Sorry, you need to enable JavaScript to visit this website.

വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കുന്നില്ല; ടാറ്റ നെക്സൺ ഇലക്ട്രിക്കിനുള്ള സബ്സിഡി മരവിപ്പിച്ച് ദൽഹി സർക്കാർ

ന്യൂദല്‍ഹി- വാഗ്ദാനം ചെയ്ത മൈലേജ് റെയ്ഞ്ച് ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് ടാറ്റ നെക്സൺ ചെറു എസ്‍യുവിയുടെ ഇലക്ട്രിക് പതിപ്പിന് നൽകിവന്ന സബ്സിഡി മരവിപ്പിച്ച് ദൽഹി സർക്കാർ. ദൽഹി ഗതാഗത വകുപ്പ് ഇതുസംബന്ധിച്ച് ഒരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതി പരിശോധിക്കാനായി സർക്കാർ ഒരു മൂന്നംഗ സമിതിയെയും വെച്ചിട്ടുണ്ട്. ഒറ്റച്ചാർജിൽ നൽകുമെന്ന് പറഞ്ഞ മൈലേജ് റെയ്ഞ്ച് വാഹനം നൽകുന്നില്ലെന്നതാണ് പരാതി.

സർക്കാർ നടപടിയെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് ടാറ്റ മോട്ടോഴ്സ് പ്രസ്താവനയിറക്കി. തങ്ങൾ അധികാരികളുമായി ക്രിയാത്മകമായി ഇടപെടുമെന്നും ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം സമിതിയുടെ റിപ്പോർട്ട് വരുന്നതു വരെ നെക്സണ് ലഭിച്ചു വരുന്ന ഇലക്ട്രിക് വാഹന സബ്സിഡി ലഭിക്കില്ലെന്ന് ദൽഹി ഗതാഗത മന്ത്രി കൈലേഷ് ഗെലോട്ട് പറഞ്ഞു. നിരവധി ഉപഭോക്താക്കളുടെ പരാതി ലഭിച്ചതാണ് നടപടിക്ക് കാരണമായതെന്നും മന്ത്രി സൂചിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങളെ തുടർന്നും പിന്തുണയ്ക്കും. അതുപക്ഷെ, വാഹനനിർമാതാക്കൾ നൽകുന്ന വാഗ്ദാനങ്ങളെ വിശ്വസിച്ച് അവ വാങ്ങുന്ന ഉപഭോക്താക്കളുടെ ചെലവിലായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒറ്റച്ചാർജിൽ 312 കിലോമീറ്റർ റെയ്ഞ്ച് നൽകാൻ വാഹനത്തിന് സാധിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്. എന്നാൽ ഒരു ഉപഭോക്താവ് നൽകിയ പരാതി പറയുന്നത് തനിക്ക് ഒരിക്കലും ഇത്രയും റെയ്ഞ്ച് ലഭിച്ചിട്ടില്ലെന്നാണ്. മാത്രവുമല്ല, കാറിന് 200ൽക്കൂടുതൽ റെയ്ഞ്ച് ലഭിക്കാൻ ഒരു വഴിയും കാണുന്നില്ലെന്നും പരാതിക്കാരൻ പറയുന്നു.

ഈ വിഷയത്തിൽ ടാറ്റ മോട്ടോഴ്സിന്റെ പ്രതിനിധികൾ ഗതാഗത വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന്റെ പുറത്ത് ഹാജരായി തങ്ങളുടെ വാദങ്ങൾ നിരത്തിയിരുന്നു. എന്നാൽ അവയൊന്നും തൃപ്തികരമല്ലെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്.

Latest News