Sorry, you need to enable JavaScript to visit this website.

സൗദി വനിതകള്‍ ചമഞ്ഞ് വിദേശികള്‍; വിരലടയാളത്തിലൂടെ പിടിച്ചു

റിയാദ് - സൗദിവല്‍ക്കരണ തീരുമാനം ലംഘിച്ച് ലേഡീസ് ഷോപ്പുകളില്‍ ജോലി ചെയ്ത ഒരു കൂട്ടം വിദേശ വനിതകള്‍ ദക്ഷിണ റിയാദിലെ ഷോപ്പിംഗ് മാളില്‍ റിയാദ് പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ പരിശോധകര്‍ നടത്തിയ റെയ്ഡില്‍ പിടിയിലായി. സൗദി വനിതകള്‍ ചമഞ്ഞാണ് ഇവര്‍ ലേഡീസ് ഷോപ്പുകളില്‍ ജോലി ചെയ്തിരുന്നത്. വിരലടയാള പരിശോധനാ ഉപകരണം വഴിയാണ് ഇവര്‍ സൗദി വനിതകളല്ലെന്ന് കണ്ടെത്തിയത്. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു.
ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം ഷോപ്പിംഗ് മാളില്‍ പരിശോധന നടത്തിയതത്. അതിനിടെ സൗദിവല്‍ക്കരണ, വനിതാവല്‍ക്കരണ തീരുമാനങ്ങള്‍ ലംഘിച്ചതിന് 29 സ്ഥാപനങ്ങള്‍ അടപ്പിച്ചു. പത്തു ദിവസത്തിനിടെ റിയാദ് പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ഫീല്‍ഡ് പരിശോധകര്‍ നടത്തിയ റെയ്ഡുകളില്‍ 300 ഓളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി. പത്തു ദിവസത്തിനിടെ 2,500 ലേറെ സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധനകള്‍ നടത്തിയത്. തൊഴില്‍ നിയമങ്ങളും സൗദിവല്‍ക്കരണ തീരുമാനങ്ങളും കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍, ലേഡീസ് ഷോപ്പുകള്‍, മിഠായി കടകള്‍, ഉപഹാരങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും ഇലക്‌ട്രോണിക് സംവിധാനത്തില്‍ പരസ്പരം ബന്ധിപ്പിച്ചതിനാല്‍, ആള്‍മാറാട്ടം നടത്തിയും മറ്റും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ എളുപ്പത്തിലും വേഗത്തിലും തിരിച്ചറിയുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വിരലടയാള പരിശോധനയാണ് ആശ്രയിക്കുന്നത്.

 

Latest News