Sorry, you need to enable JavaScript to visit this website.

കൂട്ടായ്മയിലൊരു കുടിൽ: എടത്തനാട്ടുകരയിൽ  സേവനത്തിന്റെ മറുകര 

പാലക്കാട് എടത്തനാട്ടുകര ചാരിറ്റബിൾ ട്രസ്റ്റ് സാരഥികൾ 


വിദ്യാഭ്യാസപരവും സാമൂഹ്യവുമായ മാറ്റത്തിന്റെ ചരിത്രത്തിൽ തിളങ്ങുന്ന നാമധേയമാണ് പാലക്കാട് ജില്ലയിൽ എടത്തനാട്ടുകര എന്ന പ്രദേശം.
ഔചിത്യപൂർണവും നവോത്ഥാനപരവുമായ പ്രവർത്തനത്തിലൂടെയാണ്   ഈ നാട് കൂടുതൽ ശ്രദ്ധേയമായത്. സ്ത്രീകളെയും പുരുഷൻമാരെയും വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കാനും, ആ പുരോഗമന ചിന്തകളിലൂടെ പിൽക്കാലതലമുറകളിലേക്ക് പരിവർത്തനം പകരുവാനും, കാലികമായ പ്രതിസന്ധികളിൽ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് ജീവകാരുണ്യത്തിന്റെ ജനകീയവൽക്കരണവും സംസ്‌കരണ-നവീകരണ പ്രവർത്തനങ്ങളും ഊർജിതപ്പെടുത്തുന്നതിനുമായി പരിശ്രമിച്ച ഇതുപോലൊരു നാട്, മലപ്പുറം ജില്ലയിൽ അരീക്കോടും പാലക്കാട് ജില്ലയിൽ എടത്തനാട്ടുകരയും മാത്രമായിരിക്കുമെന്ന് തോന്നുന്നു. 
വിദ്യാഭ്യാസ-തൊഴിൽ പുരോഗതി മാത്രമല്ല ഇവിടുത്തെ സവിശേഷത,സമാധാന പൂർണമായൊരു ഗ്രാമ ജീവിതത്തെ കൂടി ഈ മലനാട് അടയാളപ്പെടുത്തുന്നു. എടത്തനാട്ടുകരയിൽ ഇന്നും സജീവമായി രംഗത്തുള്ള കർമകേന്ദ്രവും പ്രവർത്തകസംഘവും എടത്തനാട്ടുകര ചാരിറ്റബിൾ ട്രസ്റ്റാണ്. ആദ്യം മൂന്നുസെന്റ് സ്ഥലം,പിന്നെ അതിലൊരു വീട്,തികച്ചും നിർധനരായ ഒരു കുടുംബത്തെ കണ്ടെത്തി വീടിന്റെ താക്കോൽദാനം, ഇതാണ് എടത്തനാട്ടുകര ചാരിറ്റബിൾ ട്രസ്റ്റിന്റെ പതിവ് പ്രവർത്തന രീതി.
അബ്ദുറഊഫ് പ്രസിഡന്റും അബ്ദുസ്സമദ് സെക്രട്ടറിയുമായ 14 അംഗ ട്രസ്റ്റാണ് ഓരോ പദ്ധതിക്കും സാധ്യമായ വിഹിതം ഏറ്റെടുക്കുന്നത്. കൂടാതെ സുമനസ്സുകളുടെ കാരുണ്യവും.
ഒരു സെന്റ് പോലും ഭൂമിയില്ലാത്ത, ആരോരും സഹായിക്കാനില്ലാത്തവരെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുന്നത്.
ഒമ്പത് വീടുകൾ ഈ വിധത്തിൽ പൂർത്തിയാക്കി. ജീവകാരുണ്യം സൂക്ഷ്മവും സുതാര്യവും അർഹവുമായ രീതിയിൽ ദിശ നിർണയിക്കാനായതാണ് ട്രസ്റ്റിന്റെ ആത്യന്തികമായ പ്രവർത്തനസാഫല്യം. 'കൂട്ടായ്മയിൽ ഒരു കുടിൽ' എന്ന കർമപദ്ധതിയുടെ രൂപീകരണത്തോടെയാണ് ഈ ജനകീയ വിപ്ലവം തുടങ്ങിവച്ചത്. 
