കണ്ണൂർ - പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രിയും മുൻ മാഹി എം.എൽ.എയുമായ ഇ.വത്സരാജ്. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1990 മുതൽ 2016 വരെ എം.എൽ.എയായിരുന്നു. 7 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മത്സരിച്ചു. ആറ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 12 വർഷം മന്ത്രിയായി. ആഭ്യന്തര വകുപ്പുവരെ കൈകാര്യം ചെയ്തു. ഇനി യുവാക്കൾക്കായി മാറി നിൽക്കുകയാണ്. അവരുടെ വിജയത്തിനായി പ്രവർത്തിക്കും. അധികാരമില്ലാതെ തന്നെ ജനസേവനം നടത്താനാവും. തെരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാനുള്ള തീരുമാനത്തിനു കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയും അംഗീകാരവും ലഭിച്ചിട്ടുണ്ടെന്നും വത്സരാജ് വ്യക്തമാക്കി.
പുതുച്ചേരിയിൽ യാതൊരു രാഷ്ട്രീയ അടിത്തറയും വോട്ടും, ജനപിന്തുണയുമില്ലാത്ത ബി.ജെ.പി, കുതിരക്കച്ചവടത്തിലൂടെയാണ് കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത്. പുതുച്ചേരിയുടെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു രാഷ്ട്രീയ കുതിരക്കച്ചവടം നടക്കുന്നത്. യാതൊരു പിന്തുണയുമില്ലാത്ത, രാഷ്ട്രീയ നേതാവായ കിരൺ ബേദിയാണ് ഇതിനു നേതൃത്വം നൽകിയത്. ലഫ്.ഗവർണറുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സർക്കാരിനെ അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളും നടന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണ് ഈ കരുനീക്കം നടത്തിയത്. ബി.ജെ.പിയിലേക്കു പോയവർ പല തവണ പാർട്ടി മാറി കോൺഗ്രസ്സിലെത്തിയവരാണ്. ഇതിൽ ഒരാളുടെ ആറാമത്തെ രാഷ്ട്രീയ മാറ്റമാണിത്. ഇവർക്കു എന്താണ് ഇതിനു പ്രതിഫലമായി കിട്ടിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പുതുച്ചേരിയൽ ബി.ജെ.പിക്കു 2.44 ശതമാനം വോട്ടുകൾ മാത്രമാണ് ഉള്ളത്. ജാതി രാഷ്ട്രീയമുള്ള ഇവിടെ ബി.ജെ.പിക്കു ചുവടുറപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. യാതൊരു വിധത്തിലുമുള്ള രാഷ്ട്രീയ മുന്നേറ്റം അവർക്കുണ്ടാക്കാനാവില്ല.- വത്സരാജ് പറഞ്ഞു.
മാഹിയിൽ കോൺഗ്രസ് തിരിച്ചു വരും. രണ്ട് വർഷം മുമ്പ് ബി.ജെ.പി തന്നെ സമീപിച്ചിരുന്നുവെന്ന മാഹി എം.എൽ.എയുടെ വെളിപ്പെടുത്തൽ ദുരൂഹമാണ്. രണ്ട് വർഷം മുമ്പ് ഓഫർ വന്നുവെന്നാണ് വെളിപ്പെടുത്തിയത്. എങ്കിൽ അന്നുതന്നെ ജനങ്ങളോടോ അല്ലെങ്കിൽ ബന്ധപ്പെട്ട രാഷ്ട്രീയ നേതൃത്വത്തോടോ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല - വത്സരാജ് ചോദിച്ചു.






