Sorry, you need to enable JavaScript to visit this website.

നൂറുകണക്കിന് കോവിഡ് ബെഡുകൾ കാലി; മറ്റ് രോഗികൾക്ക് നൽകാൻ അനുമതി വേണമെന്ന് ആശുപത്രികൾ

ന്യൂദൽഹി- ദൽഹിയിലെ ആശുപത്രികളിൽ നൂറുകണക്കിന് ബെഡുകൾ ഒഴിഞ്ഞു കിടക്കുകയാണ്. പക്ഷെ, രോഗികൾക്ക് അവ ഉപയോഗപ്പെടുന്നില്ല. കാരണം ലളിതമാണ്. ഇവയെല്ലാം കോവിഡ് രോഗികൾക്കു വേണ്ടി കരുതിയവയാണ്. ഈ ബെഡുകൾ മറ്റ് രോഗികൾക്കു വേണ്ടി ഉപയോഗിക്കാൻ സർക്കാർ ആശുപത്രികളിൽ വകുപ്പില്ല എന്നതാണ് പ്രശ്നം.

ദൽഹിയിൽ 5,711 കോവിഡ് ബെഡുകൾ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി നിലവിലുണ്ട്. ഇതിൽ വെറും 9 ശതമാനം മാത്രമാണ് ഉപയോഗിക്കപ്പെടുന്നതെന്ന് മാർച്ച് 2ലെ കണക്കുകൾ പറയുന്നു. അതായത് ആകെ 516 കോവിഡ് രോഗികളാണ് ഈ ബെഡുകൾ ഉപയോഗിക്കുന്നത്.

ബെഡുകൾ ആവശ്യത്തിനുണ്ടായിട്ടും കിടത്തിച്ചികിത്സിക്കേണ്ട രോഗികളെ മറ്റിടങ്ങളിലേക്ക് പറഞ്ഞയയ്ക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് ആർഎംഎൽ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. ഈ ബെഡുകൾ മറ്റ് രോഗികൾക്കും ഉപയോഗിക്കാനുള്ള അനുമതി കിട്ടിയാലേ വല്ലതും നടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആകെ 1504 ബെഡുകൾ ഉള്ളതിൽ 182 എണ്ണം കോവിഡ് രോഗികൾക്ക് റിസർവ് ചെയ്തതാണ്. ഇതിൽ 12 എണ്ണം മാത്രമാണ് നിലവിൽ ഉപയോഗത്തിലുള്ളത്.

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാൽ ബാക്കിയുള്ള ബെഡുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്തെഴുതിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.

അതെസമയം, സർക്കാർ ഇക്കാര്യത്തിൽ മറ്റൊരു കാഴ്ചപ്പാടാണ് പുലർത്തുന്നത്. കോവിഡിന്റെ മറ്റൊരു തരംഗം കൂടി ഉണ്ടാവുകയാണെങ്കിൽ ഇനിയും ബെഡുകൾ ആവശ്യമായി വന്നേക്കുമെന്നതാണ് പ്രശ്നം. ഇക്കാരണത്താൽ കോവിഡ് ബെഡുകൾ മറ്റ് രോഗികൾക്ക് നൽകാൻ സർക്കാരിന് ധൈര്യം പോര.

Latest News