Sorry, you need to enable JavaScript to visit this website.

പോലീസ് സ്‌റ്റേഷനില്‍ കോഫി വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി- ഇന്‍സ്‌പെക്ടര്‍ ഇല്ലാത്ത സമയത്ത് കൗണ്‍സിലറെയും മാധ്യമ പ്രവര്‍ത്തകരെയും വിളിച്ചു കൂട്ടി പോലീസ് സ്‌റ്റേഷനില്‍ കോഫി വെന്‍ഡിംഗ്് മെഷീന്‍ ഉദ്ഘാടനം നടത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. കളമശേരി ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ്  ഓഫീസര്‍ പി എസ് രഘുവിനെയാണ് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഐശ്വര്യ ഡോങ്‌റെ സസ്‌പെന്‍ഡ് ചെയ്തത്.
പോലീസ് സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് സൗജന്യമായി ചായയും ബിസ്കറ്റും നല്‍കുന്നതിനായി കോഫി വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് സി പി ഒ രഘുവായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും സ്വന്തം പോക്കറ്റില്‍ നിന്നും പണം സ്വരുക്കൂട്ടിയാണ് രഘു പദ്ധതിക്കാവശ്യമായ പണം കണ്ടെത്തിയത്. ഇത് പരക്കെ അഭിനന്ദനം നേടിയിരുന്നു.
എന്നാല്‍ കളമശേരി സ്റ്റേഷിലെ എസ് എച്ച ഒ  കോണ്‍ഫറന്‍സിന് പോയിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ അനുമതിപോലും ചോദിക്കാതെ കൗണ്‍സിലറെയും മാധ്യമ പ്രവര്‍ത്തകരെയും വിളിച്ചു കൂട്ടി ഉദ്ഘാടന ചടങ്ങ് നടത്തിയതാണ് രഘുവിന് വിനയായത്. പദ്ധതിയെക്കുറിച്ച് ടി വി ചാനലുകളോട് രഘു സംസാരിക്കുകയും ചെയ്തു.
രഘുവിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് അന്വേഷണ വിധേയമായി ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് ഡി സി പി ഉത്തരവിറക്കിയത്. കോഫി വെന്‍ഡിങ് മെഷീന്‍ വാങ്ങുന്നതിന് നടത്തിയ പണപ്പിരിവിനെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവ് നല്‍കിയിട്ടുണ്ട്. കൊച്ചി സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

 

Latest News