ന്യൂദല്‍ഹി- ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ അഞ്ചു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിലും ആം ആദ്മി പാര്‍ട്ടി വിജയിച്ചു. ഒരു സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ കൈവശം ഉണ്ടായിരുന്ന സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം ബി.ജെ.പിയുടെ ഒരു സീറ്റ് ആപ്പിന് ലഭിക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ കനത്ത പരാജയമാണ് ബി.ജെ.പി നേരിട്ടത്.
രോഹിണിയില്‍ ബി.എസ്.പി സ്ഥാനാര്‍ഥി രാജി വെച്ച സീറ്റിലാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. ബി.ജെ.പിയുടെ കൈവശമുണ്ടായിരന്ന ഷാലിമാര്‍ ബാഗ് സീറ്റ് ആപ്പ് പിടിച്ചെടുത്തത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ തന്നെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് കലാപം നടന്ന വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ ചൗഹാന്‍ ബംഗാറില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി മുഹമ്മദ് ഇഷ്‌റാക്ക് ഖാനെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചൗധരി സുബൈര്‍ അഹമ്മദ് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി വിജയിച്ച സീറ്റുകളില്‍ എല്ലാം തന്നെ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിന്റെ സ്വാധീനം ഇനിയും വര്‍ധിച്ചിട്ടില്ലെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.