Sorry, you need to enable JavaScript to visit this website.

വേണം, സ്ഥാനാർത്ഥിനിർണയത്തിലും ജനകീയ ഇടപെടൽ  


പ്രതീക്ഷിച്ചതിനു മുന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത് പ്രധാന മുന്നണികളേയും പാർട്ടികളേയും അങ്കലാപ്പിലാക്കിയെന്നാണ് വാർത്ത. ഏതാനും ദിവസം കൂടി കഴിഞ്ഞേ പ്രഖ്യാപനമുണ്ടാകൂ എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. മാത്രമല്ല കുറെക്കൂടി ദിവസങ്ങൾ പ്രചാരണത്തിനു കിട്ടുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ വളരെ കുറച്ചുദിവസമാണ് എല്ലാ തയ്യാറെടുപ്പുകൾക്കുമായി അവശേഷിക്കുന്നത്. മുന്നണികളുടെ സീറ്റുവിഭജന തർക്കങ്ങൾ പോലും പൂർത്തിയായിട്ടില്ല. അതിനുശേഷം വേണം സ്ഥാനാർത്ഥി നിർണ്ണയത്തിലേക്കു കടക്കാൻ. അതെല്ലാം ഉണ്ടാക്കാൻ പോകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും സമയം വേണം. 
ഇത്തരമൊരു സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഒരിടപെടൽ അനിവാര്യമാകുന്നത്. നിരന്തരമായി നമ്മൾ കേൾക്കുന്ന ഒരു വാചകമാണ്, സ്ഥാനാർത്ഥികളെ പാർട്ടി തീരുമാനിക്കുമെന്ന്. അക്കാര്യത്തിൽ എല്ലാ പാർട്ടിക്കാരും ഒറ്റക്കെട്ടാണ്. അതുപറയുമ്പോൾ സ്ഥാനാർത്ഥിമോഹികൾക്കെല്ലാം എന്തൊരു വിനയമാണ്. വാസ്തവത്തിൽ ജനാധിപത്യ സംവിധാനത്തിൽ എത്രയോ കാലഹരണപ്പെട്ട വാചകമാണത്. 


സ്ഥാനാർത്ഥികളിൽ നിന്നു വിജയികളെ മാത്രമല്ല, സ്ഥാനാർത്ഥികളെ തന്നെ തീരുമാനിക്കുന്നതിൽ ജനങ്ങൾക്കു പങ്കാളിത്തം വേണം. അത്തരമൊരവസ്ഥയിലേക്ക് ജനാധിപത്യം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വ്യത്യസ്തമായ രീതിയിലാണെങ്കിലും അമേരിക്കയിൽ പോലും അതുണ്ടല്ലോ. ഞങ്ങളുടെ സ്ഥാനാർത്ഥികളെ ഞങ്ങൾ തീരുമാനിക്കും എന്ന നിലപാട് പാർട്ടികൾ കൈയൊഴിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം ജനാധിപത്യമെന്നത് ഒരു നിശ്ചലമായ ഒന്നല്ല. ഓരോ നിമിഷവും ചലനാത്മകമാണ്. അങ്ങനെ ആകണം എന്നതുതന്നെ.
വാസ്തവത്തിൽ എല്ലാവർക്കും ഭരണത്തിൽ തുല്യമായ പങ്കാളിത്തം ലഭിക്കുമ്പോഴാണ് ജനാധിപത്യം പൂർണ്ണമാകുക. അതുപക്ഷെ പ്രായോഗികമല്ലല്ലോ. അതിനാലാണ് കുറെ പേർക്കായി ഒരു പ്രതിനിധി ആവശ്യമായി വരുന്നത്. തീർച്ചയായും പ്രതിനിധിക്കു പുറകിൽ കുറെ ആശയങ്ങളും അതുപോലെ ചിന്തിക്കുന്നവരുടെ ഒരു കൂട്ടായ്മയും ഉണ്ടാകും. അതാണല്ലോ ഇവിടെ പാർട്ടി.

 

