അബഹ - സൗദി ബാലിക ജിനാ അല്‍ശഹ്‌രി തെരുവുവിളക്കു കാലില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അല്‍മജാരിദ ബലദിയ ബാലികയുടെ കുടുംബത്തിന് ഒന്നര ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ബാലികയുടെ കുടുംബത്തിന് നഗരസഭ നഷ്ടപരിഹാരം നല്‍കണമെന്ന് അബഹ അഡ്മിനിസ്‌ട്രേറ്റീവ് കോടതി നേരത്തെ വിധിച്ചിരുന്നു. ഇത് അസീര്‍ അഡ്മിനിസ്‌ട്രേറ്റീവ് അപ്പീല്‍ കോടതി ശരിവെച്ചു.
വിധി പാലിക്കാന്‍ നഗരസഭ കരുതിക്കൂട്ടി കാലതാമസം വരുത്തുകയാണെന്ന് ബാലികയുടെ പിതാവ് കുറ്റപ്പെടുത്തി. കോടികള്‍ നഷ്ടപരിഹാരമായി ലഭിച്ചാലും നഷ്ടപ്പെട്ട മകള്‍ക്ക് അതൊന്നും പകരമാകില്ലെന്നും പിതാവ് പറഞ്ഞു. ദേശീയദിനാഘോഷത്തിനിടെ മജാരിദയില്‍ പൊതുസ്ഥലത്തെ തെരുവുവിളക്കു കാലില്‍ നിന്നാണ് ബാലികക്ക് ഷോക്കേറ്റത്.






