ന്യൂദൽഹി- സ്ത്രീ പുരുഷന്‍റെ സ്വത്തും അടിമയുമല്ലെന്നും തന്‍റെ കൂടെ ജീവിക്കണമെന്ന് നിർബന്ധിക്കാനാവില്ലെന്നും സുപ്രീം കോടതി. കൂടെ ജീവിക്കാൻ ഭാര്യയോട് കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട് നൽകിയ കേസിൽ വാദം കേൾക്കവെയാണ് പരമോന്നത നീതിപീഠത്തിന്‍റെ നിരീക്ഷണം.
നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്നും ഇങ്ങനെ ഉത്തരവിടാൻ സ്ത്രീ നിങ്ങളുടെ സ്വത്താണോയെന്നും ജസ്റ്റീസ് സഞ്ജയ് കിഷൻ കൗളും ഹേമന്ദ് ഗുപ്തയുമടങ്ങിയ ബെഞ്ച് ഹരജിക്കാരനോട് ചോദിച്ചു.
ഗോരഖ്പൂർ കുടുംബകോടതി ഹിന്ദു വൈവാഹിക നിയമം ഒമ്പതാം വകുപ്പ് പ്രകാരം പുരുഷന് അനുകൂലമായി നൽകിയ വിധി പുനഃസ്ഥാപിക്കാനാവശ്യപ്പെട്ടുള്ള കേസിലാണ് കോടതി ഇടപെടൽ. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചതിനാലാണ് താൻ വീടുവിട്ടുപോന്നതെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. 2013ലായിരുന്നു ഇവരുടെ വിവാഹം.
വീടുവിട്ടുപോന്ന ശേഷം 2015ൽ ഇവർ നൽകിയ പരാതിയിൽ ജീവനാംശമായി 20,000 രൂപ പ്രതിമാസം നൽകാൻ ഗോരഖ്പൂർ കോടതി ഉത്തരവിട്ടു. ഇതിനെതിരെ കുടുംബ കോടതിയെ സമീപിച്ചപ്പോഴാണ് പുരുഷന് അനുകൂല വിധി നൽകിയത്. അനുകൂല വിധി ലഭിച്ചയുടൻ ഭാര്യക്ക് ജീവനാംശം നൽകണമെന്ന വിധിക്കെതിരെ ഇയാൾ വീണ്ടും കോടതിയിലെത്തി. വിധി റദ്ദാക്കാൻ അലഹാബാദ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ജീവനാംശം നൽകാതിരിക്കാനാണ് തന്‍റെ കൂടെ ജീവിക്കാൻ നിർബന്ധിക്കണമെന്ന് ഭർത്താവ് ആവശ്യപ്പെടുന്നതെന്ന് സ്ത്രീയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.