കെ. ചന്ദ്രന്‍പിള്ളയെ സി.പി.എം തിരിച്ചു കൊണ്ടുവരുന്നു, കളമശേരിയില്‍ മത്സരിപ്പിച്ചേക്കും

കൊച്ചി-സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ അച്ചടക്ക നടപടി നേരിടുകയും ദീര്‍ഘകാലം സംഘടനാ ചുമതലകളില്‍നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്ത മുന്‍ എം.പി കെ ചന്ദ്രന്‍ പിള്ളയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ സി.പി.എം. കളമശേരിയിലാണ് ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി. എം ജില്ലാ നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കപ്പെടുക.
ജില്ലയുടെ വ്യവസായ തലസ്ഥാനമായ കളമശേരിയില്‍ ട്രേഡ് യൂണിയന്‍ നേതാവ് എന്ന നിലയില്‍ ചന്ദ്രന്‍പിള്ളക്കുള്ള സ്വാധീനമാണ് അദ്ദേഹത്തെ വീണ്ടും പാര്‍ട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ആലോചനകള്‍ക്ക് പിന്നില്‍. ഒരുകാലത്ത് വി. എസ് അച്യുതാനന്ദന്റെ വലംകൈയായിരുന്ന ചന്ദ്രന്‍പിള്ള പിണറായി പക്ഷത്തിനെതിരെ കടുത്ത നീക്കങ്ങളുമായി ജില്ലയില്‍ കളംനിറഞ്ഞു കളിച്ചയാളാണ്. അതിന്റെ പേരില്‍ ഔദ്യോഗിക പക്ഷത്തിന്റെ നോട്ടപ്പുള്ളിയാകുകയും നടപടി നേരിടുകയും ചെയ്ത അദ്ദേഹം അതിന് ശേഷം ട്രേഡ് യൂണിയന്‍ രംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പേരെടുത്തിട്ടുള്ള വാഗ്മിയായ ചന്ദ്രന്‍പിള്ളയുടെ രാഷ്ട്രീയമുഖ്യധാരയിലേക്കുള്ള തിരിച്ചു വരവായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

 

Latest News