Sorry, you need to enable JavaScript to visit this website.

വരിക വരിക കൂട്ടരേ... വോട്ട് ചെയ്യാൻ പാട്ടൊരുക്കി സ്വീപ്‌

തൃശൂർ- വരിക വരിക കൂട്ടരേ.....പേരു ചേർക്കു കൂട്ടരേ.... എന്നു തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന്റെ തിരക്കിലാണ് തെരഞ്ഞെടുപ്പ്  വിഭാഗത്തിലെ സ്വീപ് ടിം. ഇത് വെറുമൊരു പാട്ടല്ല. 
സമ്മതിദാനവകാശം രേഖപ്പെടുത്തുന്നതിന്റെ ആവശ്യകത പങ്കുവെയ്ക്കുന്ന ബോധവത്കരണ ഗാനമാണ്. ബോധവത്കരണത്തിനായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യൂക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പരിപാടിയുടെ ഭാഗമായാണ് പുതിയ ഗാനം പുറത്തിറക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട വോട്ടർമാരെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കാനും 100 ശതമാനം പോളിങ് ഉറപ്പുവരുത്താനുമാണ് ഗാനം പുറത്തിറക്കുന്നത്. ബോധവത്കരണത്തിന്റെ ഭാഗമായുള്ള സ്വീപ് പരിപാടികളിൽ ഇനി ഈ ഗാനവുമുണ്ടാകും. വിവിധ ഇടങ്ങളിൽ നടക്കുന്ന ചിത്രീകരണത്തിൽ ജില്ലാ കലക്ടർ എസ്. ഷാനവാസും പങ്കുചേർന്നു. 
 സംവിധായകൻ ഉദയശങ്കറാണ് ഗാനചിത്രീകരണം നിർവഹിക്കുന്നത്. മുൻ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ യു. ഷീജാ ബീഗം രചിച്ച വരിക കൂട്ടരേ....പേര് ചേർക്ക കൂട്ടരേ... വോട്ടറായി നിന്ന് കൊണ്ട് വോട്ട് ചെയ്യു കൂട്ടരേ എന്ന വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് സംഗീതം നൽകിയിരിക്കുന്നത്. ജില്ലാ സ്വീപിന്റെ നേതൃത്വത്തിൽ പുള്ള്, പീച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ആരംഭിച്ച ഗാന ചിത്രീകരണം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തുടരുന്നു.  
താൽക്കാലിക പോളിംഗ് ബൂത്തുകൾ സ്ഥാപിച്ചാണ് പലയിടങ്ങളിലും ചിത്രീകരണ നടന്നു വരുന്നത്. മുക്കാട്ടുകര സെന്റ് ജോർജ് എൽ.പി സ്‌കൂളിലാണ് 4 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുന്നത്.
നിതിൻ തളിക്കുളമാണ് ഛായാഗ്രഹകൻ. സ്വീപ് നോഡൽ ഓഫീസർ പി. സി. ബാലഗോപാൽ, കോഡിനേറ്റർ ടി. ബിജുദാസ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ തുടങ്ങിയവരും ചിത്രീകരണത്തിൽ പങ്കെടുത്തു. മാർച്ച് 10 നകം ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.


 

Latest News