എന്നാൽ നമ്മൾ തെരഞ്ഞെടുക്കുന്നത് നേരിട്ട് പാർട്ടിയെയല്ല. പാർട്ടിയും വ്യക്തിയും ചേർന്ന ഒന്നിനെയാണ്. രണ്ടിനും പ്രാധാന്യമുണ്ട്. അല്ലെങ്കിൽ പാർട്ടി ചിഹ്നങ്ങൾക്ക് വോട്ടുചെയ്ത്, വോട്ടിനനുസരിച്ച് പ്രതിനിധികളെ പാർട്ടികൾ നോമിനേറ്റ് ചെയ്താൽ മതിയല്ലോ. ഇത്തരമൊരു സാഹചര്യത്തിലാണ് വ്യക്തികൾക്ക് പ്രാധാന്യം വരുന്നത്. അതിനാൽ തന്നെ ആ വ്യക്തികളെ തെരഞ്ഞെടുക്കുന്നതിലും വോട്ടർമാർക്ക് അവസരം ആവശ്യമാണ്. അതിനുള്ള സംവിധാനം പാർട്ടികൾ തയ്യാറാക്കേണ്ടത്. ഈ ഘട്ടത്തിൽ ചുരുങ്ങിയ പക്ഷം ജനങ്ങളോട് അഭിപ്രായം ചോദിക്കാനെങ്കിലും പാർട്ടികൾ തയ്യാറാകണം.
മുകളിൽ സൂചിപ്പിച്ചപോലെ ജനാധിപത്യം കൂടുതൽ തെളിമയോടെ മുന്നോട്ടുപോകുന്നതിനെ കുറിച്ചാണ് ഈയവസരത്തിൽ ചർച്ച ചെയ്യേണ്ടത്. അതിന് ഏറ്റവും അനുയോജ്യം തെരഞ്ഞെടുപ്പുവേളതന്നെയാണ്. സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള സങ്കൽപ്പങ്ങളിൽ ഉടച്ചുവാർക്കൽ അനിവാര്യമാണ്. അതിനായി ജനാധിപത്യത്തിന്റെ സവിശേഷതകളെ കുറിച്ച് പ്രാഥമിക അറിവെങ്കിലും ആവശ്യമാണ്. ലോകം ഇന്നോളം കണ്ട ഏറ്റവും വലിയ സാമൂഹ്യവിപ്ലവം തന്നെയാണ് ജനാധിപത്യം. അതുവരേയും ഒരു ചെറിയ വിഭാഗത്തിൽ കേന്ദ്രീകരിച്ചിരുന്ന, മിക്കപ്പോഴും തലമുറകളിലൂടെ കൈമാറിയിരുന്ന ഒന്നായിരുന്നല്ലോ അധികാരം. ജനങ്ങൾ അവിടെ വെറും പ്രജകൾ ആയിരുന്നു. നിരവധി സാമൂഹ്യചലനങ്ങളിലൂടേയും വിപ്ലവങ്ങളിലൂടേയും കടന്നപോയാണ് ജനാധിപത്യം എന്ന സംവിധാനം നിലവിൽ വന്നത്. അതോടെ തത്ത്വത്തിലെങ്കിലും ജനങ്ങളെല്ലാം ഭരണാധികാരികളായി. 


അവരുടെ പ്രതിനിധികളെ അവർ തന്നെ തെരഞ്ഞെടുക്കാൻ തുടങ്ങി.. പ്രജകളിൽ നിന്ന് പൗരൻമാരിലേക്കുള്ള മാറ്റം. അതാണ് ലോകം കണ്ട ഏറ്റവും വലിയ സാമൂഹ്യവിപ്ലവം എന്നു പറയാം. ആ ദിശയിൽ പരിശോധിച്ചാൽ അതിനു മുമ്പുള്ള സാമൂഹ്യസംവിധാനങ്ങളേക്കാൾ മാത്രമല്ല, അതിനുശേഷം രൂപം കൊണ്ട സോഷ്യലിസ്റ്റ് സംവിധാനത്തേക്കാൾ പുരോഗമനപരമാണ് ജനാധിപത്യം എന്നു പറയാം. കാരണം സോഷ്യലിസത്തിൽ ഏതൊരു പൗരനും അധികാരത്തിലെത്താനുള്ള സാധ്യത അടഞ്ഞിരുന്നു. ഏകപാർട്ടി സംവിധാനത്തിലൂടേയും ജനാധിപത്യകേന്ദ്രീകരണത്തിലൂടേയും അത് ഒരു വ്യക്തിയിലോ ഏതാനും വ്യക്തികളിലോ കേന്ദ്രീകരിക്കുകയായിരുന്നു എന്നതുതന്നെ.


