സൗദിയില്‍ ഹെല്‍ത്ത് സെന്ററില്‍ വെടിവെപ്പ്: യുവാവ് അറസ്റ്റില്‍

റിയാദ് - അല്‍യര്‍മൂക് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്ററില്‍ വെടിവെപ്പ് നടത്തിയ സൗദി യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. ഹെല്‍ത്ത് സെന്ററിന്റെ മുന്‍വശത്തിനു നേരെ യുവാവ് നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കാത്തതിന് ഹെല്‍ത്ത് സെന്ററിലേക്ക് പ്രവേശനം വിലക്കിയതില്‍ പ്രകോപിതനായാണ് യുവാവ് സ്ഥാപനത്തിന്റെ മുന്‍വശത്തിനു നേരെ വെടിവെപ്പ് നടത്തിയത്.
നാല്‍പതിനടുത്ത് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. വെടിവെപ്പ് നടത്താന്‍ ഉപയോഗിച്ച തോക്ക് പ്രതിയുടെ പക്കല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി യുവാവിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു.

 

Latest News