Sorry, you need to enable JavaScript to visit this website.

ബിജെപിയെ ജാതി പാർട്ടിയായി പരാമർശിച്ചു, പിഎച്ച്ഡി പ്രബന്ധം കാണണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ഐഐഎം തള്ളി

അഹ്മദാബാദ്- അഹ്മദാബാദ് ഐഐഎമ്മിന്റെ അക്കാഡമിക് കാര്യങ്ങളിൽ ഇടപെടാനുള്ള കേന്ദ്ര സർക്കാർ ശ്രമം പാളി. ഐഐഎം അവാർഡ് ചെയ്ത ഒരു പിഎച്ച്ഡി ഒരു തിസീസ് തങ്ങൾക്ക് പരിശോധിക്കണമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ  ആവശ്യത്തെ ഐഐഎം-എ ഡയറക്ടർ എറോൾ ഡിസൂസ തള്ളുകയായിരുന്നു. 

ഇലക്ടറൽ ഡെമോക്രസിയെക്കുറിച്ചുള്ള മൂന്ന് പേപ്പറുകളടങ്ങിയ ഒരു പ്രബന്ധമാണ് വിവാദ വിഷയമാക്കാൻ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ശ്രമിച്ചത്. രാജ്യസഭാ എംപി കൂടിയായ സ്വാമി പ്രധാനമന്ത്രിക്ക് ഈ പ്രബന്ധത്തെ സംബന്ധിച്ച് പരാതി അയയ്ക്കുകയായിരുന്നു. ഭാരതീയ ജനതാ പാർട്ടിയും ബഹുജൻ സമാജ്‍വാദി പാർട്ടിയും വംശീയമായി നിർമിക്കപ്പെട്ട കക്ഷികളാണെന്നും ബിജെപി ഉയർന്ന ജാതിക്കാരുടെ പാർട്ടിയാണെന്നും തിസീസിലുണ്ടെന്നാണ് സ്വാമി ഉന്നയിക്കുന്ന വിഷയം. ഇതോടെ തിസീസ് പരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർന്ന ജാതിക്കാരനല്ലെന്നാണ് സ്വാമി തിസീസിന്റെ വാദത്തെ ഖണ്ഡിക്കാൻ ഉന്നയിക്കുന്നത്. ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് ഇത്തരം വാദങ്ങളുന്നയിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിസീസ് പുനപ്പരിശോധിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

തിസീസ് അഡ്വൈസറി ആൻഡ് എക്സാമിനേഷൻ കമ്മിറ്റി പ്രബന്ധം വായിച്ചതാണെന്നും തെരഞ്ഞെടുക്കപ്പെട്ട അക്കാദമിക് സമിതിക്കു മുമ്പിൽ തിസീസ് അവതരിപ്പിച്ചതുമാണ്. എന്തെങ്കിലും വിയോജിപ്പുകളുണ്ടെങ്കിൽ ഈ ഫോറങ്ങളിലാണ് അത് ഉന്നയിക്കേണ്ടതെന്നും  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആവശ്യത്തെ തള്ളിക്കൊണ്ട് ഐഐഎം ഡയറക്ടർ വ്യക്തമാക്കി. 

Latest News