Sorry, you need to enable JavaScript to visit this website.

പ്രതിഷേധങ്ങൾക്കിടെ തൊഴിൽ സമയം നാലു മണിക്കൂർ കൂട്ടി കേന്ദ്ര സർക്കാർ; ഏപ്രിൽ മുതൽ നടപ്പിലാകും

ന്യൂദൽഹി- കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായുള്ള തൊഴിൽസമയം കൂട്ടുന്ന നടപടി ഏപ്രിൽ 1 മുതൽ നടപ്പിലാകും. പരമാവധി തൊഴിൽസമയം 12 മണിക്കൂറായി വർധിപ്പിക്കുന്ന നിയമമാണ് നിലവിൽ വരാൻ പോകുന്നത്. കഴിഞ്ഞവർഷം പാർലമെന്റ് പാസ്സാക്കിയ വേജസ് കോഡ് ബില്ലിലാണ് ഈ വ്യവസ്ഥ അവതരിപ്പിച്ചിരുന്നത്. ഇതോടൊപ്പം നിശ്ചിത സമയം കഴിഞ്ഞ് 15 മിനിറ്റെങ്കിലും ജോലി ചെയ്യുകയാണെങ്കിൽ അത് ഓവർടൈമായി കണക്കു കൂട്ടുമെന്നതാണ്. നിലവിൽ 30 മിനിറ്റ് വരെയുള്ള അധികജോലിക്ക് വേതനം നൽകേണ്ടതില്ല.

ഓരോ അഞ്ച് മണിക്കൂർ കൂടുമ്പോഴും അരമണിക്കൂർ വീതം ബ്രേക്ക് കൊടുക്കണമെന്ന ചട്ടവും പുതിയ നിയമത്തിലുണ്ട്. അതായത് 12 മണിക്കൂർ തൊഴിലിനിടയിൽ ഒരു മണിക്കൂർ വിശ്രമസമയം കിട്ടും. നേരത്തെ ഇത് അരമണിക്കൂറായിരുന്നു. കൂടാതെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ്വിറ്റി എന്നിവയുടെ കാര്യത്തിലും ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട് സർക്കാർ.

നിലവിൽ 9 മണിക്കൂറാണ് തൊഴിൽസമയം. ഇതിനെയാണ് മൂന്ന് മണിക്കൂർ കൂട്ടി നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പ്രശ്നങ്ങൾക്കിടയിൽം കഴിഞ്ഞവർഷം നവംബറിലാണ് ഈ നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ട് പൊതുജനാഭിപ്രായം ആരാഞ്ഞത്. കോവിഡിന്റെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് തൊഴിലാളി വിരുദ്ധമായ നയം നടപ്പാക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു,

വലിയ പ്രതിഷേധങ്ങളുയർന്നിരുന്നെങ്കിലും തൊഴിൽസമയം കൂട്ടരുതെന്ന ആവശ്യത്തോട് കേന്ദ്രം മുഖംതിരിക്കുകയായിരുന്നു. 8 മണിക്കൂർ തൊഴിൽസമയം എന്ന, ദീർഘകാലത്തെ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് വളരെ എളുപ്പത്തിൽ കേന്ദ്ര സർക്കാർ നീക്കം ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഗുജറാത്തിൽ ഇതിനകം തന്നെ ഈ ചട്ടം സർക്കാർ നടപ്പിലാക്കിക്കഴിഞ്ഞതാണ്. അധികസമയം ജോലി ചെയ്യിക്കുന്നതിന് കൂലി നൽകേണ്ടതില്ലെന്നതും ഗുജറാത്തിലെ നിയമത്തിന്റെ പ്രത്യേകതയാണ്.

Latest News