അതേസമയം ജനാധിപത്യത്തിൽ ജനങ്ങളിലേക്ക് അധികാരമെത്തുക എന്നത് തത്വത്തിൽ ശരിയായിരുന്നെങ്കിലും പ്രായോഗികമായി നടന്നില്ല എന്ന് സമ്മതിച്ചേ പറ്റൂ. അതിന്റെ തെളിവ് സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ചരിത്രം തന്നെ പറയും. ഏതു നിമിഷവും നഷ്ടപ്പെടാവുന്ന ഒന്നാണ് ഇന്ത്യൻ ജനാധിപത്യം എന്ന് അടിയന്തരാവസ്ഥ കാലത്തു തെളിഞ്ഞതു മാത്രമല്ല പ്രശ്‌നം. ഇന്നോളം നമ്മെ ഭരിച്ചവർ ഏതു പാർട്ടിക്കാരായിരുന്നാലും ആത്യന്തികമായി ആരുടെ പ്രതിനിധികളായിരുന്നു എന്നു പരിശോധനയിൽ കാര്യങ്ങൾ ബോധ്യമാകും. ഇന്ത്യയുടെ അധികാരഘടനയെ നൂറ്റാണ്ടുകളായി നിയന്ത്രിച്ചിരുന്ന മനുസ്മൃതിയുടെ മൂല്യങ്ങൾ നഷ്ടപ്പെടാത്ത രീതിയിൽ തന്നെയാണ് പിന്നീടും ഭരണാധികാരികൾ തെരഞ്ഞെടുക്കപ്പെട്ടത്. സവർണ്ണ - പുരുഷ മൂല്യങ്ങൾ തന്നെയായിരുന്നു ഏറെക്കുറെ അവരെ നയിച്ചിരുന്നത്. കൂടാതെ കോർപ്പറേറ്റ് താൽപ്പര്യങ്ങളും. ബാബറി മസ്ജിദ് തകർത്തതും വംശീയകൊലകളും വനിതാസംവരണനിയമം പാസാക്കാത്തതും മുന്നോക്കസംവരണവുമൊക്കെ അതിന്റെ ദൃഷ്ടാന്തങ്ങൾ.  സംവരണവും മണ്ഡൽ കമ്മീഷനും വിവരാവകാശ നിയമവും സേവനാവകാശനിയമവുമൊക്കെ ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഉദാഹരണങ്ങൾ തന്നെയാണ്.


ഇത്തരമൊരു സാഹചര്യത്തിൽ ജനാധിപത്യത്തിലേക്കുള്ള മാറ്റം അതിന്റെ പ്രാരംഭദശയിൽ മാത്രമാണെന്നു വ്യക്തം. ഇതേസംവിധാനത്തിലൂടെ തന്നെയാണല്ലോ വർഗ്ഗീയഫാസിസ്റ്റുകളും ഭരണത്തിലെത്തുന്നത്. അതേസമയം നമുക്ക് ഒരു തിരിഞ്ഞുപോക്ക് അസാധ്യമാണ്. നിരന്തരമായ നവീകരണത്തിലൂടെ ഈ സംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകുക മാത്രമാണ് പോംവഴി. അവിടെയാണ് സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെ പ്രസക്തി. അതാകട്ടെ ഇന്നോളം അധികാരത്തിൽ നിന്നു പുറത്തുനിർത്തപ്പെട്ടവരെ അവിടേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കണം. അവിടെയാണ് മൂന്നിലൊന്നെങ്കിലും സീറ്റുകൾ സ്ത്രീകൾക്ക് നൽകുക, ലിംഗന്യൂനപക്ഷങ്ങൾക്കും സീറ്റുനൽകുക, ജനറൽ സീറ്റുകളിലും ദളിത്, ആദിവാസി വിഭാഗങ്ങളെ മത്സരിപ്പിക്കുക, രണ്ടുതവണ പ്രതിനിധികളായവരെ ഒഴിവാക്കുക, സ്ഥാനാർത്ഥികലിൽ ഭൂരിഭാഗവും ചെറുപ്പക്കാരാകുക തുടങ്ങിയ ആവശ്യങ്ങൾ പ്രസക്തമാകുന്നത്. മാത്രമല്ല ക്രിമിനലുകളേയും അഴിമതി ആരോപിതരേയും ഒഴിവാക്കണം. അത്തരത്തിലുള്ള ഇടപെടൽ നടത്താൻ ജനങ്ങൾക്ക് കഴിയുമ്പോൽ ജനാധിപത്യത്തിൽ ഒരുപടി നാം മുന്നോട്ടുപോകുകയാണ് എന്നുറപ്പ്. 


ഇതോടൊപ്പം തന്നെ പ്രധാനമാണ് തിരിച്ചുവിളിക്കാനുള്ള അധികാരവും. സാധാരണനിലയിൽ തെരഞ്ഞെടുപ്പുകഴിഞ്ഞാൽ അഞ്ചുവർഷം ജനപ്രതിനിധികളിൽ നമുക്ക് വലിയ നിയന്ത്രണമില്ല. അതുണ്ടാകണം. അതിനാണ് തിരിച്ചുവിളിക്കാനുള്ള അവകാശം. പ്രായോഗികമായി അതെങ്ങിനെ സാധ്യമാകും എന്ന ചോദ്യമുണ്ട്. പക്ഷെ അതിനുള്ള സംവിധാനം കണ്ടെത്തണം. കാലുമാറ്റ നിരോധനനിയമത്തിന്റെ തുടർച്ച തന്നെയാണത്. നിലവിലെ ജനാധിപത്യസംവിധാനത്തിൽ ഇത്തരത്തിലുള്ള കൂടുതൽ കൂടുതൽ ജനകീയ ഇടപെടലുകൾക്കുള്ള അവസരങ്ങൾക്കായാണ് ജനാധിപത്യവാദികൾ ഇപ്പോൾ ശബ്ദമുയർത്തേണ്ടത്. അതിനാലാണ് സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ ജനകീയ പങ്കാളിത്തം വേണമെന്നു പറയുന്നത്. 

Latest News