Sorry, you need to enable JavaScript to visit this website.

മക്കയിൽ റെയ്ഡ്: എട്ടു ടൺ പച്ചക്കറികൾ പിടിച്ചെടുത്തു

മക്ക- മക്ക നഗരസഭക്കു കീഴിലെ മിസ്ഫല ബലദിയ അൽഖാലിദിയയിലെ നിയമ വിരുദ്ധ സൂഖിൽ നടത്തിയ റെയ്ഡിനിടെ എട്ടു ടൺ പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. മൂന്നു ടൺ പച്ചക്കറികളും കാലാവധി തീർന്ന ഒരു ടൺ ടിൻഫുഡുകളും പിടിച്ചെടുത്ത് നശിപ്പിച്ചതായി മിസ്ഫല ബലദിയ മേധാവി എൻജിനീയർ അബ്ദുല്ല അൽഖുഥാമി പറഞ്ഞു. ഉപയോഗയോഗ്യമാണെന്ന് കണ്ടെത്തിയ നാലു ടൺ സവാളയും ഉരുളകിഴങ്ങും അരി, പഞ്ചസാര ചാക്കുകളും നിർധനർക്കിടയിൽ വിതരണം ചെയ്യുന്നതിന് സന്നദ്ധ സംഘടനക്ക് കൈമാറി. 
പോലീസും നഗരസഭക്കു കീഴിലെ ശുചീകരണ വിഭാഗവും റെയ്ഡിൽ പങ്കെടുത്തു. നിയമ വിരുദ്ധ മാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്ന സ്ഥലങ്ങളിൽ ശുചീകരണ നിലവാരം തീരെ മോശമാണ്. അനാരോഗ്യകരമായ രീതിയിലാണ് ഇറച്ചിയും ഭക്ഷ്യവസ്തുക്കളും ഇവിടങ്ങളിൽ വിൽപനക്ക് പ്രദർശിപ്പിക്കുന്നത്. കൂടാതെ ഇത്തരം മാർക്കറ്റുകളിൽ വിദേശ തൊഴിലാളികൾ വ്യക്തിശുചിത്വവും ആരോഗ്യ വ്യവസ്ഥകളും പാലിക്കുന്നുമില്ല. വിൽക്കുകയും വിൽപനക്ക് പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും വഴിവാണിഭക്കാരെ തടയാനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് റെയ്ഡുകൾ തുടരുമെന്നും എൻജിനീയർ അബ്ദുല്ല അൽഖുഥാമി പറഞ്ഞു. 


 

Tags

Latest News