Sorry, you need to enable JavaScript to visit this website.

കേന്ദ്രവും കേരളവും ചേർന്ന് ജനങ്ങളെ മഹാദുരിതത്തിലാക്കി -ഉമ്മൻചാണ്ടി

തിരുവനന്തപുരം- ഇന്ധനവിലയും പാചകവാതക വിലയും റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസ്സംഗരായി ജനങ്ങളെ മഹാദുരിതത്തിലേക്ക് തള്ളിവിട്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
ലോക്ഡൗൺ തൊട്ടുള്ള ഒരു വർഷത്തിനിടയിൽ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ കൂടിയത് 238 രൂപ. രാജ്യത്തിന്റെ ചരിത്രത്തിൽ കേട്ടുകേഴ്വി പോലുമില്ലാത്ത വർധനവാണിത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ വർധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യു.പി.എ സർക്കാർ സബ്സിഡി നൽകിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. അസം, രാജസ്ഥാൻ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ ഇപ്പോൾ നികുതിയിളവ് നൽകിയിട്ടുണ്ട്. ഇതു മാതൃകയാക്കാൻ മോദി സർക്കാരും പിണറായി സർക്കാരും മടിക്കുന്നു.  ഒരു വർഷമായി മുടങ്ങിയ ഗാർഹിക പാചകവാതക സബ്സിഡി കേന്ദ്രം ഇതുവരെ പുനഃസ്ഥാപിച്ചില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടിയത് ഹോട്ടൽ വ്യവസായത്തിനും മറ്റും തിരിച്ചടിയാണ്. ജനജീവിതത്തിന്റെ സമസ്ത മേഖലകളും ഇപ്പോൾ വലിയ ദുരിതത്തിലാണ്. കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം വറചട്ടിയിലായ ജനങ്ങളിപ്പോൾ എരിതീയിലാണ്.  
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നികുതിയാണ് യഥാർത്ഥ വില്ലൻ. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കിൽ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കിൽ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേർന്നാൽ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകും. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നികുതി നിരക്കാണിത്. 2014 ൽ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുതാണ് ഇപ്പോൾ പതിന്മടങ്ങായി ഉയർത്തിയത്.


 

Latest News