അബ്ദുറഹ്മാൻ വണ്ടൂരിന് ജിദ്ദ നവോദയ യാത്രയയപ്പ് നൽകി 

ജിദ്ദ നവോദയ നൽകിയ യാത്രയയപ്പിൽ അബ്ദുറഹ്മാൻ വണ്ടൂരിനും ഭാര്യ ജാസ്മിനും ജനറൽ സെക്രട്ടറി നവാസ് വെമ്പായം ഉപഹാരം സമ്മാനിക്കുന്നു. കെ.പി. മുഹമ്മദ് കുട്ടി, കെ.ടി.എ. മുനീർ, വി.കെ. റഊഫ്, ഷിബു തിരുവനന്തപുരം സമീപം.

ജിദ്ദ- മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന അബ്ദുൽ റഹ്മാൻ വണ്ടൂരിനും ഭാര്യ ജാസ്മിൻ റഹ്മാനും ജിദ്ദ നവോദയ യാത്രയയപ്പ് നൽകി.  യാത്രയയപ്പ് യോഗത്തിൽ ജിദ്ദയിലെ മലയാളി സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖർ പങ്കെടുത്തു. 
ജിദ്ദ നവോദയയുടെ മുൻ ജനറൽ സെക്രട്ടറി, രക്ഷാധികാരി സമിതി അംഗം, കൈരളി ചാനലിന്റെ ജിദ്ദ റിപ്പോർട്ടർ, കൈരളി പ്രവാസ ലോകം പരിപാടിയുടെ ജിദ്ദ പ്രതിനിധി,  ജിദ്ദ ഇന്ത്യൻ ഹജ് വെൽഫെയർ ഫോറം ട്രഷറർ തുടങ്ങി നിരവധി സ്ഥാനങ്ങൾ അലങ്കരിച്ച അബ്ദുൽ റഹ്മാന് ജിദ്ദയിലെ സാമൂഹ്യ രംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും ആശയറ്റവരുടെ പ്രതീക്ഷയായി മാറാനും കഴിഞ്ഞതായി ആശംസ പ്രസംഗകർ അഭിപ്രായപ്പെട്ടു.  
നവോദയ കുടുംബ വേദി കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിലും  സാമൂഹ്യ മാധ്യമ രംഗത്തെ ഇടപെടൽ കൊണ്ട് നവോദയയുടെ നിലപാടുകളെ ഉയർത്തിപ്പിടിക്കുന്നതിനും ജാസ്മിൻ റഹ്മാൻ വഹിച്ച പങ്കിനെയും പ്രസംഗകർ പ്രകീർത്തിച്ചു. ഇംപാല ഗാർഡനിൽ നടന്ന പരിപാടിയിൽ നവോദയ പ്രഡിഡന്റ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. 
യാത്രയയപ്പ് യോഗം മുഖ്യ രക്ഷാധികാരി വി.കെ. റഊഫ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രഡിഡന്റ് കെ.പി. മുഹമ്മദ് കുട്ടി,  ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രഡിഡന്റ് കെ.ടി.എ മുനീർ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് പി.എം. മായിൻകുട്ടി, ന്യൂ ഏജ് ഇന്ത്യ പ്രസിഡന്റ് പി.പി.  റഹീം, സി.പി. മുഹമ്മദ് കുട്ടി നവോദയ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ,  വിവിധ ഏരിയാ കമ്മിറ്റി സെക്രട്ടറിമാർ, സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ ആശംസകൾ നേർന്നു.  
നവാസ് വെമ്പായം സ്വാഗതവും സലീം ഒറ്റപ്പാലം നന്ദിയും പറഞ്ഞു.  നവോദയ കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം നവാസ് വെമ്പായം  അബ്ദുറഹ്മാനും ജാസ്മിനും സമ്മാനിച്ചു. നൽകി.  ഏരിയാ കമ്മറ്റികൾക്കും, സബ് കമ്മിറ്റികൾക്കു വേണ്ടിയും ഉപഹാരങ്ങളും മെമന്റോകളും നൽകി.  
ശിഷ്ടകാല ജീവിതത്തിലും പൊതുപ്രവർത്തന രംഗത്ത് സജീവമായി തുടരാനാണ് ഉദ്ദേശ്യമെന്ന് യാത്രയയപ്പിന് നന്ദി പറഞ്ഞുകൊണ്ട് അബ്ദുറഹ്മാൻ പറഞ്ഞു. ജാസ്മിൻ റഹ്മാനും സംസാരിച്ചു.
 

Latest News