കോഴിക്കോട് നോർത്തിൽ സി.പി.എമ്മിനുവേണ്ടി  മത്സരിക്കാൻ തയാറെന്ന് രഞ്ജിത്ത്‌

കോഴിക്കോട് - നഗരത്തിലെ കോഴിക്കോട് നോർത്തിൽ സി.പി.എമ്മിന് വേണ്ടി മത്സരിക്കാൻ തയാറെന്ന് ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത്. സ്ഥാനാർഥിയാവാമോ എന്ന് സി.പി.എം നേതൃത്വം ചോദിച്ചിരുന്നു. സമ്മതം അറിയിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. 
തുടർച്ചയായി മൂന്നു തവണ മത്സരിച്ചവരെ മാറ്റുകയെന്ന സി.പി.എം. മാനദണ്ഡം നടപ്പാക്കുന്നതിനെ തുടർന്നാണ് കോഴിക്കോട് നോർത്തിൽ പുതിയ സ്ഥാനാർഥിയെ തേടുന്നത്. എ. പ്രദീപ്കുമാറാണ് 2006 മുതൽ നോർത്തിൽനിന്ന് ജയിക്കുന്നത്. 2006 ൽ കോൺഗ്രസിലെ എ. സുജനപാലിനെയും 2011 ൽ പി.വി. ഗംഗാധരനെയും 2016 ൽ പി.എം. സുരേഷ് ബാബുവിനെയും തോൽപിച്ചാണ് പ്രദീപ്കുമാർ നിയമസഭയിലെത്തിയത്. ഏറ്റവും ഒടുവിൽ ജയിക്കുമ്പോൾ 27,873 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. 
ബാലുശ്ശേരി സ്വദേശിയായ രഞ്ജിത്ത് രാവണ പ്രഭു മുതൽ ഡ്രാമ വരെ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നടിച്ച നിരവധി ചിത്രങ്ങളും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവും നടനുമൊക്കെയാണ്. 


കോഴിക്കോട് നഗരത്തിലെ താമസക്കാരനായ രഞ്ജിത്ത് മുൻ തെരഞ്ഞെടുപ്പുകളിൽ എ. പ്രദീപ്കുമാറിന് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. സിനിമാ താരങ്ങളെ പ്രദീപിന് വേണ്ടി കൊണ്ടുവരുന്നതിലും പങ്കു വഹിച്ചു. പിണറായി സർക്കാറിന് വേണ്ടി ഈയിടെ തയാറാക്കിയ ചില പരസ്യ ചിത്രങ്ങളുടെ ആശയങ്ങൾ രഞ്ജിത്തിന്റേതാണ്. 2018 ലെ ഡ്രാമയാണ് രഞ്ജിത്ത് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. ഇതിന് ശേഷം അയ്യപ്പനും കോശിയും നിർമിച്ചു. ചില സിനിമകളിൽ അഭിനേതാവായി വന്നു. 
കോഴിക്കോട് നോർത്ത് സി.പി.എമ്മിന് വിജയ സാധ്യതയുള്ള മണ്ഡലമാണ്. 2001 ലും 1991 ലും എ. സുജനപാൽ (കോൺഗ്രസ്) ജയിച്ചതൊഴിച്ചാൽ പൊതുവെ ഇടതു സ്വാധീനം ശക്തമായ മണ്ഡലമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എ. പ്രദീപ്കുമാർ തന്നെ 1812 വോട്ടിന് പിറകിലായെങ്കിലും നഗരസഭയിലേക്ക് ഇടത് ഏറെ മുന്നിലാണ്. ബി.ജെ.പി.ക്ക് 2016 ൽ 29,863 വോട്ട് ലഭിച്ചുവെങ്കിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത് 14,000 ആയി കുറഞ്ഞു. എങ്കിലും ബി.ജെ.പി നല്ല പ്രകടനം പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്. 
കോൺഗ്രസിൽനിന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെയാണ് പരിഗണിക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ വന്നാലും അത്ഭുതപ്പെടാനില്ല. വിദ്യാ ബാലകൃഷ്ണൻ ഈ മണ്ഡലത്തിലെ താമസക്കാരിയും മുൻ നഗരസഭാംഗവുമാണ്.


 

Latest News