Sorry, you need to enable JavaScript to visit this website.

ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ കർണാടക മന്ത്രി രാജിവെച്ചു

ബംഗളൂരു- കര്‍ണാടകയില്‍ ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ബി.ജെ.പി. നേതാവും മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു. കഴിഞ്ഞദിവസമാണ് ജര്‍ക്കിഹോളിക്കെതിരെ വിഡിയോ തെളിവുകള്‍ സഹിതം ആരോപണം ഉയർന്നത്. വിഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്നുമായിരുന്നു വിഡിയോ പുറത്തുവന്നയുടന്‍ അദ്ദേഹത്തിന്‍റെ പ്രതികരണം.

എന്നാല്‍ ഇന്ന് ജര്‍ക്കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൈമാറുകയായിരുന്നു. ജര്‍ക്കിഹോളിയുടെ രാജി സ്വീകരിച്ച യെദ്യൂരപ്പ ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു. യെദ്യുരപ്പ സര്‍ക്കാരില്‍ ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു ജര്‍ക്കിഹോളിക്ക്.   സത്യസന്ധമായ അന്വേഷണം നടക്കേണ്ടതിനാല്‍ ധാര്‍മികത മുന്‍നിര്‍ത്തി രാജിവെക്കുകയാണെന്ന് രാജിക്കത്തില്‍ ജര്‍ക്കിഹോളി പറഞ്ഞു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി യുവതിയെ ചൂഷണം ചെയ്തതായായാണ് ആരോപണം.

ബംഗളൂരുവിലെ സാമൂഹിക പ്രവര്‍ത്തകനും നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദിനേഷ് കല്ലഹള്ളിയാണ് ജര്‍ക്കിഹോളിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. വിഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു.

നേരത്തേ കോണ്‍ഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായ രമേശ് ജാര്‍ക്കിഹോളി കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യകക്ഷി സര്‍ക്കാരിനെ മറിച്ചിട്ട് ബി.ജെ.പിയിലേക്ക് ചുവടുമാറിയ എം.എല്‍.എ.മാരിലൊരാളാണ്. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി വിജയിച്ച ശേഷം മന്ത്രിയാകുകയായിരുന്നു.

Latest News