Sorry, you need to enable JavaScript to visit this website.

ദിയാധനം പരമാവധി 50 ലക്ഷം റിയാലാക്കാന്‍ ആലോചന

റിയാദ്- ദിയാധനത്തിന് പരമാവധി പരിധി നിശ്ചയിക്കുന്ന കരടു നിയമം ശൂറാ കൗണ്‍സിലിന്റെ പരിഗണനയിലുള്ളതായി കൗണ്‍സില്‍ അംഗം ഡോ. സുല്‍ത്താന്‍ ആലുഫാരിഹ് വെളിപ്പെടുത്തി. കൊലയാളിക്ക് മാപ്പ് നല്‍കുന്നതിന് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ആവശ്യപ്പെടാവുന്ന പരമാവധി ദിയാധനം 50 ലക്ഷം റിയാലായി നിശ്ചയിക്കുന്ന കരടു നിയമമാണ് ശൂറാ കൗണ്‍സിലിന്റെ പരിഗണനയിലുള്ളത്. കൊല്ലപ്പെടുന്ന കുടുംബങ്ങളും ഗോത്രസമിതികളും ഭീമമായ തുക ദിയാധനമായി ആവശ്യപ്പെടുന്നതാണ് ഇത്തരമൊരു നിയമം നിര്‍മിക്കാന്‍ പ്രേരകം. കരടു നിയമത്തില്‍ 21 വകുപ്പുകളാണുള്ളത്. ഒരാള്‍ ഒന്നിലധികം തവണ കൊലപാതകക്കേസുകളില്‍ പ്രതിയാകുന്ന പക്ഷം രണ്ടാം തവണ അയാള്‍ക്ക് മാപ്പു നല്‍കുന്നതിന് ദിയാധനമായി ഇരട്ടി തുക ആവശ്യപ്പെടാന്‍ നിയമം അനുവദിക്കുന്നു.
ദിയാധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തേണ്ട രീതി, ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കക്ഷികള്‍ എന്നിവയെല്ലാം പുതിയ നിയമം നിര്‍ണയിക്കുന്നു. നിയമം ലംഘിച്ച് ഭീമമായ തുക ദിയാധനം ആവശ്യപ്പെടുകയും ഈടാക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷകളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷന്‍, സെന്‍ട്രല്‍ ബാങ്ക്, ശൂറാ കൗണ്‍സിലിലെ ഇസ്‌ലാമിക, നീതിന്യായ കമ്മിറ്റി എന്നിവ സഹകരിച്ചാണ് കരടു നിയമം തയാറാക്കിയത്.
 

Latest News