Sorry, you need to enable JavaScript to visit this website.

അവര്‍ ശുഹദാക്കള്‍; സൗദിയില്‍ മാര്‍ച്ച് രണ്ട് ഇനി ആരോഗ്യ രക്തസാക്ഷി ദിനം

റിയാദ് - സൗദിയില്‍ ആദ്യമായി കോവിഡ് ബാധ കണ്ടെത്തിയ മാര്‍ച്ച് രണ്ടിന് എല്ലാ വര്‍ഷവും 'ആരോഗ്യ രക്തസാക്ഷി' ദിനമായി ആചരിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. 2020 മാര്‍ച്ച് രണ്ടിനാണ് സൗദിയില്‍ ആദ്യ കൊറോണ കേസ് കണ്ടെത്തിയത്. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി രാജ്യത്ത് എത്തിയ സൗദി പൗരനായിരുന്നു രോഗബാധ.  കിംഗ് ഫഹദ് കോസ്‌വേ വഴി ബഹ്‌റൈനില്‍ നിന്ന് സൗദിയില്‍ പ്രവേശിക്കുമ്പോള്‍ താന്‍ ഇറാന്‍ സന്ദര്‍ശിച്ച വിവരം സൗദി പൗരന്‍ വെളിപ്പെടുത്തിയിരുന്നില്ല. മേഖലയില്‍ ഏറ്റവുമാദ്യം അനിയന്ത്രിതമായ കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്തത് ഇറാനിലായിരുന്നു.

സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന് 'ആരോഗ്യ രക്തസാക്ഷികള്‍' വഹിച്ച പങ്കിന്റെ പ്രാധാന്യവും അവര്‍ നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളും കണക്കിലെടുത്തും അവരുടെ ഓര്‍മ അനശ്വരമായി നിലനിര്‍ത്താനുമാണ് മാര്‍ച്ച് രണ്ട് 'ആരോഗ്യ രക്തസാക്ഷി' ദിനമായി ആചരിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.
കൊറോണ ബാധിച്ച് സൗദിയില്‍ 186 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതുവരെ മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ കൊറോണ ബാധിച്ച് മരിച്ചവരുടെ മാത്രം കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. ഇക്കൂട്ടത്തില്‍ 35 പേര്‍ സ്വദേശികളാണ്. ഇതില്‍ 27 പേര്‍ പുരുഷന്മാരും എട്ടു പേര്‍ വനിതകളുമാണ്. 34 ഈജിപ്തുകാരും 29 ഫിലിപ്പിനോകളും 25 ബംഗ്ലാദേശുകാരും 16 ഇന്ത്യക്കാരും 15 സുഡാനികളും 11 സിറിയക്കാരും എട്ടു പാക്കിസ്ഥാനികളും മൂന്നു ജോര്‍ദാനികളും മൂന്നു യെമനികളും രണ്ടു തുര്‍ക്കികളും രണ്ടു അമേരിക്കക്കാരും ഒരു ഫസ്തീനിയും ഒരു സുഡാനിയും കൊറോണ വൈറസ് പിടിപെട്ട് മരിച്ചു.

 

Latest News