Sorry, you need to enable JavaScript to visit this website.

കേരളത്തിന് പ്രതീക്ഷ നൽകി കൊങ്കൺ പാതയിലെ വൈദ്യുതീകരണം ജൂണിൽ തീരും 

കൊങ്കൺ റെയിൽ പാതയിലെ വൈദ്യുതീകരണ പ്രവൃത്തി. 

കൊങ്കൺ റെയിൽ പാതയിലെ വൈദ്യുതീകരണ ജോലികൾ ജൂൺ മാസത്തോടെ പൂർത്തിയായേക്കും. 1000 കോടി മുതൽ മുടക്കിൽ 400 കിലോമീറ്റർ പാതയാണ് വൈദ്യുതീകരിക്കുന്നത്. തോക്കൂരിൽനിന്ന് ബിജൂരിലേക്കുള്ള വൈദ്യുതീകരണം 2019 ൽ പൂർത്തിയായി. ഇപ്പോൾ, കാർവാർ വരെ പണി ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. മാർച്ച് അവസാനത്തോടെ ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പണി പൂർത്തിയായ 105 കിലോമീറ്റർ പാത 2019 ൽ സുരക്ഷാ കമ്മീഷണർ പരിശോധിച്ചിരുന്നു. കാർവാർ വരെയുള്ള പണി പൂർത്തിയായാൽ സുരക്ഷ കമ്മീഷണറോട് വീണ്ടും പരിശോധന നടത്താൻ ആവശ്യപ്പെടും. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ഏറെ പ്രയോജനം ലഭിക്കുന്നതിനാൽ കൊങ്കൺ പാതയിലെ വൈദ്യുതീകരണത്തെ  പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള പാതയിൽ നിലവിൽ  മംഗളൂരുവിലെ തോക്കൂർ വരെ മാത്രമാണ് വൈദുതീകരണം പൂർത്തിയായിട്ടുള്ളത്. കൊങ്കണിലും കൂടി പ്രവൃത്തി പൂർത്തിയായാൽ വണ്ടികൾക്ക് സമയനിഷ്ഠ പാലിക്കുവാനും വേഗത്തിൽ യാത്രകൾ സാധ്യമാവുകയും ചെയ്യും. റെയിൽവേയ്ക്കും ചെലവുകൾ കുറയ്ക്കാനാവും. കൊങ്കൺ പാതയിലേക്ക് കയറണമെങ്കിൽ മംഗളൂരു സ്റ്റേഷനിൽനിന്ന് വൈദ്യുത എൻജിൻ മാറ്റി ഡീസൽ എൻജിൻ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. എൺപതിലധികം യാത്രാവണ്ടികളും ചരക്കുവണ്ടികളും ഇങ്ങനെ ഓടുന്നു. തീവണ്ടികൾക്ക് 300 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 1,500 ലിറ്റർ ഡീസൽ ആവശ്യമാണ്. ചരക്ക് വണ്ടികൾക്ക് ഇതിൽ കൂടുതലും വേണ്ടി വരുന്നു. എന്നാൽ വൈദ്യുതീകരണത്തോടെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം എൻജിൻ മാറ്റാനുള്ള സമയവും ലാഭിക്കാം. കൊങ്കണിന്റെ ഇരുഭാഗങ്ങളിലുള്ള സെൻട്രൽ റെയിൽവേയും പാലക്കാട് ഡിവിഷനിലും പൂർണ വൈദ്യുതീകരണം നടപ്പായിട്ടുണ്ട്. ചീഫ് ഇലക്ട്രിക്കൽ എൻജിനീയറുടെ മേൽനോട്ടത്തിലാണ് കൊങ്കണിലെ നിർമാണം നടക്കുന്നത്. രണ്ടു പ്രമുഖ കമ്പനികൾക്കാണ് കരാർ നൽകിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഒമ്പത് സബ്‌സ്റ്റേഷനുകളുടെ നിർമ്മാണവും നടന്നു വരുന്നുണ്ട്.  

Latest News