Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ട്രംപിന്റെ എച്ച്-1ബി വിസാ നിരോധനം നീക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ബൈഡൻ ഭരണകൂടം

ന്യൂയോര്‍ക്ക്- ട്രംപ് ഭരണകൂടം കൊണ്ടുവന്ന എച്ച്-1ബി വിസ നിരോധനം നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് യുഎസ്. ഈ വിഷയം ഇപ്പോൾ തങ്ങളുടെ മുൻഗണനയിൽ വരുന്നില്ലെന്നാണ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലെജാന്ത്രോ മായോർകാസ് പറയുന്നത്. ജനുവരി മാസത്തിൽ എച്ച്-1ബി വിസ നിരോധനം വീണ്ടും നീട്ടിയിരുന്നു. മാർച്ച് 31 വരെയാണ് ഈ നിരോധനം. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് വളരെ ഉയർന്നതാണെന്ന കാരണമാണ് നീട്ടുന്നതിന് ട്രംപ് മുമ്പോട്ടു വെച്ചത്.

മുസ്ലിം വിസ നിരോധനം, ഗ്രീൻ കാർഡുമായി ബന്ധപ്പെട്ടുള്ള മറ്റ് നിരോധനങ്ങൾ തുടങ്ങി ട്രംപ് ഭരണകൂടം നടപ്പാക്കിയ പിന്തിരിപ്പനെന്ന് വിലയിരുത്തപ്പെട്ട നിരവധി നയങ്ങൾ പിൻവലിക്കാൻ പുതിയ ജോ ബൈഡൻ ഭരണകൂടം തയ്യാറായിട്ടുണ്ട്. എന്നാൽ എച്ച്-1ബി വിസകളുടെ കാര്യത്തിൽ അത്തരമൊരു അടിയന്തിര പ്രാധാന്യമില്ലെന്ന തരത്തിലാണ് ബൈഡൻ ഭരണകൂടത്തിന്റെ പ്രതികരണം.

"മുൻ സർക്കാർ ചെയ്തുവെച്ച അബദ്ധങ്ങളിൽ നിന്നുള്ള വീണ്ടെടുപ്പിന് ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാനുണ്ട്. അവ ഒരു മുൻഗണനാക്രമത്തിൽ  ചെയ്തുകൊണ്ടിരിക്കുകയാണ്," അലെജാന്ത്രോ മായോർകാസ് ഒരു ചോദ്യത്തിന് മറുപടിയായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ നിരോധനം എന്ന് പിൻവലിക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതെസമയം 2021 ഒക്ടോബറിലേക്കുള്ള എച്ച്-1ബി വിസ അപ്ലിക്കേഷനുകൾ അനുവദിക്കുന്ന പ്രക്രിയയുമായി യുഎസ് സിറ്റിസൻഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് മുമ്പോട്ടു പോകുകയാണ്. 65,000 എച്ച്-1ബി വിസകൾ അനുവദിക്കാനുള്ള അപേക്ഷകൾ തങ്ങൾക്ക് ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞതായും ഈ ഓഫീസ് കഴിഞ്ഞമാസം പ്രസ്താവിച്ചിരുന്നു. കൂടാതെ, യുഎസ്സിൽ ഉന്നതപഠനം പൂർത്തിയാക്കിയ ഇരുപതിനായിരത്തോളം പേർക്കും എച്ച്-1ബി വിസ അനുവദിക്കുന്നതിനുള്ള അപേക്ഷകളും ലഭിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ അമേരിക്കക്കാർക്ക് തൊഴിൽ ലഭ്യത ഉറപ്പുവരുത്തണമെന്ന് പ്രഖ്യാപിച്ചാണ് അന്നത്തെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസയുടെ നിരോധനകാലാവധി നീട്ടിയത്. ഇതോടൊപ്പം ഗ്രീൻകാർഡ് അപേക്ഷകർ യുഎസ്സിലേക്ക് കടന്നുവരുന്നത് അദ്ദേഹം നിരോധിക്കുകയും ചെയ്തു.  

Latest News