കോട്ടയം ഇടതുമുന്നണി സീറ്റ് ചർച്ച കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി സീറ്റുകളിൽ ഉടക്കി

കോട്ടയം- ഇടതുമുന്നണി സീറ്റു ചർച്ചകൾ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി സീറ്റുകളിൽ ഉടക്കിയപ്പോൾ സി.പി.എം സ്ഥാനാർഥി പട്ടികയുടെ പ്രാഥമിക രൂപമായി. പാലായിൽ ഇടതു സ്ഥാനാർഥിയായി ജോസ് കെ. മാണി മത്സരിക്കും. സി.പി.എം മത്സരിക്കുന്ന കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാർഥി ലിസ്്റ്റിനാണ് അന്തിമ രൂപമായത്്. കോട്ടയം-അഡ്വ. അനിൽ കുമാർ, ജെയ്ക് സി തോമസ്. ഏറ്റുമാനൂർ സുരേഷ് കുറുപ്പ്്്, വി.എൻ. വാസവൻ. പുതുപ്പള്ളി-ജെയ്ക് സി. തോമസ്്, റെജി സഖറിയ. ടി.ആർ. രഘുനാഥൻ പൂഞ്ഞാർ സീറ്റ് ഏറ്റെടുക്കണമോ എന്ന കാര്യം സംസ്ഥാന തലത്തിലാണ് തീരുമാനിക്കുക. ഇടതു ചർച്ചകൾ ഇന്നും തുടരും.
അതിനിടെ ചങ്ങനാശ്ശേരി സീറ്റിനെ ചൊല്ലി എൽ.ഡി.എഫിൽ ഭിന്നത തുടരുന്നു. മുന്നണിയിലെ മൂന്ന് പാർട്ടികൾ സീറ്റിനായി അവകാശവാദമുന്നയിച്ച് എത്തിയതോടെ സി.പി.എം മുൾമുനയിലായി. സി.പി.ഐ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജോസ് വിഭാഗം എന്നിവരാണ് ചങ്ങനാശ്ശേരിക്കായി അവകാശവാദമുന്നയിക്കുന്നത്. കാഞ്ഞിരപ്പള്ളി വിട്ടുനൽകണമെങ്കിൽ പകരം ചങ്ങനാശ്ശേരി നൽകണമെന്ന ഉറച്ച നിലപാടാണ് സി.പി.ഐ സ്വീകരിച്ചിട്ടുള്ളത്. ജോസ് കെ. മാണി വിഭാഗത്തിന് വേണ്ടിയാണ് കാഞ്ഞിരപ്പള്ളി സി.പി.ഐയോട് വിട്ടുനൽകാൻ സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്.
തങ്ങളുടെ സിറ്റിംഗ്് സീറ്റാണെന്ന നിലപാടാണ് ജോസ് കെ. മാണി വിഭാഗത്തിനുള്ളത്. ഇവിടുത്തെ നിലവിലെ എം.എൽ.എ അന്തരിച്ച സി.എഫ്. തോമസാണ്. 
യു.ഡി.എഫിലായിരുന്നപ്പോൾ മാണി വിഭാഗം മത്സരിച്ച മണ്ഡലമാണിത്. കേരള കോൺഗ്രസ് മാണി വിഭാഗം പിളർന്നപ്പോൾ സി.എഫ്. തോമസ് ജോസഫ് വിഭാഗത്തിനൊപ്പം പോകുകയായിരുന്നു. 1980 മുതൽ സി.എഫ്. തോമസ് തുടർച്ചയായി ജയിച്ച സീറ്റാണിത്. വൈക്കത്ത് സി.പി.ഐയുടെ സിറ്റിംഗ് എം.എൽ.എ ആശ തന്നെ മത്സരിക്കും. സി.പി.ഐയുടെ രണ്ടാം സീറ്റ് സംബന്ധിച്ചാണ് തർക്കം. കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസിന് വിട്ടു നൽകുന്ന സാഹചര്യത്തിലാണ് ഇത്്.
2016-ൽ എൽ.ഡി.എഫിൽ തങ്ങൾ മത്സരിച്ച സീറ്റാണെന്ന അവകാശവാദമാണ് ജനാധിപത്യ കേരള കോൺഗ്രസിനുള്ളത്. കെ.സി. ജോസഫിനെ തന്നെ ഇത്തവണയും ഇവിടെ മത്സരിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. കഴിഞ്ഞ തവണ സി.എഫ്. തോമസ് 1849 വോട്ടുകൾക്ക് മാത്രമാണ് വിജയിച്ചത്്. മൂന്ന് പാർട്ടികളുടേയും വാദങ്ങളിൽ ന്യായമുള്ളതിനാൽ ത്രിശങ്കുവിലാണ് നിലവിൽ സി.പി.എം.
കഴിഞ്ഞ തവണ പുതുപ്പള്ളിയിൽ മത്സരിച്ച സി.പി.എമ്മിലെ യുവ നേതാവ്് ജെയ്ക് സി. തോമസിന്റ പേര് കോട്ടയത്തും ഉയരുന്നുണ്ട്.  നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, പുതുപ്പള്ളി, കോട്ടയം സീറ്റുകളിലെ സ്ഥാനാർഥി ചർച്ചകളാണ് ഇന്നലെ നടന്നത്്.
പുതുപള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ജയ്ക് സി. തോമസ്, കെ.എം. രാധാകൃഷ്ണൻ എന്നിവരാണ് പരിഗണനയിൽ. കഴിഞ്ഞ തവണ ജെയ്ക് സി. തോമസാണ് ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത്. പാല, പൂഞ്ഞാർ, ചങ്ങനാശ്ശേരി എന്നീ മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർഥികളെ സംബന്ധിച്ച് ചർച്ചകൾ തുടർന്നുകൊണ്ടിരിക്കയാണ്. പാലയിൽ ഇടത് സ്ഥാനാർഥിയായി കേരള കോൺഗ്രസിലെ ജോസ് കെ. മാണി തന്നെയായിരിക്കും മത്സരിക്കുക.
 

Latest News