സിനുകളിൽ ചിലത് ഉപയോഗിക്കരുതെന്ന ഉപദേശം നല്കുന്നുണ്ടെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അത്യാവശ്യമെങ്കിൽ ഫൈസർ, മോഡേണ വാക്‌സിനുകൾ ഉപയോഗിക്കാമെന്നും ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ ഉപയോഗിക്കരുതെന്നുമാണ് വിശ്വാസികളെ മെത്രാന്മാർ ഉണർത്തുന്നത്. വത്തിക്കാൻ സ്വീകരിച്ച നിലപാടുകൾക്ക് വിരുദ്ധമായി ഇവർ സ്വീകരിക്കുന്ന നയം വാക്‌സിൻ നല്കുന്നത് വേഗത്തിലാക്കാനുള്ള ശ്രമങ്ങൾക്കും തിരിച്ചടിയാകുന്നുണ്ട്.
ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ വികസിപ്പിക്കുന്നതിലും ഉത്പാദിപ്പിക്കുന്നതിലും ചില പ്രശ്‌നങ്ങളുണ്ടെന്നും ധാർമികമായി വിട്ടുവീഴ്ച ചെയ്യപ്പെടുന്നുവെന്നുമാണ് ന്യൂ ഓർലിയാൻസിലെ അതിരൂപത കഴിഞ്ഞയാഴ്ച കത്തോലിക്കരെ അറിയിച്ചത്. ഭ്രൂണഹത്യയും ഗർഭഛിദ്രവുമായി ജോൺസൺ ആന്റ് ജോൺസൺ കോവിഡ് വാക്‌സിന് ബന്ധമുണ്ടെന്ന തരത്തിലാണ് പ്രചാരണം പുരോഗമിക്കുന്നത്. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട വാക്‌സിനുകളുടെ നൈതികതയെ കുറിച്ച് കത്തോലിക്കർക്കിടയിൽ ദീർഘകാലമായി നടക്കുന്ന ചർച്ചയിലെ ഏറ്റവും പുതിയ മുന്നറിയിപ്പാണിത്. എന്നാൽ തങ്ങളുടെ തങ്ങളുടെ വാക്‌സിൻ ഡോസുകളുടെ നിർമാണ രീതികളെ കുറിച്ചുള്ള അതിരൂപതയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നില്ലെന്നാണ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വക്താവ് പറഞ്ഞത്.
ധാർമികമായ നിലാപടുകളുള്ള വാക്‌സിനുകൾ ലഭ്യമല്ലാത്തപ്പോൾ ഗവേഷണത്തിലും ഉത്പാദനത്തിലും പ്രക്രിയയിലും ഉപേക്ഷിക്കപ്പെട്ട ഗർഭപിണ്ഡങ്ങളിൽ നിന്ന് സെൽ ലൈനുകൾ ഉപയോഗിച്ച കോവിഡ് വാക്‌സിനുകൾ സ്വീകരിക്കുന്നത് ധാർമികമായി സ്വീകാര്യമാണെന്ന് ഡിസംബറിൽ വത്തിക്കാൻ പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ പ്രസ്താവനയിൽ ഏതൊക്കെ വാക്‌സിനുകളാണ് ധാർമികത പിന്തുടരുന്നതെന്നോ ഏതൊക്കെ ധാർമികത നിലനിർത്തുന്നില്ലെന്നോ പരാമർശിച്ചിരുന്നില്ല.
കത്തോലിക്കാ ബിഷപ്പുമാരുടെ യു എസ് സമ്മേളനത്തിൽ ഫൈസർ, മോഡേണ വാക്‌സിനുകളെ അനുകൂലിച്ചും ഗർഭഛിദ്രം ചെയ്ത കലകളുമായുള്ള ബന്ധം വിദൂരമാണെന്നും അതിനാൽ അവ ഉപയോഗിക്കുമെന്നുമാണ് പറഞ്ഞത്. അതിനിടയിൽ ഏതാനും രൂപതകളിലുള്ളവരും കമ്മിറ്റികളുടെ ചെയർമാരും കോവിഡ് വാക്‌സിനുകളിൽ ചിലതിനെ കുറിച്ച് സംശയാസ്പദമായ പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു. എങ്കിലും ഭൂരിപക്ഷം രൂപതകളും ബിഷപ്പുമാരും ഈ നിലപാടിനോട് യോജിക്കാവുന്ന സമീപനമല്ല സ്വീകരിച്ചത്.
ഫൈസർ, മോഡേണ വാക്‌സിനുകളെ അപേക്ഷിച്ച് ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ സംഭരിക്കാൻ എളുപ്പവും ഒറ്റ ഡോസ് മാത്രം നല്കാവുന്നതുമായതിനാൽ ഗഗ്രാമീണ മേഖലയിലുള്ളവർക്കും വാക്‌സിനേഷനെടുക്കാൻ എത്തിച്ചേരാൻ ബുദ്ധിമുട്ടുളളവർക്കും ഉൾപ്പെടെ വലിയ ഉപയോഗമായിരിക്കും ഇതിലൂടെ ലഭ്യമാകുക. ധാർമികതയുടെ പേരിൽ ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ ഉപയോഗം നിരുത്സാഹപ്പെടുത്തിയാൽ കോവിഡ് വ്യാപനത്തിനെതിരെയുള്ള യുദ്ധം മന്ദഗതിയിലാക്കാനാണ് സഹായിക്കുക. മാത്രമല്ല പൊതുനന്മയ്ക്കപ്പുറം സാംസ്‌ക്കാരികമായി യുദ്ധമുഖം തുറക്കുന്നതിലേക്കായിരിക്കും ഇത്തരം പ്രചാരണങ്ങൾ സഹായിക്കുക. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം പൊതുനന്മ പിന്തുടരാനുള്ള കടമയും ജനങ്ങൾക്കുള്ളതിനാൽ ഇത്തരം ചർച്ചകൾ അനാവശ്യമാണെന്ന അഭിപ്രായമാണ് കത്തോലിക്കർക്കിടയിൽ തന്നെ കൂടുതലുള്ളത്. മനഃസാക്ഷിക്കനുസരിച്ച് പെരുമാറാൻ ഒരാൾ തീരുമാനിച്ചാൽ മറ്റ് രോഗപ്രതിരോധ മാർഗ്ഗങ്ങളിലൂടെ താൻ പകർച്ചവ്യാധി വാഹകനായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
എന്നാൽ പൊതുനന്മയ്ക്കു വേണ്ടി ജോൺസൺ ആന്റ് ജോൺസൺ ഉപയോഗിക്കുന്നതിനെ കുറിച്ചോ വാക്‌സിനേഷനെ മൊത്തത്തിൽ പ്രോത്സാഹിപ്പിക്കാനോ ന്യൂഓർലിയൻസ് അതിരൂപതയുടെ പ്രസ്താവന തയ്യാറാകുന്നില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ജോൺസൺ ആന്റ് ജോൺസൺ മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ എങ്ങനെയൊക്കെയാണ് മോശമാകുന്നത് എന്നതിൽ മാത്രമാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
 

Latest News