Sorry, you need to enable JavaScript to visit this website.

എ.എൻ ഷംസീറിന് വെല്ലുവിളിയുമായി സി.ഒ.ടി നസീർ പോർക്കളത്തിലിറങ്ങുന്നു

തലശ്ശേരി - തലശ്ശേരി നിയോജക മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എയായ എ.എൻ ഷംസീറിനെ തന്നെ മത്സരിപ്പിക്കാൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായതിന് പിന്നാലെ സി.പി.എം മുൻ നേതാവ് സി.ഒ.ടി നസീർ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു രംഗത്തത്തെത്തി. 
നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെ ആസൂത്രകൻ എ.എൻ ഷംസീറാണെന്ന് നസീർ വെളിപ്പെടുത്തിയിരുന്നെങ്കിലും ഷംസീറിന്റെ പേരിൽ പോലീസ് ഇതുവരെ കേസെടുത്തിരുന്നില്ല. 
ഇതേ തുടർന്ന് സി.ഒ.ടി നസീർ ഹൈക്കോടതിയെ സമീപിച്ച് കേസ് നടപടികൾ തുടരുകയാണ്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് ഗോഥയിൽ ഇരുവരും കൊമ്പ് കോർക്കാൻ ഇറങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.


തലശ്ശേരിയിലെ സമ്പൂർണ വികസന പരാജയാണ് താൻ മത്സര രംഗത്തിറങ്ങാൻ കാരണമെന്നും ഇത്തരം പരാജയങ്ങൾ ചൂണ്ടിക്കാട്ടുന്നവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന മനോഭാവം മാറണമെന്നും സി.ഒ.ടി നസീർ മലയാളം ന്യൂസിനോട് പറഞ്ഞു. ആരോഗ്യപരമായ വിമർശനം നടത്താനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടാകണം. എങ്കിൽ മാത്രമേ അവിടെ വികസനം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. തലശ്ശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രി, സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ, എങ്ങുമെത്താത്ത ഒ.വി റോഡ് വികസനം, പൈതൃക നഗരിയിലെ ടൂറിസം പദ്ധതികളുടെ മുരടിപ്പ് ഇത്തരം പൊതുകാര്യ പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിച്ചാണ് താൻ മത്സര രംഗത്ത് ഇറങ്ങുന്നതെന്നും നസീർ കൂട്ടിച്ചേർത്തു.


നസീർ വധശ്രമം നടന്നിട്ട് രണ്ടു വർഷം പൂർത്തിയാകാനായെങ്കിലും ഈ കേസിൽ ഇതുവരെ നസീറിന്റെ മൊഴിക്കനുസരിച്ച കുറ്റപത്രം സമർപ്പിച്ചില്ലെന്ന പരാതി നേരത്തെ ഉയർന്നതാണ്. ഒരു കാലത്ത് തലശ്ശേരിയിൽ സി.പി.എമ്മിന്റെ കരുത്തുറ്റ നേതൃമുഖമായിരുന്നു സി.ഒ.ടി നസീർ. സി.പി.എം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പിന്നീട് നസീർ പാർട്ടിയിൽ നിന്നകന്നു. കിവീസ് എന്ന പേരിൽ ഒരു സന്നദ്ധ സംഘടന രൂപീകരിച്ച് നസീർ നടത്തിയ പല പ്രവർത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത് സ്ഥലം എം.എൽ.എയായ എ.എൻ ഷംസീറിനെയും പ്രാദേശിക പാർട്ടി നേതൃത്വത്തെയും ഏറെ ചൊടിപ്പിച്ചു.


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും നസീർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചതോടെ സി.പി.എമ്മും നസീറും തമ്മിലുളള അകൽച്ച പൂർണമായി. പിന്നാലെ തലശ്ശേരി നഗരത്തിൽ വെച്ച് സി.ഒ.ടി നസീർ ആക്രമിക്കപ്പെടുകയായിരുന്നു. ആയുസ്സിന്റെ ബലത്തിൽ രക്ഷപ്പെട്ടെങ്കിലും കാലിനും തലയ്ക്കും വയറിനും ഗുരുതരമായി വെട്ടേറ്റ നസീർ മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്. അക്രമത്തിന്റെ തിക്തഫലം നസീർ ഇപ്പോഴും അനുഭവിക്കുകയാണ്. 
അക്രമത്തിന്റെ ഉത്തരവാദിത്തം അന്ന് ആദ്യ ഘട്ടത്തിൽ പി.ജയരാജനിലാണ് ആരോപിക്കപ്പെട്ടത്. എന്നാൽ, സംഭവത്തിന് പിന്നിൽ എ.എൻ ഷംസീറാണന്ന സി.ഒ.ടിയുടെ മൊഴിയോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഷംസീറിന്റെ സഹോദരൻ എ.എൻ ഷാഹിറിന്റെ ഉടമസ്ഥതയിലുളള കെ.എൽ-7 സി.ഡി 6887 നമ്പർ ഇന്നോവ കാറിൽ വെച്ചാണ് നസീർ അക്രമത്തിനുള്ള ഗൂഢാലോചന നടന്നതെന്ന് കേസിലെ മുഖ്യ പ്രതിയായ പൊട്ടി സന്തോഷ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. 
ഇതിനിടെ കേസ് അന്വേഷിച്ച സി.ഐയും എസ്.ഐയും സ്ഥലം മാറി. പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ എത്തിയെങ്കിലും അന്വേഷണം മാത്രം മുന്നോട്ടു പോയില്ല. ഇതിനിടെ പ്രതിപക്ഷ കക്ഷികൾ വിഷയം ഏറ്റെടുത്തു. 


ഗൂഢാലോചന നടന്നതായി പറയപ്പെടുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നസീർ നൽകിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ് ഇപ്പോഴും. നസീർ വധശ്രമക്കേസിൽ ആരോപണ വിധേയനായ ഷംസീറിനെ നസീറിന്റെ സ്ഥാനാർഥിത്വം ഏറെ വെല്ലുവിളി തന്നെയാണ്. മുസ്‌ലിം വോട്ട് ബാങ്കിലും നിഷ്പക്ഷരുടെയും വോട്ടിൽ ഇത് വിള്ളലുണ്ടാക്കുമെന്ന് ഭൂരിഭാഗവും അഭിപ്രായപ്പെടുകയാണ്. യു.ഡി.എഫ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തലശ്ശേരി നിയോജക മണ്ഡലത്തിൽ സി.ഒ.ടി നസീറിന്റെ പെട്ടിയിൽ വീഴുന്ന വോട്ടുകൾ ഇടതുപക്ഷത്തിന് കനത്ത പ്രഹരമേൽപിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

 

Latest News