തെരഞ്ഞെടുപ്പിന് കേന്ദ്രസേന എത്തിത്തുടങ്ങി, കണ്ണൂരില്‍ റൂട്ട് മാര്‍ച്ച്

കണ്ണൂര്‍- നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂര്‍ ജില്ലയിലെത്തിയ കേന്ദ്ര സേനാംഗങ്ങള്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍  ആര്‍. ഇളങ്കോ നിര്‍ദ്ദേശങ്ങള്‍ നല്‍കി. തെരഞ്ഞെടുപ്പ് സമയത്ത് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അഞ്ചു കമ്പനി കേന്ദ്രസേനയാണ് കണ്ണൂരിലെത്തിയത്. ഇവര്‍ കണ്ണൂര്‍ സിറ്റി, റൂറല്‍ പോലീസ് ഡിവിഷനു കീഴിലെ വിവിധ പ്രദേശങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി വരികയാണ്. രാഷ്ട്രീയ അക്രമങ്ങളുണ്ടായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളുടെ നിര്‍ദ്ദേശപ്രകാരം റൂട്ട് മാര്‍ച്ച് നടത്തിയത്. തളിപ്പറമ്പ്, കല്യാശ്ശേരി മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.
കണ്ണൂര്‍ ചാല ചിന്മയ മിഷന്‍ സ്കൂളില്‍ ക്യാമ്പുചെയ്യുന്ന കേന്ദ്ര സേനയ്ക്ക് അവിടെയെത്തിയാണ് സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

 

Latest News