Sorry, you need to enable JavaScript to visit this website.

ദുബായിലെ നിയന്ത്രണങ്ങൾ  നോമ്പുകാലം വരെ 

ദുബൈയിൽ കർശന നിയന്ത്രണം റമദാൻ വരെ തുടരും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇ നടപ്പാക്കിവരുന്ന നിയന്ത്രണങ്ങൾ നോമ്പ് വരെ തുടരും. കോവിഡിനെ തുടർന്ന് ഫെബ്രുവരി തുടക്കത്തിലാണ് രാജ്യം കർശന നിയന്ത്രണത്തിലേക്ക് പോയത്. ഇത് റമദാൻ  ആരംഭിക്കുന്ന ഏപ്രിൽ പകുതി വരെ നീട്ടി.  ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ആണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.  നിയന്ത്രണങ്ങളുടെ ഭാഗമായി പബ്ബുകളും ബാറുകളും അടച്ചിടും. റസ്‌റ്റോറന്റുകൾക്കും  കഫേകൾക്കും പുലർച്ചെ ഒരുമണി വരെ പ്രവർത്തിക്കാനാണ് അനുമതി. മാൾ, ഹോട്ടൽ, പൂൾ, സ്വകാര്യ ബീച്ചുകൾ എന്നിവിടങ്ങളിൽ 70 ശതമാനം ആളുകൾക്കും പ്രവേശനം അനുവദിക്കുമ്പോൾ ഇൻഡോർ സ്ഥലങ്ങളായ സിനിമാ തിയേറ്ററുകൾ, സ്‌പോർട്‌സ് വേദികൾ എന്നിവിടങ്ങളിൽ ആകെ ശേഷിയുടെ 50 ശതമാനം പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യവും മറ്റു കണക്കുകളും സുരക്ഷാ നടപടികളും മുൻനിർത്തിയാണ് ഈ തീരുമാനം.

വൈറസിന്റെ വ്യാപനം തടയുവാൻ ഈ തീരുമാനം സഹായിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി. പ്രതിരോധ കുത്തിവയ്പ്പുകൾ തുടർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വൈറസുകളുടെ വ്യാപനം കുറയ്ക്കുവാൻ നിന്ത്രണങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ദുബായ് പോലീസിന്റെ കോൾ സെന്റർ 901 വഴിയോ അല്ലെങ്കിൽ സ്മാർട്ട് അപ്ലിക്കേഷനിലെ 'പോലീസ് ഐ' സേവനത്തിലൂടെയോ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 

Latest News