വീടില്ലാത്തവർക്ക് സുരക്ഷിതമായൊരു പാർപ്പിടമൊരുക്കുക , ദൈനംദിന ജീവിത ചെലവുകൾക്കിടയിൽ അത്യാവശ്യകാര്യങ്ങൾക്ക് പോലും പണം  കടം കിട്ടാതെ വിഷമിക്കുന്നവർക്ക് അവരുടെ പ്രയാസം ലഘൂകരിച്ച് സാമ്പത്തിക നിർവഹണച്ചുമതല ഏറ്റെടുക്കുക,  ക്ലേശപൂർണമായ ജീവിതനേരങ്ങളിൽ സഹകരണത്തിന്റെയും സഹായത്തിന്റെയും കരങ്ങൾ ഉറപ്പുവരുത്തുക ഇതെല്ലാമാണ് ട്രസ്റ്റ് ഏറ്റെടുത്ത കർമ്മപദ്ധതി. ദാരിദ്ര്യത്തിന്റെയും വട്ടിപ്പലിശയുടെയും ഭൂതകാലം  പരിശോധിക്കുമ്പോൾ  പലിശ രഹിത സമൂഹത്തിന്റെയും, സ്വാശ്രയത്വത്തിന്റെയും മേൻമയായി പുതിയ മാറ്റം സാക്ഷാത്ക്കരിച്ചതിനു പിന്നിൽ എടത്തനാട്ടുകര ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയുടെ പങ്ക് ചെറുതല്ല എന്നു കാണാം. പുതിയ ദിശാസങ്കൽപ്പത്തോടെയുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക്  നല്ല മനുഷ്യരുടെ ഹൃദയലാവണ്യം അനിവാര്യമാണ്. 
ആ നിലയ്ക്ക് അങ്ങനെയുള്ള ഒരു ധാരണയിലേക്ക് നാട്ടുകാരെ കൊണ്ടുവരാനുള്ള അർത്ഥപൂർണ്ണമായ ശ്രമങ്ങളായിരുന്നു എടത്തനാട്ടുകര ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദ്യ നീക്കം. നാടിന്റെ നാനാ ഭാഗത്തുനിന്നുമുള്ള  നിരാലംബർ പുതിയ പ്രതീക്ഷയും, കരുതലും, തേടി ഒരു വീടിനായി ഈ ട്രസ്റ്റിനെ സമീപിച്ചു കൊണ്ടിരുന്നു. സാർത്ഥകമാക്കേണ്ടുന്ന ഈ ചുവടുകൾ  സമാനസ്വഭാവമുള്ളവരെ  സംഘടിപ്പിക്കാൻ പ്രേരണയും പ്രചോദനവുമായി മാറി. അങ്ങനെ നിസ്വാർഥരുടെ ഇടപെടലുകൾ ഗുണപരമായി ഭവിച്ചു.
ഏതൊരു പാവപ്പെട്ട കുടുംബത്തെയും കഠിനമായ ജീവിതാവസ്ഥയിലേക്ക്  വലിച്ചെറിയപ്പെടാതിരിക്കാനുള്ള കരുതൽ ഈ കൂട്ടായ്മക്കുണ്ടായി. ട്രസ്റ്റിന്റെ പ്രവർത്തനപന്ഥാവിലെ മറ്റൊരു നാഴികകല്ലാണ് 'പലിശ രഹിത നിധി'.
സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവുമായി  ചൈതന്യത്തിന്റെ പ്രഭ സമൂഹത്തിലേക്ക് പ്രസരിപ്പിക്കാൻ  ചെറുതെങ്കിലും ഈ സംരംഭം സഹായകമായിട്ടുണ്ട്. പലിശ രഹിത ബാങ്കിങ് സംവിധാനങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവക്ക് വഴിവെക്കുന്ന  ക്രമീകരണങ്ങളെ കുറിച്ച് ആഗോള വ്യാപകമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ്, പലിശ രഹിത വായ്പാ പദ്ധതിയുടെ പുതിയ മുഖം ദാറുസ്സലാം യൂണിറ്റ്  മുന്നോട്ടുവച്ചത്. അലനല്ലൂർ പഞ്ചായത്തിൽ 10 വാർഡുകൾ ഉൾക്കൊള്ളുന്ന വിശാലമായ പ്രദേശമാണ് എടത്തനാട്ടുകര. പ്രദേശവാസികളുടെ സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലകളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തന പദ്ധതികൾ നടപ്പിലാക്കി വരുന്നതിൽ ഈ കൂട്ടായ്മയും സന്നദ്ധമാണ്. സമൂഹത്തിന്റെ ഐക്യത്തിനും സാമ്പത്തിക സന്തുലിതാവസ്ഥക്കും ഒരുപോലെ പരിക്കേൽപ്പിക്കുന്നതാണ് പലിശാധിഷ്ഠിത ഇടപാടുകൾ.
നൂറോളം മെമ്പർമാരിൽ നിന്ന് സ്വരൂപിക്കുന്ന ചെറുതും വലുതുമായ വരിസംഖ്യയും ഷെയറുമാണ് പദ്ധതിയുടെ മൂലധനം. നിധി ഉപയോഗപ്പെടുത്തുന്നതിൽ ഭൂരിപക്ഷവും ദരിദ്രരും പട്ടിണിപ്പാവങ്ങളുമാണ്. പദ്ധതിയിൽ പണം നിക്ഷേപിച്ചവർക്ക് ഉചിതമായ സംതൃപ്തി പകരുന്നതാണ് ഈ പലിശരഹിത നിധി. 
പലിശരഹിത ഇടപാടുകളുടെ സാധ്യതകളെ ചോദ്യം ചെയ്യുന്നവർക്കുള്ള ഉറച്ച മറുപടിയായി സമൂഹമധ്യേ എടുത്തുപറയേണ്ട ഒന്നാണിത്. 
ഈ ട്രസ്റ്റിനു കീഴിൽ നടന്നുവരുന്ന ഇത്തരം പദ്ധതികൾ എല്ലാ മഹല്ലുകളിലും കാര്യക്ഷമമായി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ കൂടെയുണ്ടായാൽ സമൂഹത്തിൽ പലിശരഹിത സമൂഹത്തെ രൂപപ്പെടുത്താനും ആശയറ്റവർക്ക് കൂടൊരുക്കാനും സഹായകമാകുമെന്ന് ഉറപ്പാണ്. 
ട്രസ്റ്റ് പ്രവർത്തനത്തെ ഓരോന്നായി വേർതിരിച്ച് ഓരോ ഘടകത്തിനും ഒരു പൊതു കൺവീനറെ നിശ്ചയിച്ച് സാമ്പത്തിക ശുദ്ധീകരണത്തിന് പ്രാമുഖ്യം കൽപിച്ച്, കാലോചിതമായ പ്രവർത്തന രീതികളിലൂടെയാണ് ഇവർ മുന്നോട്ടു പോകുന്നത്. 
അബൂബക്കർ. പി, അബൂബക്കർ. കെ, ഹംസ. പി., അബ്ദുൽ കരീം. പി, അലവിക്കുട്ടി.കെ.കെ,വി. മുഹമ്മദ് മൗലവി,അക്ബർ അലി. പി, ഷാജഹാൻ എ.പി, യൂനുസ് സലീം.കെ, അബ്ദുറഷീദ്.സി, സക്കീർ ഹുസൈൻ.സി, അബ്ദുള്ള. കെ എന്നിവരാണ് കനിവിന്റെ മറുവാക്കായി മാറിയ എടത്തനാട്ടുകര ചാരിറ്റബിൾ ട്രസ്റ്റിന്റെ സാരഥികൾ.

 

 

 

Latest News