സി.പി.എം-ബി.ജെ.പി ചർച്ച നേരത്തെയും നടന്നിട്ടുണ്ട്-കെ.സുരേന്ദ്രൻ

തൊടുപുഴ- സി.പി.എം-ആർ.എസ്.എസ്. സംഘർഷം തീർക്കാൻ നേരത്തെയും ചർച്ചകൾ നടന്നിട്ടുണ്ടെന്നും ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ച ഇപ്പോൾ വിവാദമാക്കുന്നത് കോൺഗ്രസാണെന്നും ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷങ്ങൾ ശക്തമായ കാലത്താണ് രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ഒരാൾ മുൻകൈയെടുത്തത്. പി. പരമേശ്വരനും ഇ.എം.എസും ചർച്ച നടത്തിയിട്ടുണ്ട്. കെ.ജി. മാരാരും ഇ.കെ. നയനാരും ചർച്ച നടത്തിയിട്ടുണ്ട്. രാഷ്ടീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ഇതിനും മുമ്പും ചർച്ച നടത്തിയിട്ടുണ്ടെന്നും കോൺഗ്രസിന്റെ ഇത്തരം കള്ളത്തരങ്ങൾ ജനങ്ങൾ മുഖവിലക്കെടുക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ നടന്നത് രഹസ്യ ചർച്ചയായിരുന്നില്ല. ശ്രീ എമ്മിന് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നും അതുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അക്കാര്യം പിണറായി വിജയനോട് ചോദിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിനെ ദൈവം വിചാരിച്ചാലും രക്ഷപ്പെടുത്താൻ സാധിക്കില്ല. കോൺഗ്രസിന്റെ ഭയമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. കോൺഗ്രസ് മതിഭ്രമത്തിലാണ്. അവരുടെ കാലിന് അടിയിൽ നിന്ന് മണ്ണൊലിച്ച് പോകുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Latest News